ഫലസ്തീന്‍ പ്രതിനിധികള്‍ക്ക് വിസ നിഷേധിച്ച യു.എസ് നടപടിക്കെതിരെ ഫ്രാന്‍സ്
World
ഫലസ്തീന്‍ പ്രതിനിധികള്‍ക്ക് വിസ നിഷേധിച്ച യു.എസ് നടപടിക്കെതിരെ ഫ്രാന്‍സ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th August 2025, 5:59 pm

കോപ്പന്‍ഹേഗന്‍: ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഫലസ്തീന്‍ അതോറിറ്റിയിലെ അംഗങ്ങള്‍ക്ക് വിസ നിഷേധിക്കാനുള്ള അമേരിക്കയുടെ തീരുമാനത്തിനെതിരെ ഫ്രാന്‍സിന്റെ വിദേശകാര്യ മന്ത്രി ജീന്‍-നോയല്‍ ബാരോട്ട്.

യു.എന്‍ പൊതുസഭായോഗത്തില്‍ പങ്കെടുക്കുന്നതിന് ആര്‍ക്കും യാതൊരു നിയന്ത്രണങ്ങളും ഉണ്ടാകരുതെന്ന് അദ്ദേഹം ഡെന്‍മാര്‍ക്കില്‍ വെച്ച് നടന്ന യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പറഞ്ഞു.

കോപ്പന്‍ഹേഗനിലെ യോഗത്തില്‍ പങ്കെടുത്ത മറ്റ് മന്ത്രിമാരും ഫലസ്തീന്‍ പ്രതിനിധി സംഘത്തിന് യു.എസിലേക്ക് പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാന്‍സിന്റെ നിലപാടിനെ പിന്തുണച്ചു.

ന്യൂയോര്‍ക്കില്‍ നടക്കുന്ന ലോക നേതാക്കളുടെ യോഗത്തില്‍ ഫലസ്തീനെ ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാന്‍ ഫ്രാന്‍സ് ആവശ്യപ്പെടാനിരിക്കെയാണ് വാഷിംഗ്ടണിന്റെ ഈ അസാധാരണ നടപടി.

അമേരിക്കന്‍ തീരുമാനം അന്താരാഷ്ട്ര നിയമങ്ങള്‍ക്കും യു.എന്‍ ആസ്ഥാന കരാറിനും വിരുദ്ധമാണെന്നും, അതിനാല്‍ ഈ തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്നും ഫലസ്തീന്‍ അതോറിറ്റി ആവശ്യപ്പെട്ടു.

ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് യു.എന്‍ യോഗത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചിരുന്നു.

ആതിഥേയത്വം വഹിക്കുന്ന രാജ്യമെന്ന നിലയില്‍, ലോക സഭയില്‍ പങ്കെടുക്കാന്‍ വരുന്ന ഉദ്യോഗസ്ഥര്‍ക്ക് വിസ നിഷേധിക്കാന്‍ അമേരിക്കയ്ക്ക് അനുവാദമില്ലെന്ന കരാര്‍ നിലവിലുണ്ട്. ഇതിനെതിരെയുള്ള അമേരിക്കയുടെ നടപടി വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

ഫലസ്തീന്‍ നേതാക്കളുടെ വിസ റദ്ദാക്കുന്നതായി അറിയിച്ച പ്രസ്താവനയില്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഒപ്പുവെച്ചെന്ന് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഒരു സാങ്കല്‍പ്പിക ഫലസ്തീന്‍ രാഷ്ട്രത്തിന്റെ ഏകപക്ഷീയമായ അംഗീകാരം ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ ഉപേക്ഷിക്കണമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഫലസ്തീന്‍ അതോറിറ്റിയോട് ആവശ്യപ്പെട്ടിരുന്നു.

അടുത്ത മാസം നടക്കുന്ന യു.എസ് പൊതുസഭയില്‍ ഫലസ്തീന്‍ നേതാക്കള്‍ സംസാരിക്കുന്നത് വിലക്കാനുള്ള ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായാണ് വിസ നിഷേധിച്ചതെന്ന ആരോപണവും ഉയര്‍ന്നിരുന്നു.

യു.എന്‍ പൊതുസഭയില്‍ ഫലസ്തീന്‍ നേതാക്കള്‍ സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം വേണമെന്ന ആവശ്യം സ്ഥിരമായി ഉന്നയിക്കാറുണ്ട്. ഇത് തടയുകയാണ് വിസ നിഷേധിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.

1988ല്‍ അന്നത്തെ പി.എല്‍.ഒ നേതാവ് യാസര്‍ അറഫാത്ത് ന്യൂയോര്‍ക്കിലേക്ക് വരുന്നത് അമേരിക്ക സമാന രീതിയില്‍ തടഞ്ഞിരുന്നു. ഇതേതുടര്‍ന്ന് ന്യൂയോര്‍ക്കില്‍ നടക്കേണ്ട ഉച്ചകോടി ജനീവയിലാണ് നടന്നത്.

Content Highlight: France opposes US decision to deny visas to Palestinian representatives