ജര്‍മനിക്കും ബ്രസീലിനും ശേഷം ചരിത്രം പിറന്നു; ലോകകപ്പില്‍ ഫ്രഞ്ച് വിപ്ലവം
FIFA World Cup 2026
ജര്‍മനിക്കും ബ്രസീലിനും ശേഷം ചരിത്രം പിറന്നു; ലോകകപ്പില്‍ ഫ്രഞ്ച് വിപ്ലവം
സുദേവ് എ
Friday, 10th July 2026, 10:07 am

2026 ഫിഫ ലോകകപ്പിന്റെ സെമി ഫൈനലിലേക്ക് മുന്നേറി ഫ്രാന്‍സ്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ആഫ്രിക്കന്‍ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയാണ് ഫ്രഞ്ച് പടയുടെ കുതിപ്പ്. തുടര്‍ച്ചയായ മൂന്നാം ലോകകപ്പ് സെമി ഫൈനല്‍ പോരാട്ടത്തിനാണ് ഫ്രാന്‍സ് യോഗ്യത നേടിയിരിക്കുന്നത്.

2018ല്‍ കിരീടം സ്വന്തമാക്കിയ ഫ്രാന്‍സ് 2022 ഖത്തര്‍ ലോകകപ്പില്‍ ഫൈനല്‍ വരെയും മുന്നേറിയിരുന്നു. ഇത്തവണയും സെമി ഫൈനല്‍ കടന്ന് മുന്നേറുകയാണ് ഫ്രഞ്ച് പട. ഹാട്രിക് സെമി ഫൈനല്‍ മുന്നേറ്റത്തോടെ ഒരു വമ്പന്‍ റെക്കോഡും ഫ്രാന്‍സ് സ്വന്തമാക്കി.

 

ലോകകപ്പില്‍ തുടര്‍ച്ചയായി മൂന്ന് തവണ സെമി ഫൈനലിന് യോഗ്യത നേടുന്ന മൂന്നാമത്തെ ടീമായി ഫ്രാന്‍സ് മാറി. ഇതിന് മുമ്പ് ജര്‍മനിയും ബ്രസീലും മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളൂ.

ജര്‍മനി 1966, 1970, 1974 എന്നീ ലോകകപ്പുകളില്‍ തുടര്‍ച്ചയായി സെമി ഫൈനല്‍ കളിച്ചു. പിന്നീട് 2002, 2006, 2010, 2014 ലോകകപ്പുകളിലും ആദ്യ നാലില്‍ ജര്‍മന്‍ പട ഇടം നേടി. ബ്രസീല്‍ 1970, 1974, 1978 എന്നീ ലോകകപ്പുകളിലും, 1994, 1998, 2002 എന്നീ വേള്‍ഡ് കപ്പിലും ഹാട്രിക് സെമി ഫൈനലുകള്‍ കളിച്ചു.

ബോസ്റ്റണ്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നായകന്‍ കിലിയന്‍ എംബാപ്പയുടെയും ഉസ്മാന്‍ ഡെംബലയുടെയും തകര്‍പ്പന്‍ ഗോളുകളുടെ കരുത്തിലാണ് ഫ്രഞ്ച് പട വിജയിച്ചു കയറിയത്. മത്സരം തുടങ്ങി 28ാം മിനിട്ടില്‍ ഫ്രാന്‍സിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചിരുന്നു.

എന്നാല്‍ ആ പെനാല്‍റ്റി കൃത്യമായി ലക്ഷ്യത്തിലെത്തിക്കാന്‍ എംബാപ്പെക്ക് സാധിച്ചില്ല. രണ്ടാം പകുതിയിലാണ് ഫ്രാന്‍സിന്റെ ഇരട്ട ഗോളുകള്‍ പിറന്നത്. 60ാം മിനിട്ടില്‍ എംബാപ്പെയാണ് ഫ്രാന്‍സിനായി ആദ്യം ലീഡ് നേടിയത്.

ആദ്യ പകുതിയില്‍ പെനാല്‍റ്റി നഷ്ടമാക്കിയെങ്കിലും താരം ഗോള്‍ നേടി തിരിച്ചുവരികയായിരുന്നു. ആദ്യ ഗോളിന്റെ ആവേശം അടങ്ങും മുമ്പേ ആറ് മിനിട്ടുകള്‍ക്ക് ശേഷം ഡെംബലയിലൂടെ ഫ്രാന്‍സ് വീണ്ടും വലകുലുക്കി മത്സരം പൂര്‍ണമായും സ്വന്തമാക്കി.

ജൂലൈ 15നാണ് ഫ്രാന്‍സിന്റെ സെമിഫൈനല്‍ പോരാട്ടം നടക്കുന്നത്. സ്‌പെയ്ന്‍- ബെല്‍ജിയം മത്സരത്തിലെ വിജയികളെ ആയിരിക്കും എംബാപ്പെയും സംഘവും നേരിടുക.

 

Content Highlight: France football team create a new history in world cup

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.