ഫാ. നോബിള്‍ തോമസ് വാഹനം ഇടിച്ച് തെറിപ്പിച്ച് നിര്‍ത്താതെ പോയി, ആശുപത്രിയില്‍ എത്തിച്ചത് നാട്ടുകാര്‍: അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികന്‍
Kerala
ഫാ. നോബിള്‍ തോമസ് വാഹനം ഇടിച്ച് തെറിപ്പിച്ച് നിര്‍ത്താതെ പോയി, ആശുപത്രിയില്‍ എത്തിച്ചത് നാട്ടുകാര്‍: അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st August 2025, 10:14 am

മാനന്തവാടി: സീറോ മലബാര്‍ സഭ മാനന്തവാടി രൂപത മുന്‍ പി.ആര്‍.ഒ ഫാ. നോബിള്‍ തോമസ് പാറക്കൽ വാഹനം ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പോയെന്നും വാഹനം പൊലീസാണ് തടഞ്ഞതെന്നും അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികൻ. സുഹൃത്തുമായി വരുമ്പോഴായിരുന്നു അപകടമെന്നും പരിക്കേറ്റവരെ നാട്ടുകാരാണ് ആശുപതിയിൽ എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. ന്യൂസ് മലയാളം ചാനലിനോടാണ് ബൈക്ക് യാത്രികൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

‘കളിക്കാൻ പോയി സുഹൃത്തുമായി തിരിച്ച് വരുമ്പോൾ കാർ പെട്ടെന്ന് വന്ന് വാഹനത്തിൽ ഇടിച്ചു. വാഹനം നിർത്താതെ പോയി. തൊട്ടടുത്തുണ്ടായ പൊലീസുകാർ വണ്ടി നിർത്തിച്ചു. കാലിന് ചെറിയ പൊട്ടലുണ്ടായിരുന്നു.

മദ്യപിച്ചിരുന്നുവെന്നാണ് പൊലീസുകാർ പറഞ്ഞത്. പിറ്റേ ദിവസം പൊലീസ് സ്റ്റേഷനിൽ എത്താൻ അറിയിച്ചിരുന്നെങ്കിലും പരാതിയില്ലെന്ന് പറഞ്ഞത് കൊണ്ട് പിന്നീട് പോയില്ല,’ ബൈക്ക് യാത്രികൻ പറഞ്ഞു.

നേരത്തെ, ഫാ. നോബിള്‍ തോമസ് പാറക്കലിനെതിരെ മദ്യപിച്ച് വാഹനമോടിച്ചതിന് ജൂലൈ 11ന് കേസെടുത്തിരുന്നു. സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷം കേസിന്റെ എഫ്.ഐ.ആർ പുറത്ത് വന്നിരുന്നു.

എന്നാൽ, എഫ്.ഐ.ആറിൽ അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിനാണ് കേസ് എടുത്തതെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്.

ബൈക്ക് ഇടിച്ച് തെറിപ്പിച്ച അപകടത്തിൽ കേസ് എടുത്തിട്ടിട്ടുണ്ടെന്ന് ബൈക്ക് യാത്രികൻ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഈ വിവരം ഒന്നും എഫ്.ഐ.ആറിൽ പോലീസ് ഉൾപ്പെടുത്തിയിരുന്നില്ല.

തനിക്കെതിരെ എഫ്.ഐ.ആർയുള്ളത് ഫാ. നോബിള്‍ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ എഫ്.ഐ.ആറില്‍ പരാമര്‍ശിക്കുന്ന തരത്തിലുള്ള ദുശീലം തനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലായിരുന്നു നോബിള്‍ വിശദീകരണവുമായി എത്തിയത്.

Content Highlight: Fr. Noble Thomas accused of causing an accident while drunk