നാല് കോടി വോട്ടര്‍മാരെ കാണാനില്ല , ഭുരിഭാഗവും ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നവര്‍;  യു.പിയിലെ എസ്. ഐ. ആര്‍ നടപടികളെ വിമര്‍ശിച്ച് യോഗി ആദിത്യനാഥ്
India
നാല് കോടി വോട്ടര്‍മാരെ കാണാനില്ല , ഭുരിഭാഗവും ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നവര്‍;  യു.പിയിലെ എസ്. ഐ. ആര്‍ നടപടികളെ വിമര്‍ശിച്ച് യോഗി ആദിത്യനാഥ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th December 2025, 5:54 pm

ലഖ്നൗ: യു.പിയിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് നാല് കോടി വോട്ടര്‍മാരെ കാണാനില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. ഇതില്‍ ഭൂരിപക്ഷവും ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നവരാണെന്നും പുതിയ സംസ്ഥാന അദ്ധ്യക്ഷന്റെ ആദ്യ ജോലി എസ്. ഐ. ആര്‍ പട്ടികയിലുള്‍പ്പെടാത്തവരെ കണ്ടെത്തലാണെന്നും അദ്ദേഹം പറഞ്ഞു.  ബി.ജെ.പി നേതാവ് പങ്കജ് ചൗധരിയെ പുതിയ സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിക്കുന്ന ചടങ്ങിലായിരുന്നു യോഗിയുടെ പ്രസ്താവന.

യു.പിയിലെ ആകെ ജനസംഖ്യ 25 കോടിയാണ് ഇതില്‍ 16 കോടിയാണ് വോട്ടവകാശമുള്ള പൗരന്മാര്‍. എന്നാല്‍ എസ്. ഐ. ആറില്‍ 12 കോടി പേരെ മാത്രമാണ് ചേര്‍ത്തിട്ടുള്ളത്. അടുത്ത 12 ദിവസത്തിനുള്ളില്‍ ബാക്കിയുള്ളവരെ പട്ടികയില്‍ ഉള്‍പ്പെടുത്തണം ഇതായിരുന്നു യോഗിയുടെ പ്രസ്താവന.

‘ബംഗാളില്‍ നിന്നുള്ള കുടിയേറ്റക്കാരെയെല്ലാം പ്രതിപക്ഷ പാര്‍ട്ടികള്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. ഇവരെ ഒഴിവാക്കാന്‍ എസ്.ഐ.ആര്‍ ഫോമുകള്‍ ഉപയോഗപ്പെടുത്തണം. വോട്ടര്‍ പട്ടികയില്‍ പുതിയ പേര് ചേര്‍ക്കല്‍, തെറ്റുതിരുത്തല്‍, ആക്ഷേപങ്ങള്‍ ഉന്നയിക്കല്‍ തുടങ്ങിയവയ്ക്കെല്ലാം ഇപ്പോള്‍ അവസരമുണ്ട്. കഠിനാധ്വാനം ചെയ്താല്‍ തെരഞ്ഞെടുപ്പിലെ പകുതി ജോലി പൂര്‍ത്തിയാക്കാം,’ യോഗി പ്രവര്‍ത്തകരോട് പറഞ്ഞു.

എന്നാല്‍ ഉത്തര്‍പ്രദേശില്‍ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ആവശ്യപ്പെട്ടത് പ്രകാരം എസ്.ഐ.ആര്‍ നടപടികള്‍ 15 ദിവസം കൂടി നീട്ടി നല്‍കിയിരുന്നു.

സന്യാസികളുടെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട തടസത്തെ തുടര്‍ന്നായിരുന്നു ബി. ജെ. പിക്ക് അനുകൂലമായ ഈ നടപടി. അയോധ്യ,വാരാണസി,മഥുര എന്നിവിടങ്ങളില്‍ സന്യാസിമാരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതില്‍ തടസ്സങ്ങളുണ്ടായിരുന്നു. പൂര്‍വ്വകാല ബന്ധങ്ങളോല്ലാം ഉപേക്ഷിച്ച സന്യാസിമാര്‍ എസ്.ഐ.ആര്‍ ഫോമിലെ അച്ഛന്‍,അമ്മ എന്നീ കോളങ്ങളില്‍ വ്യക്തത വരുത്താത്തതാണ് ബി.ജെ.പിയെ വെട്ടിലാക്കിയത്. വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്താനായി അമ്മയുടെ പേരായി രാമായണത്തിലെ സീതയുടെ പേരായ ‘ജാനകി’ എന്ന് ചേര്‍ത്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇതിന് പിന്നാലെയാണ് യോഗിയുടെ ഇത്തരത്തിലുള്ള പ്രസ്താവന.

 

Content Highlight: Four crore voters missing, majority of whom vote for BJP; Yogi Adityanath criticizes SIR measures in UP