ആദ്യകാല സി.പി.ഐ.എം നേതാവും മുന്‍മന്ത്രിയുമായ വി. വിശ്വനാഥ മേനോന്‍ അന്തരിച്ചു
kERALA NEWS
ആദ്യകാല സി.പി.ഐ.എം നേതാവും മുന്‍മന്ത്രിയുമായ വി. വിശ്വനാഥ മേനോന്‍ അന്തരിച്ചു
ന്യൂസ് ഡെസ്‌ക്
Friday, 3rd May 2019, 10:04 am

കൊച്ചി: ആദ്യകാല സി.പി.ഐ.എം നേതാവും മുന്‍ സംസ്ഥാന ധനമന്ത്രിയുമായ വി. വിശ്വനാഥ മേനോന്‍ (92) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

1987-ലെ നായനാര്‍ മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന വിശ്വനാഥ മേനോന്‍ രണ്ടുതവണ പാര്‍ലമെന്റ് അംഗവുമായിരുന്നു. 12 വര്‍ഷം എഫ്.എ.സി.ടി യൂണിയന്‍ പ്രസിഡന്റായിരുന്നു. 14 വര്‍ഷം ഇന്‍ഡല്‍ യൂണിയന്റെയും കൊച്ചി പോര്‍ട്ട് യൂണിയന്റെയും പ്രസിഡന്റായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സി.ഐ.ടി.യു അഖിലേന്ത്യാ വര്‍ക്കിങ് കമ്മിറ്റിയംഗമായിരുന്നു.

അഡ്വ. അമ്പാടി നാരായണ മേനോന്റെയും വടക്കൂട്ട് ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായി 1927 ജനുവരി 15-ന് എറണാകുളത്താണ് വിശ്വനാഥ മേനോന്‍ ജനിച്ചത്. എറണാകുളം ശ്രീരാമവര്‍മ സ്‌കൂളിലും മഹാരാജാസ് കോളേജിലും മുംബൈ ലോ കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഹൈക്കോടതിയിലും മറ്റു കോടതികളിലും അഭിഭാഷകനായിരുന്നു.

വിദ്യാര്‍ഥിയായിരിക്കെ സ്വാതന്ത്ര്യ സമരത്തിലും വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിലും സജീവമായിരുന്നു. അഖില കൊച്ചി വിദ്യാര്‍ഥി ഫെഡറേഷന്റെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിനാല്‍ ഒട്ടേറെത്തവണ അറസ്റ്റ് ചെയ്യപ്പെട്ടു. 1940-ല്‍ യുദ്ധസഹായ ഫണ്ടിന്റെ ധനശേഖരാണാര്‍ഥം ബ്രിട്ടന്റെ ‘യൂണിയന്‍ ജാക്’ പതാക വില്‍പ്പന എറണാകുളത്തെ സ്‌കൂളുകളില്‍ നടത്താന്‍ തീരുമാനിച്ചതിനെതിരായി പ്രവര്‍ത്തിച്ചു. ഇതേത്തുടര്‍ന്ന് 13-ാം വയസില്‍ ആദ്യമായി അറസ്റ്റ് ചെയ്യപ്പെട്ടു. 1946-ല്‍ ജവഹര്‍ലാല്‍ നെഹ്‌റുവിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് എറണാകുളത്ത് വിദ്യാര്‍ഥികള്‍ ഒന്നടങ്കം നടത്തിയ പ്രകടനത്തിനും തുടര്‍ന്ന് ഉത്തരവാദിത്ത ഭരണ ദിനാചരണത്തിനും നേതൃത്വം നല്‍കി . ഇതേത്തുടര്‍ന്നും അറസ്റ്റ് ചെയ്യപ്പെട്ടു.

1947-ലാണ് മഹാരാജാസ് കോളേജില്‍ ചേര്‍ന്നത്. അക്കാലത്ത് അമ്പാടി വിശ്വം എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. സ്വാതന്ത്ര്യദിനത്തില്‍ മഹാരാജാസ് കോളേജില്‍ ദേശീയ പതാകയ്‌ക്കൊപ്പം കൊച്ചി മഹാരാജാവിന്റെ പതാക കൂടി ഉയര്‍ത്തണം എന്ന സര്‍ക്കാര്‍ ഉത്തരവിനെ വെല്ലുവിളിച്ച് കൊച്ചി രാജാവിന്റെ പതാക വലിച്ചുകീറി കത്തിച്ചു. ഇതേത്തുടര്‍ന്ന് കൊച്ചി സര്‍വകലാശാലയില്‍ നിന്നും മഹാരാജാസ് കോളേജില്‍ നിന്നും പുറത്താക്കി. കൊച്ചി രാജാവ് പുറപ്പെടുവിച്ച ക്രിമിനല്‍ നടപടി ഭേദഗതി നിയമത്തിനെതിരായി അസംബ്ലി കൈയേറ്റക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. 1949-ല്‍ പുണെ ലോ കോളേജില്‍ ചേര്‍ന്നു. പിന്നീട മുംബൈ ലോ കോളേജിലേക്കു മാറി. 1945-ല്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി. കമ്യൂണിസ്റ്റ് പാര്‍ട്ടിയും വിദ്യാര്‍ഥി ഫെഡറേഷനും നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ നിരോധനം ലംഘിച്ച് എറണാകുളത്ത് വിദ്യാര്‍ഥിജാഥ നയിച്ചു. തുടര്‍ന്ന് ഒളിവില്‍ പോയി.

1950 ഫെബ്രുവരി 28-ന് ഇടപ്പളളി പൊലീസ് സ്‌റ്റേഷനില്‍ മര്‍ദ്ദനം അനുഭവിച്ചിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരുടെ രക്ഷയ്‌ക്കെത്തി പൊലീസുമായി ഏറ്റുമുട്ടി. തുടര്‍ന്ന് ഇടപ്പള്ളി പൊലീസ് സ്‌റ്റേഷന്‍ ആക്രമണക്കേസില്‍ പ്രതിയായി. 1950 ജൂലായ് 12-ന് ദല്‍ഹിയില്‍ അറസ്റ്റിലായി. ദല്‍ഹിയിലെ ജയിലില്‍ ഏകാന്ത തടവ് അനുഭവിച്ചു. ഇന്ത്യയിലെ വിവിധ ജയിലുകളില്‍ മാറിമാറിക്കിടന്ന് ഒടുവില്‍ ആലുവ ജയിലിലെത്തി. പിന്നീട് ഇടപ്പള്ളി കേസില്‍ നിരപരാധി എന്നുകണ്ട് കോടതി വിട്ടയച്ചു.

തുടര്‍ന്നു നിയമപഠനം പൂര്‍ത്തിയാക്കി അഭിഭാഷകനായി. 1956-ല്‍ എറണാകുളം മുനിസിപ്പല്‍ കൗണ്‍സില്‍ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. മട്ടാഞ്ചേരി, എറണാകുളം, ഫോര്‍ട്ടുകൊച്ചി എന്നീ പ്രദേശങ്ങള്‍ ചേര്‍ത്ത് കൊച്ചി നഗരസഭ ഉണ്ടാക്കണം എന്ന പ്രമേയത്തിന്റെ അവതാരകനായിരുന്നു. 1960-ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്തുനിന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു.

1964-ല്‍ പാര്‍ടി പിളര്‍ന്നപ്പോള്‍ സി.പി.ഐ.എമ്മില്‍ നിലകൊണ്ടു. 1964-ല്‍ ചൈനീസ് ചാരനെന്ന പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. 18 മാസം ജയിലില്‍ക്കഴിഞ്ഞു. 1967-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ നിന്ന് മുന്‍ കേന്ദ്രമന്ത്രി എ.എം തോമസിനെതിരെ സി.പി.ഐ.എം സ്ഥാനാര്‍ഥിയായി മല്‍സരിച്ച് വിജയിച്ചു. പാര്‍ലമെന്റിന്റെ പല പ്രധാന കമ്മിറ്റികളിലും അംഗമായിരുന്നു. കൊച്ചി സര്‍വകലാശാല രൂപീകരിച്ചപ്പോള്‍ നോമിനേറ്റ് ചെയ്ത സെനറ്റില്‍ അംഗമായി. 1971-ല്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു. 1974-ല്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അക്കാലത്താണ് അടിയന്തരാവസ്ഥയില്‍ ഉണ്ടായ രാജന്‍ സംഭവം രാജ്യസഭയിലൂടെ ആദ്യമായി ഉന്നയിച്ചു്. കേന്ദ്രസര്‍ക്കാര്‍ സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് നല്‍കുന്ന താമ്രപത്രം നിരസിച്ചിട്ടുണ്ട്.

1987-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തില്‍ നിന്ന് മല്‍സരിച്ചു വിജയിച്ച് ഇ.കെ നായനാര്‍ മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായി. ഇക്കാലത്ത് അഞ്ച് ബജറ്റുകള്‍ അവതരിപ്പിച്ചു. രണ്ടു മണിക്കൂര്‍ 35 മിനിറ്റ് ബജറ്റ് പ്രസംഗം അവതരിപ്പിച്ച് റെക്കോഡിട്ടെങ്കിലും പിന്നീട് ഇത് കെ.എം മാണി തിരുത്തി.

പില്‍ക്കാലത്ത് അദ്ദേഹം കുറച്ചു കാലം പാര്‍ട്ടിപ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനിന്നിരുന്നു. കോണ്‍ഗ്രസിന്റെ ബി ടീമായി സി.പി.ഐ.എം പ്രവര്‍ത്തിക്കുന്നെന്നാരോപിച്ചാണ് പാര്‍ട്ടി വിട്ടത്. സോണിയാ ഗാന്ധിയാണ് അടുത്ത പ്രധാനമന്ത്രിയെന്ന ജ്യോതി ബസുവിന്റെ പ്രഖ്യാപനം പാര്‍ട്ടി വിടാനുള്ള കാരണങ്ങളിലൊന്നായി.

സി.പി.ഐ.എമ്മില്‍ നിന്നു വിട്ട് അദ്ദേഹം നേരേ പോയത് വി.ബി ചെറിയാന്റെ നേതൃത്വത്തില്‍ രൂപീകരിച്ച മാര്‍ക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(യുണൈറ്റഡ്)യിലേക്കാണ്. 2003-ല്‍ ബി.ജെ.പിയുടെ പിന്തുണയോടെയാണ് എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിച്ചത്. മത്സരത്തില്‍ സെബാസ്റ്റ്യന്‍ പോളിനോടു തോറ്റു. പിന്നീട് തന്റെ നടപടി തെറ്റിപ്പോയെന്നു പശ്ചാത്തപിക്കുകയും സി.പി.ഐ.എമ്മുമായി അടുക്കുകയും ചെയ്തു.

ആത്മകഥയായ ‘കാലത്തിനൊപ്പം മായാത്ത ഓര്‍മകള്‍’, ഗാന്ധിയുടെ പീഡാനുഭവങ്ങള്‍ (നാടക വിവര്‍ത്തനം) , മറുവാക്ക് (ലേഖന സമാഹാരം) എന്നീ ഗ്രന്ഥങ്ങള്‍ രചിച്ചു.

ഭാര്യ: കെ പ്രഭാവതി മേനോന്‍ (റിട്ട. ടീച്ചര്‍) മക്കള്‍: അഡ്വ. വി അജിത് നാരായണന്‍ (മുന്‍ സീനിയര്‍ ഗവ. പ്ലീഡര്‍) ഡോ. വി മാധവചന്ദ്രന്‍, മരുമക്കള്‍: ഡോ. ശ്രീജ അജിത് (അസി. പ്രൊഫസര്‍ സെന്റ് പീറ്റേഴ്‌സ് കോളേജ്, കോലഞ്ചേരി) പ്രീതി മാധവ് (അസി. പ്രൊഫസര്‍ എംഇഎസ് കോളേജ്, എടത്തല). കലൂര്‍ ദേശാഭിമാനി റോഡ് ടാഗോര്‍ സ്ട്രീറ്റ് വടക്കൂട്ട് വീട്ടിലായിരുന്നു താമസം.