അവന്‍ ധോണിയെ പോലെ അഞ്ചോ ആറോ വര്‍ഷം കൂടി ഐ.പി.എല്‍ കളിക്കും: മുന്‍ ഇംഗ്ലണ്ട് താരം
Cricket
അവന്‍ ധോണിയെ പോലെ അഞ്ചോ ആറോ വര്‍ഷം കൂടി ഐ.പി.എല്‍ കളിക്കും: മുന്‍ ഇംഗ്ലണ്ട് താരം
സുദേവ് എ
Tuesday, 2nd June 2026, 6:06 pm

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഇതിഹാസം വിരാട് കോഹ്‌ലിയുടെ ഐ.പി.എല്ലിലെ ഭാവിയെക്കുറിച്ച് ഒരു വമ്പന്‍ പ്രസ്താവന നടത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം സ്റ്റീവന്‍ ഫിന്‍.

കോഹ്‌ലി എം.എസ് ധോണിയെ പോലെ ഇനിയും അഞ്ചോ ആറോ വര്‍ഷം കൂടി ഐ.പി.എല്ലില്‍ കളിക്കുമെന്നാണ് സ്റ്റീവന്‍ ഫിന്‍ പറയുന്നത്. കോഹ്‌ലി ഇപ്പോഴും കൂടുതല്‍ മികച്ചതായി വരികയാണെന്നും മുന്‍ ഇംഗ്ലണ്ട് താരം പറഞ്ഞു. ഫോര്‍ ദി ലവ് ഓഫ് ക്രിക്കറ്റ് എന്ന യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു മുന്‍ ഇംഗ്ലീഷ് താരം.

‘ടി-20യില്‍ നിന്നും ടെസ്റ്റില്‍ നിന്നും കോഹ്‌ലി വിട്ടുനിന്നത് ഐ.പി.എല്ലില്‍ കൂടുതല്‍ പുതുമയോടെ കളിക്കാന്‍ അദ്ദേഹത്തെ സഹായിച്ചു. ധോണിയെ പോലെ ഇനിയും അഞ്ചോ ആറോ വര്‍ഷം കൂടി കളിക്കാന്‍ അദ്ദേഹത്തിന് സാധിക്കും. യുവതാരങ്ങള്‍ നടത്തുന്ന പ്രകടനങ്ങള്‍ തന്നെ പ്രചോദിപ്പിച്ചുവെന്ന് കോഹ്‌ലി പറഞ്ഞ വാക്കുകള്‍ ഏറെ ശ്രദ്ധേയമാണ്.

സൂര്യവംശിയെ പോലുള്ള താരങ്ങളുടെ കളി കാണുമ്പോള്‍ വിരാടിനെ പോലെ ഒരു ഇതിഹാസ താരം തന്റെ സ്വന്തം കളി മികച്ചതാക്കാന്‍ ആഗ്രഹിക്കുന്നുവെന്നത് അത്ഭുതകരമാണ്. പഴയ വീഞ്ഞ് പോലെയാണ് കോഹ്‌ലിയുടെ പ്രകടനം പ്രായം കൂടുതോറും പ്രകടനം കൂടുതല്‍ മെച്ചെപ്പെടുകയാണ്,’ സ്റ്റീവന്‍ ഫിന്‍ പറഞ്ഞു.

വിരാട് കോഹ്‌ലി. Photo: Royal Challengers Bengaluru/x.com

ചെയ്‌സ് മാസ്റ്റര്‍ കോഹ്‌ലിയുടെ കരുത്തിലാണ് ബെംഗളൂരു ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ വിജയിച്ചുകയറിയത്. 42 പന്തില്‍ പുറത്താകാതെ 75 റണ്‍സ് നേടിയ വിരാട് മൂന്ന് സിക്സും ഒമ്പത് ഫോറുമാണ് അടിച്ചെടുത്തത്. മത്സരത്തിലെ താരവും വിരാടായിരുന്നു. മത്സരത്തിലെ താരവും വിരാടായിരുന്നു.

മറ്റൊരു പ്ലയെര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് കൂടി സ്വന്തമാക്കിയതോടെ ഐ.പി.എല്ലില്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടുന്ന രണ്ടാമത്തെ താരമായും വിരാട് മാറി. ഈ നേട്ടത്തില്‍ സാക്ഷാല്‍ ക്രിസ് ഗെയ്‌ലിനൊപ്പമാണ് വിരാട്. സൂപ്പര്‍ താരം രോഹിത് ശര്‍മയെ മറികടന്നാണ് വിരാട് രണ്ടാമനായത്. ലിസ്റ്റില്‍ ഒന്നാമന്‍ എ.ബി. ഡി വില്ലിയേഴ്‌സാണ്.

അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ അഞ്ച് വിക്കറ്റിന് ഗുജറാത്തിനെ വീഴ്ത്തിയാണ് ആര്‍.സി.ബിയുടെ രണ്ടാം കിരീട നേട്ടം. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സിന്റെ വിജയലക്ഷ്യമാണ് ബെംഗളൂരുവിന്റെ മുന്നില്‍ വെച്ചുനീട്ടിയത്. മറുപടിക്ക് ഇറങ്ങിയ ആര്‍.സി.ബി 12 പന്തുകള്‍ ബാക്കി നില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

 

Content Highlight: Former England player praise Virat Kohli Performance in IPL 2026

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.