ന്യൂദല്‍ഹി: ഇസ്രഈല്‍ അധിനിവേശ ഫലസ്തീന്‍ മേഖലകളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ സ്വതന്ത്ര അന്വേഷിക്കുന്ന അന്താരാഷ്ട്ര കമ്മീഷന്റെ ചെയര്‍മാനായി ഒഡീഷ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസും മുതിര്‍ന്ന അഭിഭാഷകനുമായ ഡോ. എസ്. മുരളീധര്‍.
ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സില്‍ പ്രസിഡന്റ് ജുര്‍ഗ് ലോബറാണ് എസ്. മുരളീധറിനെ നിയമിച്ചത്. ഇസ്രഈല്‍-ഫലസ്തീന്‍ യുദ്ധത്തിന്റെ മോശം സാഹചര്യത്തിലാണ് സൂക്ഷ്മ അന്വേഷണ കമ്മീഷന്‍ ചുമതലയേല്‍ക്കുന്നത്.
ഇസ്രഈലിലും അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലും നടക്കുന്ന മനുഷ്യാവകാശ നിയമലംഘനങ്ങള്‍ പരിശോധിക്കുന്നതിന് വേണ്ടിയാണ് മൂന്നംഗ അന്വേഷണ കമ്മിറ്റിയെ നിയമിച്ചത്. സാംബിയയിലെ ഫ്‌ളോറന്‍സ് മുംബ, ഓസ്‌ട്രേലിയയിലെ ക്രിസ് സിഡോട്ടി എന്നിവരടങ്ങുന്ന സമിതിയെയാണ് എസ്. മുരളീധര്‍ നയിക്കുക.
2021 ഏപ്രില്‍ 13 മുതല്‍ ഫലസ്തീനിലും ഇസ്രഈലിലും നടന്നതായി ആരോപിക്കപ്പെടുന്ന എല്ലാ നിയമ ലംഘനങ്ങളിലും സ്വതന്ത്രമായ അന്വേഷണം നടത്താന്‍ വേണ്ടി 2021ലാണ് മനുഷ്യാവകാശ കൗണ്‍സില്‍ പ്രമേയത്തിലൂടെ കമ്മീഷന്‍ രൂപീകരിച്ചത്.
ദേശീയ, വംശീയ, മതപരമായ വിവേചനവും അടിച്ചമര്‍ത്തലും ആവര്‍ത്തിച്ചുള്ള സാമൂഹിക-രാഷ്ട്രീയ അസ്ഥിരാവസ്തയുടെ മൂലകാരണങ്ങളും അന്വേഷിക്കുന്നതാണ് കമ്മീഷന്റെ പ്രധാന ദൗത്യം.
2023 ഒക്ടോബര്‍ ഏഴിന് ശേഷം ഗസയില്‍ ഇസ്രഈല്‍ നടത്തിയ സൈനിക നടപടികളും, ഇക്കാലയളവില്‍ ഉപയോഗിച്ച ആയുധങ്ങള്‍ ഉള്‍പ്പെടെയുള്ള ആഗോള ആയുധ കൈമാറ്റങ്ങളും ഇസ്രഈലി കുടിയേറ്റക്കാരെക്കുറിച്ചുള്ള കൂടുതല്‍ റിപ്പോര്‍ട്ടുകളും സമര്‍പ്പിക്കുന്നതിനായി മനുഷ്യാവകാശ കൗണ്‍സില്‍ കഴിഞ്ഞ വര്‍ഷം കമ്മീഷന്റെ ഉത്തരവാദിത്തങ്ങള്‍ വിപുലീകരിച്ചിരുന്നു. 2025 സെപ്റ്റംബറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍, ഇസ്രഈല്‍ ഫലസ്തീനില്‍ വംശഹത്യ നടത്തുന്നുണ്ടെന്നാണ് സമിതി പറയുന്നത്.
2006 മെയിലാണ് ജസ്റ്റിസ് മുരളീധര്‍ ദല്‍ഹി ഹൈക്കോടതി ജഡ്ജിയായി നിയമിതനായത്. പിന്നീട് 2020 മാര്‍ച്ച് ആറിന് പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലം മാറി. 2021 ജനുവരി നാലിന് അദ്ദേഹം ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു. 2023ല്‍ വിരമിച്ച ശേഷം, സുപ്രീം കോടതിയില്‍ മുതിര്‍ന്ന അഭിഭാഷകനായി സേവനമനുഷ്ടിച്ച് വരികയാണ്.
Content Highlight: Former Chief Justice Dr. S. Muralidhar appointed as Chairman of Commission to Investigate Human Rights Violations by Israel