പ്രധാനമന്ത്രി പദം ഒഴിഞ്ഞ ശേഷം പ്രസംഗിച്ച് നേടിയത് 10 കോടിയിലധികം; ബോറിസ് ജോണ്‍സന്റെ സമ്പാദ്യ കണക്കുകള്‍
World News
പ്രധാനമന്ത്രി പദം ഒഴിഞ്ഞ ശേഷം പ്രസംഗിച്ച് നേടിയത് 10 കോടിയിലധികം; ബോറിസ് ജോണ്‍സന്റെ സമ്പാദ്യ കണക്കുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th December 2022, 8:25 am

ലണ്ടന്‍: രാജി വെച്ചൊഴിഞ്ഞ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ മൂന്ന് മാസം കൊണ്ട് പ്രസംഗിച്ച് നേടിയത് 10 കോടിയിലധികം രൂപ (ഒരു മില്യണ്‍ പൗണ്ട്).

സെപ്റ്റംബറില്‍ അധികാരത്തില്‍ നിന്ന് പുറത്തുപോയതിനുശേഷം പേയ്ഡ് പ്രസംഗങ്ങള്‍ നടത്തിയാണ് ഇദ്ദേഹം ഇത്രയും പണം സമ്പാദിച്ചതെന്ന് യു.കെ പാര്‍ലമെന്റംഗങ്ങളുടെ ഒരു ഔദ്യോഗിക രജിസ്റ്റര്‍ പ്രകാരം പറയുന്നു.

പ്രധാനമന്ത്രിയായിരുന്നതിന് പുറമെ മികച്ച പ്രാസംഗികനായി കൂടി പേരെടുത്ത നേതാവായിരുന്നു ബോറിസ് ജോണ്‍സണ്‍.

ന്യൂയോര്‍ക്കിലെ ബാങ്കര്‍മാര്‍, അമേരിക്കയിലെ ഇന്‍ഷുറേഴ്‌സ് എന്നിവര്‍ക്ക് മുന്നിലും പ്രസംഗിച്ച ജോണ്‍സണ്‍ പോര്‍ച്ചുഗലില്‍ ബ്രോഡ്കാസ്റ്റര്‍ സംഘടിപ്പിച്ച ഉച്ചകോടിയില്‍ പങ്കെടുത്തുകൊണ്ടും ഇക്കഴിഞ്ഞ മാസങ്ങളില്‍ സംസാരിച്ചിരുന്നു. ഇന്ത്യയിലും ഇദ്ദേഹത്തിന്റെ പ്രഭാഷണമുണ്ടായിരുന്നു.

നിയമനിര്‍മാതാക്കളുടെ സാമ്പത്തിക കാര്യങ്ങള്‍ പട്ടികപ്പെടുത്തുന്ന യു.കെ പാര്‍ലമെന്റിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ഔദ്യോഗിക രേഖ പ്രകാരം ഓരോ തവണയും അദ്ദേഹത്തിന് 2,15,000 പൗണ്ട് മുതല്‍ 2,77,000 പൗണ്ട് വരെ പേയ്മെന്റ് ലഭിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി പദം രാജി വെച്ചെങ്കിലും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ എം.പി സ്ഥാനത്ത് അദ്ദേഹം തുടരുന്നുണ്ട്.

ഇക്കഴിഞ്ഞ ജൂലൈയിലായിരുന്നു ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രി പദത്തില്‍ നിന്നും രാജി വെച്ചത്. മന്ത്രിസഭയില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും നേതാക്കള്‍ കൂട്ടത്തോടെ രാജി വെച്ചതിന് പിന്നാലെയായിരുന്നു ജോണ്‍സന്റെ രാജി.

കൊവിഡ് മഹാമാരിക്കിടയിലെ പാര്‍ട്ടിഗേറ്റ് വിവാദമടക്കം നിരവധി ആക്ഷേപങ്ങള്‍ ബോറിസ് ജോണ്‍സണ്‍ സര്‍ക്കാര്‍ നേരിട്ടിരുന്നു. പാര്‍ട്ടിഗേറ്റ് വിവാദമായിരുന്നു സര്‍ക്കാരില്‍ പ്രതിസന്ധികള്‍ക്ക് തുടക്കമിട്ടത്. കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും ബോറിസ് ജോണ്‍സണ്‍ പാര്‍ട്ടി നടത്തിയെന്ന ആക്ഷേപങ്ങളുയര്‍ന്ന വിഷയത്തില്‍ പ്രധാനമന്ത്രി കള്ളം പറഞ്ഞു എന്ന് നിരവധി എം.പിമാര്‍ ആരോപിച്ചിരുന്നു.

ലൈംഗികാരോപണം നേരിട്ട എം.പിക്ക് ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരില്‍ പ്രൊമോഷന്‍ നല്‍കിയതും ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.

പിന്നീട് ലിസ് ട്രസ് പ്രധാനമന്ത്രിയായി രാജി വെച്ചതിന് ശേഷം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളില്‍ നടത്തിയ മത്സരത്തില്‍ ബോറിസ് ജോണ്‍സണ്‍ തുടക്കത്തില്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു.

Content Highlight: Former British PM Boris Johnson made over one million pounds in just three months