'ഭിന്നിപ്പിക്കാനായി സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കപ്പെടുന്നു'; പത്താന്റെ ഹിന്ദുത്വ ബഹിഷ്‌കരണത്തിനിടെ ഷാറൂഖ് ഖാന്‍
Movie Day
'ഭിന്നിപ്പിക്കാനായി സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കപ്പെടുന്നു'; പത്താന്റെ ഹിന്ദുത്വ ബഹിഷ്‌കരണത്തിനിടെ ഷാറൂഖ് ഖാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 15th December 2022, 10:52 pm

ഷാറൂഖ് ഖാന്‍ നായകനാകുന്ന പത്താന്‍ സിനിമയിലെ ബേഷരം രംഗ് എന്ന പാട്ടിലെ ദീപികയുടെ വസ്ത്ര ധാരണവും അതിലെ കാവി നിറവും തീവ്രഹിന്ദുത്വ ഗ്രൂപ്പുകളെ ചൊടിപ്പിച്ചിരുന്നു. ചിത്രത്തിനെതിരെ ബോയ്‌കോട്ട് ആഹ്വാനങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു.

വിഷയത്തില്‍ പരോക്ഷ മറുപടിയുമായി എത്തിയിരിക്കുയാണ് ഷാറൂഖ് ഖാന്‍. സമൂഹ മാധ്യമ ഇടങ്ങള്‍ പോസിറ്റീവ് ആയി ഉപയോഗിക്കുന്നതിനു പകരം ഭിന്നിപ്പിക്കലിനായി ഉപയോഗിക്കുകയാണെന്നാണ് ഷാറൂഖ് ഖാന്‍ പറയുന്നത്.

കൊല്‍ക്കത്ത അന്തര്‍ദേശീയ ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പത്താന്‍ സംഭവത്തെ പരാമര്‍ശിക്കാതെയുള്ള ഷാരൂഖിന്റെ പ്രതികരണം.

‘വര്‍ത്തമാനകാലത്ത് നമ്മുടെ സാമൂഹിക ആഖ്യാനങ്ങളെ രൂപപ്പെടുത്തുന്നതില്‍ സാമൂഹിക മാധ്യമങ്ങളുടെ പങ്ക് വലുതാണ്. നിഷേധാത്മകത എന്നത് സമൂഹമാധ്യമ ഉപഭോഗത്തെ കൂട്ടുമെന്ന് ഞാന്‍ എവിടെയോ വായിച്ചിട്ടുണ്ട്.

സ്വാഭാവികമായും അതിന്റെ വിപണി സാധ്യതയും വര്‍ധിക്കും. അത്തരം ശ്രമങ്ങള്‍ കൂട്ടായ്മ എന്നതിനെ അവസാനിപ്പിച്ച് ഭിന്നിപ്പിക്കലിലേക്ക് നയിക്കും,’ ഷാരൂഖ് ഖാന്‍ പറഞ്ഞു.

മാനുഷികമായ ദൗര്‍ബല്യങ്ങളുടെ കഥകള്‍ ഏറ്റവും ലളിതമായ ഭാഷയിലാണ് സിനിമ അവതരിപ്പിക്കുന്നതെന്നും ഇന്നത്തെ കാലത്ത് സിനിമക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്നും ഷാറൂഖ് പറഞ്ഞു.

സിനിമയെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെയുള്ള അഭിപ്രായ പ്രകടനങ്ങള്‍ ഇന്ന് ഏറെ ജനകീയമാണ്. നമ്മെ പരസ്പരം കൂടുതല്‍ മനസിലാക്കാന്‍ അത് സഹായിക്കുന്നു. സിനിമയിലൂടെ നമുക്ക് വരുന്ന തലമുറയ്ക്കായി കൂടുതല്‍ മെച്ചപ്പെട്ട ഒരു ലോകം സൃഷ്ടിക്കാം. ലോകം എന്തുതന്നെ ചെയ്താലും തങ്ങളെപ്പോലെയുള്ളവര്‍ പോസിറ്റീവ് ആയി തുടരുമെന്നും ഷാരൂഖ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, പാട്ടിലൂടെയും സിനിമയിലൂടെയും ഇസ്‌ലാമൈസേഷനാണ് പ്രചരിപ്പിക്കുന്നത് എന്നാണ് ട്വിറ്ററില്‍ തീവ്രഹിന്ദുത്വ പ്രൊഫൈലുകളില്‍ നിന്നും പ്രചരിക്കുന്നത്. ദീപികയുടെ വസ്ത്രധാരണത്തിനെതിരെയും ട്വിറ്ററില്‍ അധിക്ഷേപ കമന്റുകള്‍ പ്രവഹിക്കുന്നുണ്ട്.

പാകിസ്ഥാനില്‍ നിന്നുമുള്ള ആക്ടര്‍ ഐ.എസ്. ഏജന്റിന്റെ പേരില്‍ സിനിമ നിര്‍മിച്ച് ഇന്ത്യയില്‍ നിന്നും പണമുണ്ടാക്കുന്നു. ആ പണം തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് നല്‍കുന്നു. അതുകൊണ്ട് പത്താന്‍ സിനിമയെ പിന്തുണക്കാതിരിക്കുക എന്നാണ് ഒരു ട്വീറ്റ്. കാവി ബിക്കിനി ധരിച്ച ഹിന്ദു പെണ്‍കുട്ടിയെ പത്താന്‍ വശീകരിക്കാന്‍ ശ്രമിക്കുന്നു. പരോക്ഷമായി പലതും പറഞ്ഞുവെക്കുകയാണെന്നാണ് മറ്റൊരു ട്വീറ്റ്.

Content Highlight: Shah Rukh Khan during Pathan’s Hindutva Boycott ‘Social media is used to divide’