അവന്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായാല്‍ അത്ഭുതപ്പെടാനൊന്നുമില്ല; സൂപ്പര്‍ താരത്തെ പ്രശംസിച്ച് വാഡ്‌സണ്‍
Cricket
അവന്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായാല്‍ അത്ഭുതപ്പെടാനൊന്നുമില്ല; സൂപ്പര്‍ താരത്തെ പ്രശംസിച്ച് വാഡ്‌സണ്‍
ശ്രീരാഗ് പാറക്കല്‍
Friday, 13th February 2026, 8:12 am

ടി-20 ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും അപകടകാരിയായ ബാറ്ററെ തെരഞ്ഞെടുത്ത് മുന്‍ ഓസ്‌ട്രേലിയന്‍ താരം ഷെയ്ന്‍ വാഡ്‌സണ്‍. അഭിഷേക് ശര്‍മയും സൂര്യകുമാര്‍ യാദവും അത്ഭുതകരമായ രീതിയില്‍ ബാറ്റ് ചെയ്യുന്നുണ്ടെങ്കിലും ഹര്‍ദിക് പാണ്ഡ്യയാണ് മികച്ച താരമെന്ന് വാഡ്‌സണ്‍ ചൂണ്ടിക്കാട്ടി.

പാണ്ഡ്യ അവിശ്വസനീയമായ ഫോമിലാണെന്നും അതിനാല്‍ താരം പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇന്ത്യയ്ക്ക് അപകടകാരികളായ നിരവധി ബാറ്റര്‍മാരുണ്ട്. അഭിഷേക് ശര്‍മ അവിശ്വസനീയമായ രീതിയില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നുണ്ട്. സൂര്യകുമാര്‍ യാദവ് ഇപ്പോഴും അത്ഭുതകരമായി ബാറ്റ് ചെയ്യുന്നു. എന്നാല്‍ ഈ ടി-20 ലോകകപ്പില്‍ ഹാര്‍ദിക് പാണ്ഡ്യ വിജയിച്ചില്ലെങ്കില്‍ ഞാന്‍ വളരെ അത്ഭുതപ്പെടും.

ഹര്‍ദിക് പാണ്ഡ്യ ബാറ്റ് ചെയ്യുന്ന ചിത്രം- Photo: bcci

നിലവില്‍ അവന്‍ അവിശ്വസനീയമായ ഫോമിലാണ്, അദ്ദേഹത്തിന്റെ ശാരീരികക്ഷമത വളരെ മികച്ചതായി തോന്നുന്നു. അതിനാല്‍ അവന്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായാല്‍ അത്ഭുതപ്പെടേണ്ടതില്ല,’ വാഡ്‌സണ്‍ സ്‌പോര്‍ട്‌സ് യാരിയില്‍ പറഞ്ഞു.

അതേസമയം 2026 ടി-20 ലോകകപ്പില്‍ നമീബിയയെ തകര്‍ത്ത് ഇന്ത്യ തങ്ങളുടെ രണ്ടാം വിജയം സ്വന്തമാക്കിയിരുന്നു. ദല്‍ഹി അരുണ്‍ ജെയ്റ്റിലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നമീബിയയെ 93 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തത്. ഇന്ത്യ ഉയര്‍ത്തിയ 210 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന നമീബിയ 116 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

10 പന്തുകള്‍ ബാക്കി നില്‍ക്കെയായിരുന്നു സൂര്യയും സംഘവും വിജയം സ്വന്തമാക്കിയത്. ടി-20 ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യ നേടുന്ന ഏറ്റവും വലിയ വിജയമാണിത്. ഇതിന് മുമ്പ് 2012ല്‍ ഇംഗ്ലണ്ടിനെതിരെ 90 റണ്‍സിനായിരുന്നു ഇന്ത്യയുടെ വലിയ വിജയം.

സൂപ്പര്‍ താരം ഹര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് പ്രകടനത്തിന്റെ മികവിലാണ് ഇന്ത്യയുടെ വിജയം. 28 പന്തില്‍ നാല് സിക്സും നാല് ഫോറും ഉള്‍പ്പെടെ 52 റണ്‍സും 21 റണ്‍സ് വഴങ്ങി നാല് വിക്കറ്റും പാണ്ഡ്യ നേടിയിരുന്നു. ഇതോടെ മത്സരത്തിലെ താരമാകാനും പാണ്ഡ്യയ്ക്ക് സാധിച്ചു. 109 മീറ്റര്‍ സിക്‌സര്‍ ഉള്‍പ്പെടെ മിന്നും ബാറ്റിങ് പ്രകടനമാണ് താരം നടത്തിയത്.

മാത്രമല്ല ഐ.സി.സി ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് വേണ്ടി രണ്ടാം തവണയാണ് പാണ്ഡ്യ മത്സരത്തിലെ താരമാകുന്നത്. മാത്രമല്ല അന്താരാഷ്ട്ര ടി-20യില്‍ ഏഴ് തവണയാണ് പാണ്ഡ്യ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് അവാര്‍ഡ് നേടുന്നത്.

Content Highlight: Former Australian Player Shane Watson Praises Hardik Pandya

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ