ന്യൂദല്‍ഹി: തനിക്ക് നേരെ ഷൂ എറിഞ്ഞ വിഷയത്തില്‍ പ്രതികരിച്ച് ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്. ആ സംഭവം നടന്നപ്പോള്‍ ശരിക്കും ഞെട്ടിപ്പോയെന്നും അത് മറന്നുകഴിഞ്ഞ അധ്യായമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. കേന്ദ്രസര്‍ക്കാരിനെതിരായ കേസിന്റെ വാദത്തിനിടെയാണ് ബി.ആര്‍. ഗവായ് ഇക്കാര്യം പറഞ്ഞത്.
സംഭവത്തില്‍ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനും ഞെട്ടിപ്പോയതായി ഗവായ് പറഞ്ഞു. അഭിഭാഷകന്റെ ചെയ്തിയെ സമാധാനപരമായി കൈകാര്യം ചെയ്ത ചീഫ് ജസ്റ്റിസിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പ്രശംസിച്ചിരുന്നു.
എന്നാല്‍ സംഭവം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു മോദിയുടെ പ്രതികരണം. ഗവായ്‌ക്കെതിരായ അഭിഭാഷകന്റെ പ്രവൃത്തി അപലപനീയമാണെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
അതേസമയം ചീഫ് ജസ്റ്റിസിനെതിരായ ആക്രമണം സുപ്രീം കോടതിയെ അപമാനിക്കുന്നതിന് തുല്യമാണെന്നും ഉചിതമായ നടപടി സ്വീകരിക്കണമെന്നുമായിരുന്നു ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍ ഇന്ന് പറഞ്ഞത്.
അഭിഭാഷകന്‍ രാകേഷ് കിഷോറിന്റെ പ്രവൃത്തി മാപ്പ് അര്‍ഹിക്കാത്തതാണെന്ന് സോളിസിറ്റര്‍ തുഷാര്‍ മേത്തയും പ്രതികരിച്ചു.
എന്നാല്‍ രാകേഷ് കിഷോറിനെതിരെ കേസെടുക്കേണ്ടെന്ന നിലപാടാണ് ചീഫ് ജസ്റ്റിസ് കൈക്കൊണ്ടത്. തന്റെ ശ്രദ്ധ തിരിക്കാന്‍ ഇതുകൊണ്ടാകില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
നിലവില്‍ ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായ്ക്ക് എതിരായ ആക്രമണശ്രമത്തില്‍ ബെംഗളൂരു പൊലീസ് സീറോ എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയിരുന്നു. ബംഗളുരുവിലെ വിധാന സൗധ പൊലീസാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
ബി.എന്‍.എസ് വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കുറ്റകൃത്യം എവിടെ വെച്ചാണ് നടന്നതെന്ന് കണക്കാക്കാതെ ഏതെങ്കിലും ഒരു പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യുന്ന എഫ്.ഐ.ആറാണ് സീറോ എഫ്.ഐ.ആര്‍.
തിങ്കളാഴ്ചയാണ് സുപ്രീംകോടതിയില്‍ വെച്ച് ഒരു കേസില്‍ വാദം കേള്‍ക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്ക്ക് നേരെ ഷൂ ഏറുണ്ടായത്. സനാതന ധര്‍മത്തെ അപമാനിച്ചെന്ന് വിളിച്ചു പറഞ്ഞ് അഭിഭാഷകനായ രാകേഷ് കിഷോറാണ് ചീഫ് ജസ്റ്റിസിന് നേരെ ഷൂ ഊരി എറിഞ്ഞത്.
Content Highlight: ‘Forgotten chapter’: BR Gavai breaks silence on attempted shoe attack in Supreme Court