കേരള കോണ്‍ഗ്രസ് എം മുന്നണി മര്യാദകള്‍ പാലിക്കണം; വിമര്‍ശനവുമായി എ.കെ. ശശീന്ദ്രന്‍
Kerala
കേരള കോണ്‍ഗ്രസ് എം മുന്നണി മര്യാദകള്‍ പാലിക്കണം; വിമര്‍ശനവുമായി എ.കെ. ശശീന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 11th July 2025, 2:32 pm

 

കോഴിക്കോട്: കേരള കോണ്‍ഗ്രസ് എം നേതാവും എം.പിയുമായ ജോസ് കെ. മാണിക്കെതിരെ വിമര്‍ശനവുമായി എ.കെ. ശശീന്ദ്രന്‍. ഘടകകക്ഷിയിലെ പാര്‍ട്ടികള്‍ മുന്നണി മര്യാദകള്‍ പാലിക്കണമെന്ന് മാത്രമാണ് തനിക്ക് പറയാന്‍ പറ്റുകയുള്ളുവെന്നും ആ മര്യാദകള്‍ പാലിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അവനവന്‍ തന്നെയല്ലേയെന്നും മന്ത്രി ചോദിച്ചു.

കേരളത്തിലെ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് വനംവകുപ്പിനെതിരെ ജോസ്.കെ. മാണി വിഭാഗം ഉന്നയിച്ച വിമര്‍ശനങ്ങളില്‍ ന്യൂസ് മലയാളത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നമ്മളെല്ലാം ഒരുഘടക കക്ഷിയിലെ മുന്നണികള്‍ ആണെന്നും അതിനാല്‍ മുന്നണിയിലെ നേതാക്കളും അണികളും പരസ്പരം കൊടുക്കേണ്ട ബഹുമാനവും മര്യാദയും കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അവര്‍ തന്നെയാണെന്നും വനംമന്ത്രി പറഞ്ഞു.

തന്റെ പാര്‍ട്ടി ചെയ്തതില്‍ എന്താണ് തെറ്റെന്നും ശരിയെന്നും തീരുമാനിക്കേണ്ടത് തങ്ങള്‍ തന്നെയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മുന്നണിയില്‍ നിന്ന് തന്നെയാണല്ലോ വന്യമൃഗ ആക്രമണവുമായി സംബന്ധിച്ച് കൂടുതല്‍ വിമര്‍ശനങ്ങള്‍ ഉയരുന്നതെന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു അദ്ദേഹം.

വന്യമൃഗസംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ അവര്‍ക്ക് അറിയില്ലേ എന്ന കാര്യം തനിക്ക് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വിഷയം മുഖ്യമന്ത്രിയുടേയും എല്‍.ഡി.എഫ് കണ്‍വീനറുടേയും ശ്രദ്ധയില്‍പ്പെടുത്താന്‍ എന്‍.സി.പി തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

എപ്പോഴും വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലുന്നതിനുള്ള അധികാരമല്ല നമുക്ക് വേണ്ടതെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സാഹചര്യമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Forest minister A.K. Saseendran crticise Jose K. Mani and Kerala Congress (M)