അതുല്യയുടേത് ആത്മഹത്യ തന്നെ; ഫോറന്‍സിക് ഫലം പുറത്ത്
Kerala
അതുല്യയുടേത് ആത്മഹത്യ തന്നെ; ഫോറന്‍സിക് ഫലം പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 28th July 2025, 9:41 pm

ഷാര്‍ജ: ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശി അതുല്യയുടെ മരണം ആത്മഹത്യ തന്നെയെന്ന് ഫോറന്‍സിക് ഫലം. അതുല്യയുടെ ഭര്‍ത്താവിന് മരണത്തില്‍ പങ്കുണ്ടെന്ന് അതുല്യയുടെ സഹോദരിയും മാതാപിതാക്കളും ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച് സഹോദരി അഖില ഷാര്‍ജ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. അതുല്യയുടെ ഫോറന്‍സിക് ഫലം അഖിലയ്ക്ക് കൈമാറിയിട്ടുണ്ട്.

അതുല്യയുടെ മരണത്തെ തുടര്‍ന്ന് സതീഷിനെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി ചവറ തെക്കുംഭാഗം പൊലീസ് കേസെടുത്തിരുന്നു. കൊലപാതകക്കുറ്റം, സ്ത്രീധന നിരോധന നിയമം, ആത്മഹത്യാപ്രേരണക്കുറ്റം തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. അതുല്യയുടെ അമ്മയുടെയും അച്ഛന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്.

അതേസമയം അതുല്യയുടെ മരണത്തെ തുടര്‍ന്നുണ്ടായ ആരോപണങ്ങളെത്തുടര്‍ന്ന് സതീഷിനെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടിരുന്നു. ദുബായിലെ ഒരു സ്വകാര്യ കമ്പനിയില്‍ സൈറ്റ് എഞ്ചിനീയര്‍ ആയിരുന്നു സതീഷ്.

പിരിച്ചു വിട്ടുകൊണ്ടുള്ള അറിയിപ്പ് കമ്പനി രേഖാമൂലം സതീഷിന് കൈമാറുകയായിരുന്നു. അതുല്യയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടേയും സതീഷ് അതുല്യയെ ആക്രമിക്കുന്ന വീഡിയോയുടേയും അടിസ്ഥാനത്തിലായിരുന്നു നടപടി. സതീഷ് മര്‍ദിക്കുന്നതിന്റെയും ശരീരത്തിലേറ്റ മുറിവുകളുടെയും ദൃശ്യങ്ങള്‍ അതുല്യ സഹോദരിക്ക് അയച്ച് നല്‍കിയിരുന്നു.

കഴിഞ്ഞ വര്‍ഷമാണ് കൊല്ലം തേവലക്കര സ്വദേശി അതുല്യ ഷാര്‍ജയിലേക്ക് പോയത്. ഒരു വര്‍ഷമായി ഇരുവരും ഷാര്‍ജയിലായിരുന്നു താമസം. സഫാരി മാളില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തില്‍ പുതുതായി ജോലിയില്‍ പ്രവേശിക്കേണ്ടതായിരുന്നു അതുല്യ. ഇതിനിടയിലാണ് മരണം.

മകള്‍ ഒരിക്കലും ജീവനൊടുക്കില്ലെന്നും കുഞ്ഞിനുവേണ്ടിയാണ് ജീവിച്ചതെന്നും അതുല്യയുടെ മാതാപിതാക്കള്‍ പറഞ്ഞിരുന്നു.

വിവാഹം കഴിഞ്ഞ് കുറച്ചുനാളുകള്‍ കഴിഞ്ഞത് മുതല്‍ക്കെ അതുല്യ ഭര്‍ത്താവില്‍ നിന്നും മാനസിക, ശാരീരിക പീഡനം നേരിട്ടിരുന്നു. ഒന്നര വര്‍ഷത്തിന് ശേഷം സതീഷിനെതിരെ പരാതി നല്‍കിയിരുന്നുവെങ്കിലും കൗണ്‍സിലിങ്ങിന് ശേഷം അതുല്യ സതീഷിനൊപ്പം പോവുകയായിരുന്നു.

ഇരുവരുടേയും ഏക മകള്‍ ആരാധിക അതുല്യയുടെ മാതാപിതാക്കള്‍ക്കൊപ്പം നാട്ടിലാണ്‌ താമസം. മരിക്കുന്നതിന്റെ കുറച്ച് മണിക്കൂറുകള്‍ക്ക് മുമ്പ് അതുല്യയും സതീഷും തമ്മില്‍ വഴക്കിട്ടിരുന്നു. തുടര്‍ന്ന് സതീഷ് ഫ്‌ളാറ്റില്‍ നിന്ന് ഇറങ്ങിപ്പോയി. തിരിച്ചെത്തിയപ്പോഴാണ് അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Content Highlight: Forensic results of Athulya, the malayali girl died in Sharjah out