'അവര്‍ക്ക് ഞാന്‍ മംമ്ത മോഹന്‍ദാസ് അല്ല, മംമ്ത മോദിയാണ് '; ഇടക്കിടെയുള്ള അമേരിക്കന്‍ യാത്രയെ കുറിച്ച് താരം
Malayalam Cinema
'അവര്‍ക്ക് ഞാന്‍ മംമ്ത മോഹന്‍ദാസ് അല്ല, മംമ്ത മോദിയാണ് '; ഇടക്കിടെയുള്ള അമേരിക്കന്‍ യാത്രയെ കുറിച്ച് താരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th December 2020, 11:34 am

സുഹൃത്തുക്കള്‍ തന്നെ മംമ്ത മോദിയെന്നാണ് കളിയാക്കി വിളിക്കാറെന്ന് നടി മംമ്ത മോഹന്‍ദാസ്. തന്റെ പേരിനൊപ്പം മോദിയെന്ന് ചേര്‍ത്ത് സുഹൃത്തുക്കള്‍ വിളിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് വനിത മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തിയത്.

കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ തവണ അമേരിക്കയിലേക്ക് പോയി വരുന്ന ആള്‍ മംമ്ത ആണോ എന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ രസകരമായ മറുപടി.

‘ പല സുഹൃത്തുക്കളും എന്നെ ഇപ്പോള്‍ മംമ്ത മോഹന്‍ദാസ് എന്നല്ല മംമ്ത മോദി എന്നാണ് വിളിക്കുന്നത്. എന്റെ ജീവിതത്തില്‍ സംഭവിച്ച മറ്റെല്ലാം പോലെ ഈ യാത്രയും സാഹചര്യം ആവശ്യപ്പെട്ടു തുടങ്ങിയതാണ്. ഒരു ഘട്ടത്തില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ കൂടിയപ്പോള്‍ ലോസാഞ്ചല്‍സില്‍ ജീവിതം പൂര്‍ണമായും അടിയുവെക്കേണ്ടി വന്നു. അങ്ങനെ 2015 ലെ സമ്മര്‍ മുതല്‍ രണ്ടാഴ്ചയില്‍ ഒരിക്കല്‍ ഇന്ത്യ, കാനഡ, ദുബായ് എന്നിങ്ങനെ യാത്ര ചെയ്യുകയാണ്.

ഇപ്പോഴത്തേക്കാള്‍ കുറഞ്ഞ ഇടവേളയിലായിരുന്നു ആദ്യകാല യാത്രകള്‍. അതുകാരണം ഒരുപാട് സിനിമകള്‍ വേണ്ടെന്നുവെക്കേണ്ടി വന്നു. അതോടെ ഞാന്‍ സിനിമ കുറച്ച് അവധിക്കാലങ്ങളുടെ എണ്ണം കൂട്ടി. വലിയ ഇടവേളകള്‍ ജോലിയെ കൂടുതല്‍ മികച്ചതാക്കാന്‍ സഹായിച്ചിട്ടുണ്ട്. ഞാനിതിനിനെ കുറിച്ച് പലരോടും പറഞ്ഞിരുന്നെങ്കിലും ഈ കൊറോണക്കാലത്താണ് അവധികളെടുത്ത് ഊര്‍ജ്ജം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത പലരും മനസിലാക്കിയത്.

എങ്കിലും യാത്രകള്‍ വളരെ ഇഷ്ടമാണ്. ഈ യാത്രകളില്‍ കൂടുതല്‍ കണ്ടത് കടലും ആകാശവും കുറേ യാഥാര്‍ത്ഥ്യങ്ങളുമാണ്. ഒരുപക്ഷേ ഈ തുടര്‍യാത്രകള്‍ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചുതുടങ്ങിയാല്‍ ഇന്ത്യയിലേക്ക് പൂര്‍ണമായി മടങ്ങി വരുന്നതിനെ കുറിച്ച് ചിന്തിക്കും’, മംമ്ത പറഞ്ഞു.

തനിക്കു പുതിയ പേര് കിട്ടിയതിന്റെ പ്രഖ്യാപനവുമായി മംമ്ത മോഹന്‍ദാസ് നേരത്തേയും ഇന്‍സ്റ്റഗ്രാമില്‍ രംഗത്തെത്തിയിരുന്നു. ആദ്യമായി നിര്‍മ്മിക്കുന്ന മ്യൂസിക് സിംഗിളിന്റെ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് രസകരമായ വീഡിയോയുമായി മംമ്ത പ്രേക്ഷകരുടെ മുന്‍പിലെത്തുന്നത്.

നവംബര്‍ അഞ്ചിന് എല്ലാവരും ഒത്തുകൂടും എന്ന് പറഞ്ഞ മംമ്തയോട് ഏത് സമയത്താണെന്നും എവിടെ വെച്ചാണെന്നും ചോദിക്കുന്ന സുഹൃത്തുക്കളോട് രണ്ട് മണിക്കൂര്‍ അല്ലെങ്കില്‍ മൂന്ന് മണിക്കൂര്‍ കഴിഞ്ഞ് പറയാമെന്നായിരുന്നു മംമ്തയുടെ മറുപടി. ഇതോടെ ഇതെന്താ താന്‍ മോദിയാണോ എന്ന് ചോദിച്ച് സുഹൃത്തുക്കള്‍ എത്തി. പ്രധാനമന്ത്രി മംമ്ത മോദി എന്ന് വിളിച്ച് താരത്തെ സുഹൃത്തായ നടി ശ്രിന്ദ കളിയാക്കുന്നതും വീഡിയോയില്‍ കാണാമായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: For them, I am not Mamta Mohandas, I am Mamta Modi’