കാലുകഴുകിക്കൽ; ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള സ്‌കൂളിന് മുന്‍പില്‍ മനുസ്മൃതി കത്തിച്ച് ഡി.വൈ.എഫ്.ഐ പ്രതിഷേധം
Kerala
കാലുകഴുകിക്കൽ; ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള സ്‌കൂളിന് മുന്‍പില്‍ മനുസ്മൃതി കത്തിച്ച് ഡി.വൈ.എഫ്.ഐ പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 14th July 2025, 1:49 pm

പാലക്കാട്: ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള സ്‌കൂളിൽ വിദ്യാർത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി ഇടത് സംഘടനകൾ. ആലപ്പുഴ നൂറനാട്ടെ വിവേകാന്ദ വിദ്യാ പീഠം സ്‌കൂളിന് മുന്നിൽ മനുസ്മൃതി കത്തിച്ച് ഡി.വൈ.എഫ്.ഐ പ്രതിഷേധ പ്രകടനം നടത്തി.

മാവേലിക്കരയിലെ സ്കൂളിന് മുന്നിൽ എ.ഐ.വൈ എഫ് നടത്തിയ പ്രതിഷേധത്തിൽ സംഘർഷം ഉണ്ടായി. കഴിഞ്ഞ ദിവസങ്ങളിലായാണ് ഗുരുപൂര്‍ണിമ ദിനത്തില്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് അധ്യാപകരുടെ കാൽ കഴുകിക്കുന്ന സംഭവമുണ്ടായത്. സംഭവത്തിന്റെ വിവിധ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പിന്നാലെ വലിയ വിമർശനം ഉയർന്നിരുന്നു.

കാസർഗോഡ് ബന്തടുക്ക കാക്കച്ചാല്‍ സരസ്വതി വിദ്യാലയത്തിൽ വിദ്യാർത്ഥികളെക്കൊണ്ട് കാൽ കഴുകിപ്പിച്ചതിന് പിന്നാലെ കണ്ണൂരിലും സമാന സംഭവം നടന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. പിന്നാലെ സംസ്ഥാനത്തെ മറ്റ് ചില സ്‌കൂളുകളിലും സമാനമായ സംഭവം നടന്നതായി റിപ്പോർട്ടുകൾ വന്നു.

സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി റിപ്പോർട്ട് തേടിയിരുന്നു. ഭാരതീയ വിദ്യാ നികേതൻ നടത്തുന്ന ചില സ്കൂളുകളിൽ വിദ്യാർത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ചെന്ന വാർത്ത അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

‘ഇത് ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കാത്തതും പ്രതിഷേധാർഹവുമാണ്. വിദ്യാഭ്യാസം എന്നത് കുട്ടികളിൽ ശാസ്ത്രബോധവും പുരോഗമന ചിന്തയും വളർത്താനുള്ളതാണ്. ഇത്തരം പ്രവൃത്തികൾ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളെ തന്നെ ഇല്ലാതാക്കുന്നതാണ്. റിപ്പോർട്ടുകൾ പ്രകാരം, കാസർഗോഡ് ബന്തടുക്കയിലെ സരസ്വതി വിദ്യാലയത്തിലും മാവേലിക്കരയിലെ വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ സ്കൂളിലും സമാനമായ സംഭവങ്ങൾ അരങ്ങേറിയിട്ടുണ്ട്. ഇത് തീർത്തും ഞെട്ടിപ്പിക്കുന്നതാണ്,’ അദ്ദേഹം പറഞ്ഞു.

അധ്യാപകരുടെ കാല്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് കഴുകിച്ച സംഭവത്തെ ന്യായീകരിച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ എത്തിയിരുന്നു. ഗുരുപൂജ നമ്മുടെ സംസ്‌കാരമാണെന്നും ഗുരുപൂജയെ എതിര്‍ക്കുന്നവര്‍ ഏത് സംസ്‌കാരത്തില്‍ നിന്നാണ് വരുന്നതെന്നും ഗവര്‍ണര്‍ ചോദിച്ചു.

അതേസമയം വിദ്യാര്‍ഥികളെകൊണ്ട് അധ്യാപകരുടെ കാലുകഴുകിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. കൂടാതെ നൂറനാട് വിവേകാനന്ദ സ്‌കൂളില്‍ പാദപൂജ നടത്തിയ ബിജെപി ജില്ലാ സെക്രട്ടറിയായ അഡ്വ. കെ കെ അനൂപിനെതിരെ ഡി.വൈ.എഫ്.ഐ പരാതി നൽകി. ചടങ്ങില്‍ സ്‌കൂളിലെ അധ്യാപകരുടെയും വിരമിച്ച അധ്യാപകരുടെയും ‘പാദപൂജ’യാണ് നടന്നത്. എന്നാല്‍ അനൂപ് സ്‌കൂളിലെ അധ്യാപകനല്ല.

 

Content Highlight: Foot washing; DYFI protests by burning Manusmriti