മഹാപ്രളയം ഇടുക്കിയെ നാല്പതു വര്‍ഷം പുറകോട്ടടിച്ചു; നൂറു വര്‍ഷങ്ങളായി പൂര്‍വികരുണ്ടാക്കിയതെല്ലാം പ്രളയമെടുത്തെന്നും എം.എം. മണി
Kerala Flood
മഹാപ്രളയം ഇടുക്കിയെ നാല്പതു വര്‍ഷം പുറകോട്ടടിച്ചു; നൂറു വര്‍ഷങ്ങളായി പൂര്‍വികരുണ്ടാക്കിയതെല്ലാം പ്രളയമെടുത്തെന്നും എം.എം. മണി
ന്യൂസ് ഡെസ്‌ക്
Sunday, 26th August 2018, 8:06 pm

ഇടുക്കി: നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തം ഇടുക്കിയെ നാല്പതു വര്‍ഷം പുറകോട്ടടിച്ചിരിക്കുകയാണെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. ഇടുക്കിയെ ഇന്നത്തെ അവസ്ഥയിലെത്തിക്കാന്‍ കഴിഞ്ഞ നൂറു വര്‍ഷമായി പൂര്‍വികന്മാര്‍ ഉണ്ടാക്കിവച്ചതെല്ലാം പ്രളയമെടുത്തെന്നും എം.എം. മണി പറയുന്നു.

ഇടുക്കി ഇന്നേവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് പ്രളയമെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു. കുടിയേറ്റ കര്‍ഷകരുടെ നാടായി അറിയപ്പെടുന്ന ഇടുക്കിയിലാണ് സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ഡാമുകളില്‍ പലതുമുള്ളത്. അളവില്‍ക്കവിഞ്ഞ മഴയക്കൊപ്പം മുല്ലപ്പെരിയാറും ഇടുക്കി ഡാമും തുറന്നുവിട്ടതോടെ കനത്ത നാശനഷ്ടങ്ങളാണ് ജില്ലയില്‍ ഉണ്ടായിരിക്കുന്നത്.

 

Also Read: “മലയാളികളുടെ ഒരുമാസത്തെ ശമ്പളം നല്‍കാനായാല്‍ കേരളത്തിന് കരകയറാനാകും”;ലോകമെങ്ങുമുള്ള മലയാളികളാണ് കേരളത്തിന്റെ കരുത്തെന്ന് മുഖ്യമന്ത്രി

 

തിരുവനന്തപുരത്തുനിന്നും ഇടുക്കിയിലേക്കുള്ള പ്രധാനപാത തകര്‍ന്നതിനെത്തുടര്‍ന്ന് തമിഴ്‌നാട് വഴിയാണ് മന്ത്രി ജില്ലയിലെത്തിയിരുന്നത്. അണക്കെട്ടിലെ ജലം കൈകാര്യം ചെയ്യുന്നതില്‍ പാളിച്ചകളുണ്ടായെന്ന ആരോപണവും വൈദ്യുതി മന്ത്രിയ്‌ക്കെതിരെ പ്രതിപക്ഷം ഉയര്‍ത്തിയിരുന്നു. എന്നാല്‍, വിദഗ്ധര്‍ മുന്നോട്ടുവച്ച മാര്‍ഗനിര്‍ദ്ദേശങ്ങളനുസരിച്ചാണ് തീരുമാനങ്ങളെടുത്തതും നടപ്പില്‍ വരുത്തിയതെന്നും മന്ത്രി വിശദീകരിക്കുന്നു.

വീടും വസ്തുക്കളും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനും ഇടുക്കിയെ പൂര്‍വസ്ഥിതിയിലെത്തിക്കാനും അത്യധ്വാനം തന്നെ വേണ്ടിവരുമെന്ന് ഇടുക്കി എം.എല്‍.എ. റോഷി അഗസ്റ്റിനും പറയുന്നു. കക്ഷി രാഷ്ട്രീയ വ്യത്യാസങ്ങള്‍ മാറ്റിവച്ച് എല്ലാവരും ഒറ്റക്കെട്ടായാണ് ഇടുക്കിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.