തിരൂര്‍: സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവനെതിരെ തിരൂരില്‍ ഫ്‌ളക്‌സ് ബോര്‍ഡ്. സേവ് സി.പി.ഐ.എം എന്ന പേരിലാണ് തിരൂര്‍ നഗരമധ്യത്തില്‍ ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടത്. രൂക്ഷമായ ഭാഷയിലാണ് ഫ്‌ളക്‌സില്‍ എ. വിജയരാഘവനെതിരായ പരാമര്‍ശം.
‘സഖാക്കളേ, വര്‍ഗീയവാദികളെ കൂട്ടുപിടിച്ച് പാര്‍ട്ടിയെ വിറ്റ് കാശാക്കിയ ഇവനല്ലേ ശരിക്കും പരനാറി?, ഇവനോടല്ലേ നമ്മള്‍ കടക്ക് പുറത്ത് എന്ന് പറയേണ്ടത്, എന്നാണ് ഫ്ളക്സിലെ പരാമര്‍ശം.
എസ്.ഡി.പി.ഐ തിരൂര്‍ മണ്ഡലം പ്രസിഡന്റ് ഷാഫിയുമായുള്ള വീഡിയോ പുറത്തുവന്നതിന് പിന്നാലെ കഴിഞ്ഞ ദിവസം വിജയരാഘവനെതിരെ ഒരു വിഭാഗം പാര്‍ട്ടി അണികള്‍ വിമര്‍ശനനങ്ങളുമായെത്തിയിരുന്നു. എസ്.ഡി.പി.ഐ നേതാവുമായുള്ള വിജയരാഘവന്റെ ബന്ധം എന്താണെന്ന് പാര്‍ട്ടി നേതൃത്വം അന്വേഷിക്കണമെന്നും അദ്ദേഹത്തിനെ ബിനാമി ഇടപാടുകള്‍ പരിശോധിക്കണമെന്നും സി.പി.ഐ.എം അണികളും പ്രവര്‍ത്തകരും സമൂഹ മാധ്യമങ്ങളിലടക്കം ആവശ്യപ്പെട്ടിരുന്നു.
പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായിരിക്കെ ലീഗ് എസ്.ഡി.പി.ഐ പ്രവര്‍ത്തകരുമായുള്ള അടുപ്പം സി.പി.ഐ.എം പ്രവര്‍ത്തകരെ അപമാനിക്കുന്നതിന് തുല്യമാണെന്നും മുസ്ലിം ലീഗിനോട് ജീവിതം പോലും പണയം വെച്ച് പോരാടുന്ന മലപ്പുറത്തെ പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മ വീര്യത്തെ കെടുത്തിക്കളയുന്നതുമാണെന്നാണ് വിജയരാഘവനെതിരെയുള്ള ആക്ഷേപം.
നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എം കനത്ത പരാജയം ഏറ്റുവാങ്ങിയപ്പോള്‍ എല്ലാ ജില്ലകളിലും ചുമതലക്കാരായ നേതാക്കള്‍ കടുത്ത വിമര്‍ശനത്തിനിരയായപ്പോള്‍ മലപ്പുറം ജില്ലയുടെ ചുമതലക്കാരനായ വിജയരാഘവന് ജില്ലയിലെ മുഴുവന്‍ സീറ്റും നഷ്ട്ടപ്പെട്ടപ്പോഴും ചോദ്യങ്ങളെ നേരിടേണ്ടി വന്നിട്ടില്ലെന്നും സി.പി.ഐ.എം പ്രവര്‍ത്തകന്‍ സൈബര്‍ ഇടങ്ങളില്‍ ആരോപിക്കുന്നു.
മലയാളം യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ട് കെ.ടി ജലീലിനെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച ലീഗ് നേതാക്കള്‍ വിജയരാഘവന്റെ കച്ചവട ഇടപാടുകളെ ചോദ്യം ചെയ്യില്ലെന്നും കാരണം ഈ ഇടപാടുകളില്‍ ലീഗ് നേതാക്കളും ഭാഗമാണെന്നും സൈബര്‍ സഖാക്കള്‍ ആരോപിക്കുന്നു.
അതേസമയം അദ്ദേഹത്തെ അനുകൂലിച്ചും പല പ്രവര്‍ത്തകരും പ്രതികരിച്ചിരുന്നു. മലപ്പുറത്ത് സി.പി.ഐ.എമ്മിനെ വളര്‍ത്തിയതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് വിജയ രാഘവനെന്നാണ് അനുകൂലിക്കുന്നവരുടെ പക്ഷം.
Content Highlight: Flex Board Against A Vijayaraghavan in Tirur