തിരുവനന്തപുരം: പി.എസ്.സിയുടെ ഫിഷറീസ് ഓഫീസര്‍ റാങ്ക് പട്ടികയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ പ്രതികരിച്ച് കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍. ഫിഷറീസ് വകുപ്പിലെ ഗസറ്റഡ് തസ്തികയായ ‘ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍’ തസ്തികയിലേക്ക് നിയമനം ലഭിച്ച 42 പേരില്‍ 38 പേരും എസ്.എഫ്.ഐക്കാരും ശിങ്കിടികളുമാണെന്ന് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം എസ്.എഫ്.ഐ നേതാക്കള്‍ ഫിഷറീസ് ഓഫീസര്‍ റാങ്ക് പട്ടികയില്‍ കൂട്ടത്തോടെ ഇടംപിടിച്ചതായും ഇതിനെതിരെ നല്‍കിയ പരാതി സര്‍ക്കാര്‍ പൂഴ്ത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കെ.എസ്.യു അധ്യക്ഷന്റെ പ്രതികരണം.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കെ.എസ്.യു അധ്യക്ഷൻ പ്രതികരിച്ചത്. എന്തൊരു മനുഷ്യരാണിവര്‍ എന്ന ചോദ്യത്തോട് കൂടിയാണ് അലോഷ്യസിന്റെ പോസ്റ്റ്.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ നേതാക്കള്‍ക്ക് പി.എസ്.സിയുടെ സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് പട്ടികയില്‍ ഉയര്‍ന്ന റാങ്ക് കിട്ടിയത് മറന്നിട്ടില്ലെന്നും കെ.എസ്.യു നേതാവ് പറയുന്നുണ്ട്.
ഏഴായിരത്തിലധികം ഉദ്യോഗാര്‍ത്ഥികളാണ് ഫിഷറീസ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിച്ചത്. എന്നാല്‍ സിനിമാകഥകളെ സൈഡ്‌ലൈന്‍ ചെയ്യും വിധം ഉന്നത റാങ്ക് നേടി നിയമനം ലഭിച്ചവരില്‍ എസ്.എഫ്.ഐ യൂണിയന്‍ ചെയര്‍മാന്‍, സെക്രട്ടറി, യൂണിവേഴ്‌സിറ്റി കൗണ്‍സിലര്‍ എന്നിവരാണ് ഉള്‍പ്പെടുന്നതെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു.
ഒ.എം.ആര്‍ പരീക്ഷയും ഇന്റര്‍വ്യൂവും കഴിഞ്ഞ് പ്രസിദ്ധീകരിച്ച 110 പേരുടെ റാങ്ക് പട്ടികയില്‍ 42 പേര്‍ക്കാണ് ഇതിനകം നിയമനം ലഭിച്ചത്.
കേരള, കാലിക്കറ്റ്, എം.ജി കുസാറ്റ് തുടങ്ങിയ സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ അപേക്ഷകര്‍ ആയിരുന്നുവെങ്കിലും നിയമനം ലഭിച്ച 38 പേര്‍ കുഫോസില്‍ നിന്നും അടുത്തിടെ പഠനം പൂര്‍ത്തിയാക്കിയവരാണെന്നും അലോഷ്യസ് ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരും ഇടതുപക്ഷവും അധികാര അധികാര ദുര്‍വിനിയോഗത്തിന്റെ ട്രേഡ് ട്രേഡ്മാര്‍ക്കാവുകയാണെന്നും അലോഷ്യസ് കുറ്റപ്പെടുത്തി. എസ്.എഫ്.ഐ ആണെങ്കില്‍ വിദ്യാര്‍ത്ഥി വഞ്ചനയുടെ സംഘടിത രൂപമായെന്നും അദ്ദേഹം വിമര്‍ശിച്ചു.
തന്റെ വാദങ്ങളെ സാധൂകരിക്കാന്‍ ചില പോയിന്റുകളും അലോഷ്യസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
‘റാങ്ക് പട്ടികയിലുള്ള 110 പേരില്‍ 93 പേരും കുഫോസിലെ വിദ്യാര്‍ത്ഥികളാണ്. രണ്ടാം റാങ്കുമായി കുഫോസിലെ എസ്.എഫ്.ഐ സെക്രട്ടറി ബാലു ശേഖര്‍, യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ ശ്രുതി ജോയ് എന്നിവര്‍ റാങ്ക് പട്ടികയിലുണ്ട്, കുഫോസിലെ മുന്‍ രജിസ്ട്രാര്‍, നിലവിലെ രജിസ്ട്രാര്‍, കേരള സര്‍വകലാശാലയിലെ സി.പി.ഐ.എം അധ്യാപക സംഘടന സെക്രട്ടറി കൂടിയായ അസിസ്റ്റന്റ് പ്രൊഫസര്‍ എന്നിവരായിരുന്നു ഇന്റര്‍വ്യൂ ബോര്‍ഡിലെ അംഗങ്ങള്‍,’ എന്നിവയാണ് അലോഷ്യസ് സേവ്യറുടെ വാദങ്ങള്‍.
Content Highlight: Fisheries rank list controversy; Left party becomes trademark of abuse of power: Aloshious Xavier