ആദ്യ പ്രതികരണവുമായി നിതീഷ്, മോദിക്ക് നന്ദി, അതൃപ്തിക്കിടയിലും ലക്ഷ്യം മുഖ്യമന്ത്രി സ്ഥാനം
Bihar Election
ആദ്യ പ്രതികരണവുമായി നിതീഷ്, മോദിക്ക് നന്ദി, അതൃപ്തിക്കിടയിലും ലക്ഷ്യം മുഖ്യമന്ത്രി സ്ഥാനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 12th November 2020, 8:17 am

പട്‌ന: ബീഹാര്‍ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ ആദ്യ പ്രതികരണം നടത്തി ജെ.ഡി.യു നേതാവ് നിതീഷ് കുമാര്‍.

തെരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടും നിതീഷ് കുമാര്‍ പ്രതികരണം നടത്താത്തത് ഏറെ അഭ്യൂഹങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് നിതീഷ് രംഗത്തെത്തിയിരിക്കുന്നത്.

എന്‍.ഡി.എയുടെ വിജയത്തിന് പൂര്‍ണ അവകാശികള്‍ തങ്ങള്‍ക്ക് വോട്ട് ചെയ്ത ജനങ്ങളാണെന്ന് നിതീഷ് കുമാര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ മികച്ച രീതിയില്‍ പിന്തുണച്ച പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കുന്നതായും നിതീഷ് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.

ബീഹാറിലെ ഫല പ്രഖ്യാപനത്തിന് പിന്നാലെ ബി.ജെ.പി നേതാക്കള്‍ വാര്‍ത്താ സമ്മേളനം നടത്തിയെങ്കിലും നിതീഷ് കുമാര്‍ ഒരു പ്രതികരണവും നടത്തിയിരുന്നില്ല.

മോദിയും അമിത് ഷായും ഉള്‍പ്പെടെയുള്ളവര്‍ പ്രതികരണം നടത്തിയിട്ടും ബി.ജെ.പി വിജയാഘോഷവുമായി രംഗത്തെത്തിയപ്പോഴും ജെ.ഡി.യുവിന്റെ ഭാഗത്തുനിന്ന് പ്രതികരണമൊന്നുമില്ലാത്തത് ചര്‍ച്ചകള്‍ വഴിയൊരിക്കിയിരുന്നു. സഖ്യത്തില്‍ നിതീഷിന് അതൃപ്തിയുള്ളതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയും ചെയ്തിരുന്നു.

അതേസമയം, ചൊവ്വാഴ്ച തന്നെ ബി.ജെ.പി നേതാക്കള്‍ നിതീഷിനെ സന്ദര്‍ശിച്ചിരുന്നു. എന്‍.ഡി.എയുടെ മുഖ്യമന്ത്രി നിതീഷ് ആകുമെന്ന് അറിയിച്ചിരുന്നു. ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് മോദി വിശകലനം നടത്തുകയും ബി.ജെ.പിയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് പരാമര്‍ശിക്കുകയും ചെയ്തിരുന്നെങ്കിലും നിതീഷ് കുമാറിനെക്കുറിച്ച് പരാമര്‍ശം നടത്തിയിരുന്നില്ല.

43 സീറ്റുകളില്‍ മാത്രമാണ് ജെ.ഡി.യു വിജയിച്ചിരിക്കുന്നത്. 74 സീറ്റുകളില്‍ ബി.ജെ.പി ആണ് വിജയിച്ചിരിക്കുന്നത്.
അതുകൊണ്ടുതന്നെ ബി.ജെ.പി നല്‍കുന്ന മുഖ്യമന്ത്രി സ്ഥാനം നിതീഷ് സ്വീകരിച്ചാലും ബി.ജെ.പിയില്‍ കടുത്ത സമ്മര്‍ദ്ദം അദ്ദേഹത്തിന് നേരിടേണ്ടിവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  First response of Nitish Kumar after Bihar Election