മമ്മൂട്ടിക്കും മോഹന്‍ലാലിനും മുമ്പേ... മോളിവുഡിലെ ആദ്യ സൂപ്പര്‍സ്റ്റാര്‍?| Dmovies
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍ ആരൊക്കെയാണെന്ന് ചോദിച്ചാല്‍ എല്ലാവരും മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും പേര് പറയും. എന്നാല്‍ മലയാളത്തിലെ ആദ്യ സൂപ്പര്‍സ്റ്റാര്‍ ആരാണെന്ന് ചോദിച്ചാലോ?

മലയാളത്തിലെ ആദ്യ സൂപ്പര്‍ സ്റ്റാര്‍ തിക്കുറിശ്ശി എന്ന പേരില്‍ അറിയപ്പെടുന്ന തിക്കുറിശ്ശി സുകുമാരന്‍ നായരാണ്. കവി, നാടകകൃത്ത്, തിരക്കഥാകൃത്ത്, പ്രാസംഗികന്‍, സംവിധായകന്‍, നടന്‍ തുടങ്ങി സകല മേഖലയിലും കഴിവ് തെളിയിച്ച അതുല്യ പ്രതിഭയാണ് അദ്ദേഹം. ഏകദേശം 47 വര്‍ഷത്തെ കരിയറില്‍ 700ല്‍പരം സിനിമകളില്‍ തിക്കുറിശ്ശി അഭിനയിച്ചിട്ടുണ്ട്.

1950ല്‍ മലയാള സിനിമയുടെ ആരംഭകാലത്താണ് തിക്കുറിശ്ശി ചലച്ചിത്ര ലോകത്തേക്ക് ചുവടുവെക്കുന്നത്. ‘സ്ത്രീ’ എന്ന അദ്ദേഹത്തിന്റെ നാടകത്തിന്റെ അതേ പേരിലുള്ള ചലച്ചിത്രാവിഷ്‌കാരം സ്വയം നിര്‍മിക്കുകയും നായകനാവുകയും ചെയ്തു. അക്കാലത്ത് ഹിന്ദി, തമിഴ് ചലച്ചിത്രങ്ങള്‍ ജനകീയമായി നിലനിന്നിരുന്നതിനാല്‍ ചിത്രം പരാജയമായി. എന്നാല്‍, തൊട്ടടുത്ത വര്‍ഷം പുറത്തിറങ്ങിയ ജീവിതനൗകയിലൂടെ അദ്ദേഹം വലിയ വിജയം സ്വന്തമാക്കി.

നവലോകം, നീലക്കുയില്‍ എന്നീ സിനിമകളിലൂടെ അദ്ദേഹത്തിന്റെ നായകപദവി കൂടുതല്‍ ദൃഢമായി. വിശപ്പിന്റെ വിളി, ഇരുട്ടിന്റെ ആത്മാവ്, തുലാഭാരം, മായ, ആവനാഴി, ആര്യന്‍ എന്നീ സിനിമകളിലൂടെ അദ്ദേഹം തന്റെ സ്ഥാനം മലയാള സിനിമയില്‍ ഉറപ്പിച്ചു.

മലയാള സിനിമക്ക് നല്‍കിയ അദ്ദേഹത്തിന്റെ സംഭാവനകള്‍ക്കുള്ള ആദരവായി 1993ല്‍ കേരള ഗവണ്‍മെന്റ് ജെ.സി.ഡാനിയല്‍ പുരസ്‌കാരം തിക്കുറിശ്ശിക്ക് നല്‍കി. മലയാള സിനിമയിലെ ആദ്യ സംവിധായക നടന്‍ കൂടിയാണ് അദ്ദേഹം.

മലയാളത്തിലെ ആദ്യ സൂപ്പര്‍ഹിറ്റ് ചലച്ചിത്രമായ ജീവിതനൗക എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍സ്റ്റാര്‍ എന്ന പദവി കരസ്ഥമാക്കിയത്. അന്നത്തെ കുട്ടുകുടുംബ ജീവിതത്തിലെ പ്രശ്‌നങ്ങളെക്കുറിച്ചാണ് സിനിമ സംസാരിച്ചത്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലേക്ക് ചിത്രം ഡബ്ബ് ചെയ്തു. അവിടെയും ചിത്രം വലിയ വിജയമായിരുന്നു.

പ്രേം നസീര്‍, മധു, കുതിരവട്ടം പപ്പു, പ്രിയദര്‍ശന്‍, ജെ. ശശികുമാര്‍, തുടങ്ങി മലയാളത്തിലെ പ്രമുഖരായ പല നടന്മാരുടെയും പേര് മാറ്റിയത് തിക്കുറിശ്ശിയാണ്. പത്മശ്രീ, കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം, ജെ.സി. ഡാനിയേല്‍ പുരസ്‌കാരം, ഫിലിംഫെയര്‍ പുരസ്‌കാരം തുടങ്ങി നിരവധി അവാര്‍ഡുകള്‍ക്ക് തിക്കുറിശ്ശി അര്‍ഹനായി.

മലയാള സിനിമയുടെ അഭിമാനമാണ് തിക്കുറിശ്ശി സുകുമാരന്‍ നായര്‍. മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍ പട്ടികയില്‍ ആദ്യ സ്ഥാനം തിക്കുറിശ്ശിക്കുള്ളതാണ്. പക്ഷെ പലര്‍ക്കും ഇക്കാര്യം അറിയില്ല.

content highlight: first mollwood star Thikkurissy Sukumaran Nair