പ്രണവിന്റെ പിറന്നാള്‍ സ്‌പെഷ്യലെന്ന് പറഞ്ഞപ്പോള്‍ ഇത്രക്ക് പ്രതീക്ഷിച്ചില്ല, സോഷ്യല്‍ മീഡിയക്ക് തീയിട്ട് ഡീയസ് ഈറേ ഫസ്റ്റ് ലുക്ക്
Malayalam Cinema
പ്രണവിന്റെ പിറന്നാള്‍ സ്‌പെഷ്യലെന്ന് പറഞ്ഞപ്പോള്‍ ഇത്രക്ക് പ്രതീക്ഷിച്ചില്ല, സോഷ്യല്‍ മീഡിയക്ക് തീയിട്ട് ഡീയസ് ഈറേ ഫസ്റ്റ് ലുക്ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 13th July 2025, 7:59 am

സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഡീയസ് ഈറേ. ഭ്രമയുഗത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് മുതല്‍ ഓരോ അപ്‌ഡേറ്റും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. തുടര്‍ച്ചയായി രണ്ട് ഫീല്‍ ഗുഡ് ചിത്രങ്ങള്‍ക്ക് ശേഷം പ്രണവ് മോഹന്‍ലാല്‍ തന്റെ ട്രാക്ക് മാറ്റുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ഹോറര്‍ ഴോണറിലൊരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ എല്ലാവരെയും അമ്പരപ്പിക്കുന്നതായിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ പ്രണവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. പ്രണവിന്റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. കൈയില്‍ സിഗരറ്റുമായി ഇരിക്കുന്ന പ്രണവിനെയാണ് പോസ്റ്ററില്‍ കാണാന്‍ സാധിക്കുന്നത്.

ചുവന്ന പശ്ചാത്തലത്തിലാണ് പോസ്റ്റര്‍. പ്രണവിന്റെ പുറകില്‍ ഒരുകൂട്ടം സ്ത്രീകള്‍ പാര്‍ട്ടിയില്‍ ആഘോഷിക്കുന്നതും കാണാന്‍ സാധിക്കും. ഹൊറര്‍ ഴോണറില്‍ പല പുതുമകളും പരിചയപ്പെടുത്തിയ രാഹുല്‍ സദാശിവന്‍ പ്രണവ് മോഹന്‍ലാലിനെ വെച്ച് സിനിമ ചെയ്യുമ്പോള്‍ പ്രതീക്ഷകള്‍ വാനോളമാണ്. ഹൊറര്‍ ഴോണറില്‍ തന്നെയാണ് ഈ ചിത്രവും ഒരുങ്ങുന്നതെന്ന് പോസ്റ്ററുകള്‍ വ്യക്തമാക്കുന്നു.

ചിത്രത്തിലെ മറ്റ് താരങ്ങള്‍ ആരൊക്കെയാണെന്ന് ഇതുവരെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. വടകര, തിരുവനന്തപുരം എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ട് പുരോഗമിച്ചത്. ജോര്‍ജിയന്‍ ഓയില്‍ പെയിന്റ് ആര്‍ട്ട് സ്റ്റൈലിലാണ് പോസ്റ്റര്‍ ഒരുക്കിയത്. മൂന്ന് മാസത്തോളം സമയമെടുത്തായിരുന്നു പോസ്റ്റര്‍ പൂര്‍ത്തിയാക്കിയത്. ഏസ്‌തെറ്റിക് കുഞ്ഞമ്മയാണ് ചിത്രത്തിന്റെ പോസ്റ്ററുകള്‍ ഡിസൈന്‍ ചെയ്യുന്നത്.

ഭ്രമയുഗത്തിന്റെ അതേ ക്രൂ തന്നെയാണ് ഡീയസ് ഈറേയിലും പ്രവര്‍ത്തിക്കുന്നത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസാണ് ചിത്രം നിര്‍മിക്കുന്നത്. ഭ്രമയുഗത്തിലെ മന സെറ്റിട്ട് വിസ്മയിപ്പിച്ച ജ്യോതിഷ് ശങ്കര്‍ തന്നെയാണ് ഈ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈന്‍ നിര്‍വഹിക്കുന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫ്രെയിമുകള്‍ കൊണ്ട് ഞെട്ടിച്ച ഷഹ്നാദ് ജലാല്‍ ഈ സിനിമയിലും ക്യാമറ ചലിപ്പിക്കുന്നു.

വര്‍ഷത്തില്‍ ഒരു സിനിമയെന്ന രീതിയില്‍ കരിയര്‍ മുന്നോട്ടു കൊണ്ടുപോകുന്ന പ്രണവും ഓരോ സിനിമയിലും വ്യത്യസ്തത പരീക്ഷിക്കുന്ന രാഹുല്‍ സദാശിവനും ചേരുമ്പോള്‍ മികച്ച സിനിമ തന്നെയാകും ലഭിക്കുകയെന്ന് ഉറപ്പാണ്. ഹാലോവീന്‍ ദിനമായ ഒക്ടോബര്‍ 31നാണ് ചിത്രം തിയേറ്ററുകളിലെത്തുക.

Content Highlight: First look poster of Pranav Mohanlal in  Dies Irae movie out now