മനുഷ്യരില്‍ എച്ച്3എന്‍8 പക്ഷിപ്പനിയുടെ ആദ്യ കേസ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തു
World News
മനുഷ്യരില്‍ എച്ച്3എന്‍8 പക്ഷിപ്പനിയുടെ ആദ്യ കേസ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th April 2022, 7:56 am

ബീജിങ്: ലോകത്തെ, മനുഷ്യരിലുള്ള ആദ്യത്തെ എച്ച്3എന്‍8 പക്ഷിപ്പനി കേസ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തു. ആദ്യമായാണ് എച്ച്3എന്‍8 (H3N8) മനുഷ്യരില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചൈനീസ് ഹെല്‍ത്ത് അതോറിറ്റി തന്നെയാണ് ചൊവ്വാഴ്ച ഇക്കാര്യം വ്യക്തമാക്കിയത്.

സെന്‍ട്രല്‍ ഹെനാന്‍ പ്രവിശ്യയിലുള്ള നാല് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഏപ്രില്‍ അഞ്ചാം തീയതി പനിയും മറ്റ് രോഗലക്ഷണങ്ങളും കാരണം കുട്ടി ചികിത്സ തേടുകയായിരുന്നു.

വീട്ടില്‍ വളര്‍ത്തിയിരുന്ന കോഴികളും കാക്കകളുമായി കുട്ടി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായി ഹെല്‍ത്ത് അതോറിറ്റി പറഞ്ഞു.

എന്നാല്‍ ഇത് പകരാനും പടര്‍ന്ന് പിടിക്കാനുമുള്ള സാധ്യത കുറവാണെന്നും അതോറിറ്റി പ്രസ്താവനയില്‍ പറഞ്ഞു. ക്ലോസ് കോണ്‍ടാക്ടുകളൊന്നും ഉണ്ടായിട്ടില്ലെന്നാണ് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ പ്രതികരിച്ചത്.

നേരത്തെ കുതിര, പട്ടി, പക്ഷികള്‍, സീല്‍ എന്നീ മൃഗങ്ങളിലായിരുന്നു വകഭേദം കണ്ടെത്തിയിരുന്നത്.

പക്ഷിപ്പനിയുടെ വിവിധ വകഭേദങ്ങള്‍ നേരത്തെ തന്നെ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം H10N3 വകഭേദവും ആദ്യമായി മനുഷ്യരില്‍ റിപ്പോര്‍ട്ട് ചെയ്തത് ചൈനയിലായിരുന്നു.

Content Highlight: first human case of H3N8 bird flu reported in China