അധിനിവേശം അനുവദിച്ച് കൊടുക്കില്ല; വ്യോമാക്രമണത്തിന് പിന്നില്‍ പാകിസ്ഥാന്‍: താലിബാന്‍
World News
അധിനിവേശം അനുവദിച്ച് കൊടുക്കില്ല; വ്യോമാക്രമണത്തിന് പിന്നില്‍ പാകിസ്ഥാന്‍: താലിബാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th April 2022, 8:30 am

കാബൂള്‍: അയല്‍രാജ്യങ്ങളില്‍ നിന്നുള്ള അധിനിവേശ ശ്രമങ്ങളെ താലിബാന്‍ സര്‍ക്കാര്‍ അനുവദിച്ച് കൊടുക്കില്ലെന്ന് അഫ്ഗാനിസ്ഥാന്റെ ആക്ടിങ് പ്രതിരോധ മന്ത്രി. പാകിസ്ഥാനെ ഉന്നം വെച്ചായിരുന്നു പരാമര്‍ശം.

അഫ്ഗാനിസ്ഥാനിലെ കുനാര്‍, ഖോസ്റ്റ് എന്നീ പ്രവിശ്യകളില്‍ നടന്ന വ്യോമാക്രമണങ്ങള്‍ക്ക് പിന്നില്‍ പാകിസ്ഥാനാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു താലിബാന്‍ സര്‍ക്കാര്‍ പ്രതിനിധി വിഷയത്തില്‍ പ്രതികരിച്ചത്.

വ്യോമാക്രമണങ്ങളില്‍ ഒരു ഡസനിലധികം പേര്‍ കൊല്ലപ്പെട്ടതായും താലിബാന്‍ വക്താവ് പറഞ്ഞു.

”ഈ ലോകത്ത് നിന്നും സഹോദര രാജ്യങ്ങളില്‍ നിന്നും വലിയ വെല്ലുവിളികളും പ്രശ്‌നങ്ങളുമാണ് ഞങ്ങള്‍ നേരിടുന്നത്. അതിനുള്ള വ്യക്തമായ ഉദാഹരണമാണ് കുനാര്‍ പ്രവിശ്യയില്‍ അവര്‍ നടത്തിയ അധിനിവേശം,” പ്രതിരോധ മന്ത്രി മുല്ല മുഹമ്മദ് യാക്കൂബ് പറഞ്ഞു.

”അധിനിവേശം വെച്ചുപൊറുപ്പിക്കാനാവില്ല. ഈ ആക്രമണം ഞങ്ങള്‍ സഹിച്ചു. ദേശീയ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് അത് സഹിച്ചത്.

അടുത്ത തവണ ഞങ്ങള്‍ അത് സഹിച്ചുകൊള്ളണമെന്നില്ല,” തലസ്ഥാനമായ കാബൂളില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ യാക്കൂബ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, അഫ്ഗാനില്‍ നടന്ന ആക്രമണങ്ങള്‍ക്ക് പിന്നില്‍ തങ്ങളാണെന്നതില്‍ പാകിസ്ഥാന്റെ ഭാഗത്ത് നിന്നും സ്ഥിരീകരണമൊന്നും വന്നിട്ടില്ല. അതേസമയം, അഫ്ഗാനിസ്ഥാനും പാകിസ്ഥാനും സഹോദര രാജ്യങ്ങളാണെന്നും പാകിസ്ഥാന്‍ പറഞ്ഞു.

ഏപ്രില്‍ 16ന് ഖോസ്റ്റ്, കുനാര്‍ പ്രവിശ്യകളില്‍ നടന്ന വ്യോമാക്രമണങ്ങളില്‍ 20 കുട്ടികള്‍ കൊല്ലപ്പെട്ടതായി അഫ്ഗാനിലെ യു.എന്നിന്റെ ചില്‍ഡ്രന്‍സ് ഏജന്‍സി തലവന്‍ വ്യക്തമാക്കിയിരുന്നു.

നേരത്തെ കുനാറിലെ ഷെല്‍ട്ടന്‍ ജില്ലക്ക് നേരെയുണ്ടായ പാകിസ്ഥാനി റോക്കറ്റാക്രമണത്തില്‍ അഞ്ച് കുഞ്ഞുങ്ങളും ഒരു സ്ത്രീയും കൊല്ലപ്പെട്ടതായി താലിബാന്‍ വക്താവ് അറിയിച്ചിരുന്നു.

പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ പ്രവിശ്യാ പ്രദേശമാണ് കുനാര്‍. അതിര്‍ത്തിക്ക് സമീപമുള്ള ഖോസ്റ്റ് പ്രവിശ്യയിലും ഇത്തരത്തില്‍ പാകിസ്ഥാന്‍ വ്യോമസേനയുടെ ആക്രമണമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ആക്രമണത്തെത്തുടര്‍ന്ന് കാബൂളിലെ പാകിസ്ഥാന്‍ അംബാസിഡറെ താലിബാന്‍ സര്‍ക്കാര്‍ വിളിപ്പിക്കുകയും പ്രതിഷേധമറിയിക്കുകയും ചെയ്തിരുന്നു.

Content Highlight: Taliban blames Pakistan for airstrikes that killed dozens, says will not tolerate invasions