കോഴിക്കോട്: ബേപ്പൂര്‍ തീരത്തിന് സമീപം കപ്പലിന് തീപിടിച്ച സംഭവത്തില്‍ കപ്പലിലെ 18 ഓളം ജീവനക്കാരെ രക്ഷപ്പെടുത്തിയതായി റിപ്പോര്‍ട്ട്. കപ്പലില്‍ ആകെ ഉണ്ടായിരുന്നത് 22 ജീവനക്കാരാണ്. ഇതില്‍ നാല് പേരെ കാണാതായിട്ടുണ്ട്. രക്ഷപ്പെടുത്തിയവരില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തായ്‌വാന്‍ സ്വദേശികളായ രണ്ട് പേരേയും ഇന്തോനേഷ്യ, മ്യാന്മാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ പേരെയുമാണ് കാണാതായിരിക്കുന്നത്.
കോഴിക്കോട് തീരത്ത് നിന്ന് 144 കീലോമീറ്റര്‍ വടക്ക് പടിഞ്ഞാറ് ഉള്‍ക്കടലിലാണ് കപ്പല്‍ അപകടത്തില്‍പ്പെട്ടത്.
കപ്പലിലെ 50 ഓളം കണ്ടെയ്നറുകള്‍ കടലില്‍ പതിച്ചെങ്കിലും കപ്പല്‍ മുങ്ങിയിട്ടില്ല. കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന വാന്‍ഹായ് 503 എന്ന സിങ്കപ്പൂര്‍ മദര്‍ഷിപ്പിനാണ് തീപ്പിടിച്ചത്. 2005ലാണ് അപകടത്തില്‍പ്പെട്ട കപ്പല്‍ നിര്‍മിച്ചത്.
ബേപ്പൂര്‍ തീരത്ത് നിന്ന് 45 നോട്ടിക്കല്‍ മൈല്‍ ദൂരത്തിലാണ് അപകടം ഉണ്ടായത്.അപകടത്തിന് പിന്നാലെ കൊച്ചിയില്‍ നിന്ന് നേവിയുടെയും കോസ്റ്റ്ഗാര്‍ഡിന്റേയും കപ്പലുകള്‍ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിരുന്നു.
ഒരു മാസത്തിനിടെ രണ്ടാമത്തെ ചരക്ക് കപ്പലാണ് അപകടത്തില്‍പ്പെടുന്നത്. പരിക്കേറ്റ ജീവനക്കാരെ കേരള തീരത്ത് ചികിത്സയ്ക്ക് എത്തിച്ചാല്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Content Highlight: Fire on ship near Beypore coast ; 18 crew members rescued; four missing, report says