രോഹിത്തും മില്ലറും ഇനി പഴങ്കഥ; ഫിന്‍ അലന്റെ വെടിക്കെട്ടില്‍ പിറന്നത് റെക്കോഡ്
Cricket
രോഹിത്തും മില്ലറും ഇനി പഴങ്കഥ; ഫിന്‍ അലന്റെ വെടിക്കെട്ടില്‍ പിറന്നത് റെക്കോഡ്
ഫസീഹ പി.സി.
Thursday, 5th March 2026, 8:26 am

2026 ടി – 20 ലോകകപ്പില്‍ സൗത്ത് ആഫ്രിക്കയെ തകര്‍ത്ത് ന്യൂസിലാന്‍ഡ് ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ഒന്നാം സെമിയില്‍ ഒമ്പത് വിക്കറ്റിന് തോല്‍പ്പിച്ചാണ് ടീമിന്റെ വിജയം.

പ്രോട്ടിയാസ് ഉയര്‍ത്തിയ 170 റണ്‍സിന്റെ വിജയലക്ഷ്യം കിവീസ് 43 പന്തുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. ഫിന്‍ അലന്റെ വെടിക്കെട്ട് സെഞ്ച്വറി കരുത്തിലാണ് ടീമിന്റെ ഫൈനല്‍ പ്രവേശം.

ഫിന്‍ അലന്‍. Photo: Tanuj/x.com

മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയ അലന്‍ 13ാം ഓവറിലെ അഞ്ചാം പന്തില്‍ ഫോറടിച്ച് ടീമിന്റെ വിജയത്തോടൊപ്പമാണ് തന്റെ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 33 പന്തില്‍ 100 റൺസെടുത്ത് താരം പുറത്താവാതെ നിന്നു. എട്ട് സിക്സും പത്ത് ഫോറുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. 303.03 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം ബാറ്റ് വീശിയത്.

ഇതോടെ ഒരു സൂപ്പര്‍ നേട്ടവും അലന്‍ സ്വന്തമാക്കി. ടി – 20യില്‍ ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടുന്ന താരം എന്ന നേട്ടമാണ് കിവി ബാറ്റര്‍ തന്റെ പേരില്‍ കുറിച്ചത്. ഇന്ത്യന്‍ താരം രോഹിത് ശര്‍മയും സൗത്ത് ആഫ്രിക്ക താരം ഡേവിഡ് മില്ലറെയും മറികടന്നാണ് താരത്തിന്റെ ഈ നേട്ടം. ഇരുവരും 35 പന്തിലാണ് സെഞ്ച്വറി നേടിയത്. ഇതാണ് കിവീസ് ബാറ്റര്‍ ഇപ്പോള്‍ പഴങ്കഥയാക്കിയത്.

ടി – 20യില്‍ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടിയ താരങ്ങള്‍

(താരം – ടീം – എതിരാളി – പന്തുകള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

ഫിന്‍ അലന്‍ – ന്യൂസിലാന്‍ഡ് – സൗത്ത് ആഫ്രിക്ക – 33 – 2026

ഡേവിഡ് മില്ലര്‍ – സൗത്ത് ആഫ്രിക്ക – ബംഗ്ലാദേശ് – 35 – 2017

രോഹിത് ശര്‍മ – ഇന്ത്യ – ശ്രീലങ്ക – 35 – 2017

അഭിഷേക് ശര്‍മ – ഇന്ത്യ – ഇംഗ്ലണ്ട് – 37 – 2025

ടിം ഡേവിഡ് – ഓസ്‌ട്രേലിയ – വെസ്റ്റ് ഇന്‍ഡീസ് – 37 – 2025

ന്യൂസിലാന്‍ഡിനായി അലന് പുറമെ ടിം ഷിഫെര്‍ട്ട് 33 പന്തില്‍ 58 റണ്‍സും രചിന്‍ രവീന്ദ്ര 11 പന്തില്‍ 13 റണ്‍സും സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തു. സൗത്ത് ആഫ്രിക്കക്കയുടെ ഏക വിക്കറ്റ് കാഗിസോ റബാദക്കാണ്.

മാർക്കോ യാൻസൻ. Photo: Tanuj/x.com

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പ്രോട്ടിയാസിനായി തിളങ്ങിയത് മാര്‍ക്കോ യാന്‍സനാണ്. താരം 30 പന്തില്‍ പുറത്താവാതെ 55 റണ്‍സെടുത്തു. ഒപ്പം ഡെവാള്‍ഡ് ബ്രെവിസ് 27 പന്തില്‍ 34 റണ്‍സും ട്രിസ്റ്റന്‍ സ്റ്റബ്‌സ് 24 പന്തില്‍ 29 റണ്‍സും സംഭാവന ചെയ്തു.

കിവീസിനായി രചിന്‍ രവീന്ദ്രയും മാറ്റ് ഹെന്റിയും കോള്‍ മക്കോന്‍ച്ചിയും രണ്ട് വിക്കറ്റുകള്‍ വീതം നേടി. ലോക്കി ഫെര്‍ഗുസണ്‍, ജെയിംസ് നിഷാം എന്നിവര്‍ ഓരോ വിക്കറ്റുകളും പിഴുതു.

Content Highlight: Finn Allen registered fastest ever century in T20I by surpassing Rohit Sharma and David Miller

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി