ഞാന്‍ ആരാണോ അത് തന്നെയാണ് ഞാന്‍. 36കാരിയായ അമ്മ, സുഹൃത്തുക്കളും സോഷ്യല്‍ ലൈഫുമുള്ള ഒരു യുവതി: വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെ ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി
World News
ഞാന്‍ ആരാണോ അത് തന്നെയാണ് ഞാന്‍. 36കാരിയായ അമ്മ, സുഹൃത്തുക്കളും സോഷ്യല്‍ ലൈഫുമുള്ള ഒരു യുവതി: വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെ ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 22nd January 2022, 5:05 pm

ഹെല്‍സിങ്കി: ചെറുപ്പക്കാരികളായ സ്ത്രീകള്‍ നയിക്കുന്ന സര്‍ക്കാരുകളെ ഉന്നംവെച്ച് വിദ്വേഷ പ്രചരണങ്ങള്‍ നടക്കുന്നുണ്ടെന്ന് ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി സന്ന മരിന്‍.

ജെന്‍ഡറും കാഴ്ചാരീതിയും വെച്ച് തന്നെയും സഹപ്രവര്‍ത്തകരായ വനിതാ മന്ത്രിമാരുടെയും നേരെ വിദ്വേഷ പ്രചരണങ്ങള്‍ നടക്കുന്നുണ്ടെന്നാണ് 36കാരിയായ സന്ന പറഞ്ഞത്.

”സ്ത്രീകളാണെങ്കില്‍, യുവതികളാണെങ്കില്‍ നമ്മള്‍ക്കെതിരെയുള്ള വിദ്വേഷ പ്രചരണങ്ങള്‍ സെക്ഷ്വലൈസ്ഡ് (Sexualised) ആയിരിക്കും,” റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സന്ന മരിന്‍ പറഞ്ഞു.

2019 ഡിസംബറില്‍ ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രിയായി അധികാരത്തിലേറിയതോടെ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി മാറിയിരുന്നു മരിന്‍.

മരിന്റെ നേതൃത്വത്തിലുള്ള സെന്റര്‍-ലെഫ്റ്റ് സഖ്യസര്‍ക്കാരിന്റെ ഭാഗമായ അഞ്ച് പാര്‍ട്ടികളുടെയും നേതാക്കളും സ്ത്രീകളാണ്.

വിദ്വേഷ പ്രചരണങ്ങള്‍ താന്‍ എടുക്കുന്ന തീരുമാനങ്ങളെ ബാധിക്കാറില്ലെന്നും എന്നാല്‍ സമൂഹമാധ്യമങ്ങള്‍ വഴി ആളുകളെ വേദനിപ്പിക്കുന്ന പ്രവണതയെക്കുറിച്ച് ആലോചിക്കുമ്പോള്‍ ആശങ്ക തോന്നാറുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കൊവിഡ് മഹാമാരിയുടെ സമയത്ത് മരിന്‍ പാര്‍ട്ടികളില്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത് വലിയ വാര്‍ത്തയായിരുന്നു. ഇതില്‍ ചിലത് തമാശ രൂപത്തിലായിരുന്നെങ്കിലും മറ്റ് ചിലത് മരിനെ അപമാനിക്കുന്ന തരത്തിലുള്ളവയായിരുന്നു.

ഈ പശ്ചാത്തലത്തില്‍ കൂടിയാണ് സെക്‌സിസ്റ്റ് ആക്രമണങ്ങള്‍ക്കെതിരെ മരിന്‍ പ്രസ്താവന നടത്തിയിരിക്കുന്നത്.

ലോകത്തെ പ്രധാന ഫാഷന്‍ മാഗസിനുകളുടെ കവര്‍ ചിത്രമായി മരിന്‍ പ്രത്യക്ഷപ്പെട്ടതിനെതിരെയും നിരവധി പേര്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഇതിനെതിരെയും മരിന്‍ പ്രതികരിച്ചു.

”ഞാന്‍ ആരാണോ അത് തന്നെയാണ് ഞാന്‍. 36 വയസുകാരിയായ ഒരു അമ്മ, സുഹൃത്തുക്കളും സോഷ്യല്‍ ലൈഫുമുള്ള ഒരു യുവതി,” സന്ന മരിന്‍ പറഞ്ഞു.

ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ കൂടിയാണ് മരിന്‍. ഇന്‍സ്റ്റഗ്രാമില്‍ അഞ്ച് ലക്ഷത്തിലധികം ഫോളോവേഴ്‌സാണ് ഇവര്‍ക്കുള്ളത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Finland’s Prime minister Sanna Marin says young female government has been target of hate speech