കോടതിയെപ്പോലും അസ്വസ്ഥമാക്കുന്നെങ്കില്‍ ആ തെളിവുകള്‍ അത്ര നിസാരമായിരിക്കില്ല: ബാലചന്ദ്ര കുമാറിന്‍റെ പ്രതികരണം
Kerala News
കോടതിയെപ്പോലും അസ്വസ്ഥമാക്കുന്നെങ്കില്‍ ആ തെളിവുകള്‍ അത്ര നിസാരമായിരിക്കില്ല: ബാലചന്ദ്ര കുമാറിന്‍റെ പ്രതികരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 22nd January 2022, 4:17 pm

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപിനെ ക്രൈംബ്രാഞ്ചിന് ചോദ്യം ചെയ്യാന്‍ ഹൈക്കോടതി അനുമതി നല്‍കിയതില്‍ പ്രതികരണവുമായി സംവിധായകന്‍ ബാലചന്ദ്ര കുമാര്‍.

ഒരു സാധാരണ പൗരനെപ്പോലെയാണ് ഈ കേസ് വീക്ഷിക്കാന്‍ പറ്റൂവെന്ന് പറഞ്ഞ ബാലചന്ദ്ര കുമാര്‍ പ്രോസിക്യൂഷന്‍ നല്‍കിയ പല തെളിവുകളും കോടതിക്ക് അസ്വസ്ഥതയുണ്ടാക്കുന്നു എന്നത് തെളിവുകളുടെ ഗൗരവ സ്വഭാവമാണ് കാണിക്കുന്നതെന്നും പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.

”കോടതി ഒരു പരാമര്‍ശം നടത്തിയിരുന്നു. പ്രോസിക്യൂഷന്‍ നല്‍കിയ പല തെളിവുകളും കോടതിക്ക് അസ്വസ്ഥതയുണ്ടാക്കുന്നു എന്ന്. അതില്‍ നിന്ന് തന്നെ ഒരു സാധാരണക്കാരന് വായിച്ചെടുക്കാം നിസാരമായ തെളിവുകളായിരിക്കില്ല അത് എന്ന്.

കോടതിയെപ്പോലും അസ്വസ്ഥമാക്കുന്നു എന്നുണ്ടെങ്കില്‍ അതില്‍ എന്തെങ്കിലും ഇല്ലാതെ കോടതി പറയില്ല. അത് എനിക്ക് സമാധാനം നല്‍കുന്ന കാര്യമാണ്,” ബാലചന്ദ്ര കുമാര്‍ പറഞ്ഞു.

ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി അന്തിമ വിധി പറഞ്ഞിട്ടില്ല. ഇടക്കാല ഉത്തരവാണ് കോടതി പുറപ്പെടുവിച്ചത്.

ദിലീപും മറ്റ് പ്രതികളും അടുത്ത രണ്ട് ദിവസങ്ങളില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാവണമെന്നാണ് ഉത്തരവില്‍ പറയുന്നത്. വ്യാഴാഴ്ച വരെ ദിലീപിനെ അറസ്റ്റ് ചെയ്യരുതെന്നും ഉത്തരവില്‍ പറയുന്നു.

ഇതോടെ അടുത്ത രണ്ട് ദിവസം ദിലീപിനെ ക്രൈംബ്രാഞ്ചിന് ചോദ്യം ചെയ്യാം.

അന്വേഷണ പുരോഗതി ചൊവ്വാഴ്ച കോടതിയെ അറിയിക്കണമെന്നും ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്. നാളെ മുതല്‍ ചൊവ്വാഴ്ച വരെ ചോദ്യം ചെയ്യാനാണ് അനുമതി.

അതേസമയം കോടതി ഉത്തരവിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. പ്രതികള്‍ ചോദ്യം ചെയ്യലിന് ശേഷം ഒത്തുകൂടാനും പിറ്റേ ദിവസത്തേക്കുള്ള മൊഴികള്‍ പ്ളാന്‍ ചെയ്യാനും സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ദിലീപ് പദ്ധതിയിട്ടിരുന്നു എന്ന് ദിലീപിന്റെ സുഹൃത്ത് കൂടിയായിരുന്ന ബാലചന്ദ്ര കുമാര്‍ നേരത്തെ പറഞ്ഞിരുന്നു.

നേരത്തെ, ദിലീപ് ഗൂഢാലോചന നടത്തി എന്ന് പ്രോസിക്യൂഷന്‍ വാക്കാല്‍ മാത്രം പറഞ്ഞാല്‍ പോരാ മറിച്ച് അതിനെ സാധൂകരിക്കുന്ന തെളിവുകള്‍ ഹാജരാക്കണമെന്ന് ജാമ്യഹരജി പരിഗണിച്ചുകൊണ്ട് കോടതി പറഞ്ഞിരുന്നു.
ഒരാളെ കൊല്ലുമെന്ന് പ്രസ്താവന നടത്തിയാല്‍ അതെങ്ങനെ ഗൂഢാലോചനയുടെ പരിധിയില്‍ വരും എന്നായിരുന്നു കോടതി ചോദിച്ചത്.

അതേസമയം ഗൂഢാലോചന കേസില്‍ നിര്‍ണായകമായ തെളിവുകളുണ്ടെന്നും വാക്കാലുള്ള പ്രസ്താവന മാത്രമല്ല, അധിക തെളിവുകളും ഹാജരാക്കിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ തുറന്ന കോടതിയില്‍ വെച്ച് അത് പറയാന്‍ സാധിക്കില്ലെന്നും പ്രോസിക്യൂഷന്‍ അറിയിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Balachandra Kumar’s reaction on Crime branch going to question Dileep