ലോകം ഇന്ത്യയെ അഭിനന്ദിക്കുന്നു; പ്രതികൂല കാലാവസ്ഥയിലും ഇന്ത്യന്‍ സാമ്പത്തിക രംഗം ഭദ്രം: നിര്‍മല സീതാറാം
national news
ലോകം ഇന്ത്യയെ അഭിനന്ദിക്കുന്നു; പ്രതികൂല കാലാവസ്ഥയിലും ഇന്ത്യന്‍ സാമ്പത്തിക രംഗം ഭദ്രം: നിര്‍മല സീതാറാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 1st February 2023, 1:00 pm

ന്യൂദല്‍ഹി: ഇന്ത്യ ലോകത്ത് അതിവേഗം വളരുന്ന രാജ്യമെന്ന് ധനമന്ത്രി നിര്‍മല സീതാറാം. വ്യവസായ രംഗത്ത് ഇന്ത്യ നവീകരിക്കപ്പെട്ടുവെന്നും രാജ്യം ശരിയായ ദിശയിലാണ് മുന്നേറുന്നതെന്നും ബജറ്റ് പ്രസംഗത്തിനിടെ ധനമന്ത്രി പറഞ്ഞു.

രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റാണ് നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്നത്. പ്രതിപക്ഷ പ്രതിഷേധത്തോടെയാണ് ബജറ്റവതരണം തുടങ്ങിയത്.

ലോകത്തെ സാമ്പത്തിക ശക്തികളില്‍ ഇന്ത്യക്ക് അഞ്ചാം സ്ഥാനമുണ്ടെന്നും പ്രതികൂല കാലാവസ്ഥയിലും ഇന്ത്യന്‍ സാമ്പത്തിക രംഗം ഭദ്രമാണെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

‘ലോകം ഇന്ത്യയുടെ വിജയത്തെ അഭിനന്ദിക്കുകയാണ്. ഇനിയുള്ള ഏഴ് വര്‍ഷം ഏഴ് ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ബജറ്റ് അടുത്ത 100 വര്‍ഷത്തേക്കുള്ള ബ്ലൂപ്രിന്റാണ്.

രാജ്യം അനുഭവിക്കുന്ന വളര്‍ച്ചയുടെ ഫലം എല്ലാ വിഭാഗങ്ങളിലും എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്,’ ധനമന്ത്രി പറഞ്ഞു.

ഹരിത വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. ടൂറിസം മേഖലയ്ക്ക് പ്രാധാന്യം നല്‍കും. ജമ്മു കശ്മീര്‍ ലഡാക്ക്, നോര്‍ത്ത് ഈസ്റ്റ് മേഖലകളുടെ സുസ്ഥിര വികസനം ഉറപ്പാക്കുമെന്നും ധനമന്ത്രി പറഞ്ഞു.

ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍

-പാന്‍ കാര്‍ഡ് തിരിച്ചറിയല്‍ കാര്‍ഡായി അംഗീകരിക്കപ്പെടും

-157 നഴ്സിങ് കോളജുകള്‍; അധ്യാപക പരിശീലനത്തിന് പുതിയ കരിക്കുലം; വിദ്യാഭ്യാസ മേഖലയിലെ ബജറ്റ്

-കൃഷിക്ക് ഡിജിറ്റല്‍ പ്ലാറ്റ്ഫോം, ഇന്ത്യയെ മില്ലറ്റ് ഹബ്ബാക്കും

-2047നകം അരിവാള്‍ രോഗം നിര്‍മാര്‍ജനം ചെയ്യാന്‍ പദ്ധതി

-രാജ്യത്തെ ഗതാഗത മേഖലയുടെ വികസനത്തിനായി 75,000 കോടി അനുവദിച്ചു.

-സംസ്ഥാനങ്ങളുടെയും പൊതു സ്വകാര്യ പങ്കാളിത്തത്തോടെയും പദ്ധതികള്‍ ആവിഷ്‌കരിക്കും.

– ആദിവാസി മേഖല കേന്ദ്രീകരിച്ച് ആരോഗ്യ രക്ഷാപദ്ധതി നടപ്പാക്കും

– സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കായി ശാക്തീകരണ പദ്ധതി രൂപീകരിക്കും

Content Highlight: Finance Minister Nirmala Sitaram said that India is the fastest growing country in the world