'തിയറ്ററില്‍ ആളില്ലാതാകുമ്പോള്‍ സിനിമാക്കാര്‍ സഹായത്തിനായി വിളിച്ചത് ഒരാളെ മാത്രം,' ഷക്കീല ട്രെയ്‌ലര്‍ പുറത്തുവന്നു
Entertainment
'തിയറ്ററില്‍ ആളില്ലാതാകുമ്പോള്‍ സിനിമാക്കാര്‍ സഹായത്തിനായി വിളിച്ചത് ഒരാളെ മാത്രം,' ഷക്കീല ട്രെയ്‌ലര്‍ പുറത്തുവന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 9th December 2020, 12:27 pm

തെന്നിന്ത്യയിലെ സൂപ്പര്‍ താരമായിരുന്ന ഷക്കീലയുടെ ജീവിത കഥ പറയുന്ന പുതിയ ചിത്രം ഷക്കീലയുടെ ട്രെയ്‌ലര്‍ പുറത്തുവന്നു. ബോളിവുഡ് താരം റിച്ച ഛദ്ദയാണ് ഷക്കീലയാവുന്നത്. ക്രിസ്തുമസിന് ചിത്രം തിയറ്ററുകളിലെത്തും.

ആളൊഴിഞ്ഞ തിയറ്ററിന്റെ ദൃശ്യങ്ങള്‍ കാണിച്ചുകൊണ്ടാണ് ട്രെയ്‌ലര്‍ ആരംഭിക്കുന്നത്. ‘തൊണ്ണൂറികളില്‍ സിനിമാ തിയറ്ററുകളില്‍ ആളില്ലാതാകുമ്പോഴെല്ലാം സിനിമാ നിര്‍മ്മാതാക്കളും വിതരണക്കാരും ഒരേ ഒരു പേര് മാത്രമേ വിളിച്ചിരുന്നുള്ളു. ഇന്ന് സിനിമാ ഹാളുകള്‍ വീണ്ടും ശൂന്യമായിരിക്കുകയാണ്. അപ്പോള്‍ അവളെ വീണ്ടും വിളിക്കുകയാണ്.’ എന്നാണ് ദൃശ്യങ്ങളോടൊപ്പം വരുന്ന വോയ്‌സ് ഓവറില്‍ പറയുന്നത്.

വിവരണം അവസാനിക്കുന്നതോടെയാണ് റിച്ച ഛദ്ദ സ്‌ക്രീനിലെത്തുന്നത്. ‘ഷക്കീല ഷക്കീല’ എന്ന് ആര്‍പ്പുവിളിക്കുന്ന ജനങ്ങളുടെ സ്വരമാണ് പിന്നീട് നിറയുന്നത്. ഷക്കീലയുടെ പല ചിത്രങ്ങളുടെയും പുനരാവിഷ്‌കാരവുമായാണ് ദൃശ്യങ്ങളില്‍ റിച്ച എത്തുന്നത്. ട്രെയ്‌ലറുകളില്‍ മലയാളം തിയറ്ററുകളും കാണിക്കുന്നുണ്ട്.

നേരത്തെ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ച് കൊണ്ടുള്ള പുതിയ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ചുവന്ന സാരിയുടുത്ത് കൈയ്യില്‍ തോക്ക് പിടിച്ചുനില്‍ക്കുന്ന റിച്ച ഛദയായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്.

ഇന്ദ്രജിത് ലങ്കേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പങ്കജ് ത്രിപാഠി, മലയാളി താരം രാജീവ് പിള്ളയുമാണ് ചിത്രത്തില്‍ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സമ്മി നന്‍വാനി, സഹില്‍ നന്‍വാനി എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.

16ാം വയസിലാണ് ഷക്കീല തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി 250 ചിത്രങ്ങളില്‍ ഷക്കീല ഇതിനോടകം വേഷമിട്ടിട്ടുണ്ട്. തെലുങ്കിലൂടെ സിനിമാ രംഗത്തെത്തിയ ഷക്കീല കിന്നാരത്തുമ്പികള്‍ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തിയിരുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Shakeela Movie trailer out