പുതുമുഖങ്ങള്‍ക്ക് ഒന്നരക്കോടി നല്‍കുന്നത് നഷ്ടമല്ല; അടൂരിന് മന്ത്രിയുടെ മറുപടി
Kerala
പുതുമുഖങ്ങള്‍ക്ക് ഒന്നരക്കോടി നല്‍കുന്നത് നഷ്ടമല്ല; അടൂരിന് മന്ത്രിയുടെ മറുപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 3rd August 2025, 6:35 pm

തിരുവനന്തപുരം: സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പ്രസ്താവനയില്‍ മറുപടിയുമായി സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍.

പുതുമുഖങ്ങള്‍ക്ക് ഒന്നരക്കോടി നല്‍കുന്നത് നഷ്ടമായി സര്‍ക്കാര്‍ കാണുന്നില്ലെന്ന് സജി ചെറിയാന്‍ പറഞ്ഞു. സിനിമ നിര്‍മിക്കുന്നതിനായി സ്ത്രീകള്‍ക്കും ദളിത് വിഭാഗക്കാര്‍ക്കും സര്‍ക്കാര്‍ നല്‍കിവരുന്ന ഫണ്ടിനെതിരായ അടൂരിന്റെ പ്രസ്താവനക്കുള്ള മറുപടിയാണ് സജി ചെറിയാന്‍ നല്‍കിയത്.

ഏറ്റവും നല്ല സിനിമ തെരഞ്ഞെടുത്താല്‍, ആ സിനിമക്കെങ്കിലും നല്ല പ്രോത്സാഹനം നല്‍കാന്‍ കഴിയുന്ന തരത്തിലുള്ള ഗ്രാന്റോ സബ്‌സിഡിയോ കൊടുക്കുക എന്ന നിലപാട് നമുക്ക് സ്വീകരിക്കാന്‍ കഴിയണം. കൂടുതല്‍ സഹായം കൊടുക്കേണ്ടി വന്നാല്‍ അതും കൊടുക്കണം. അതൊന്നും ഒരു നഷ്ടമായി താന്‍ കരുതുന്നില്ലെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.

ഇത്തരത്തില്‍ സഹായം കൊടുത്താല്‍ സിനിമാ മേഖല കൂടുതല്‍ ശാക്തീകരിക്കപ്പെടുമെന്നും അതിന്റെ ഭാഗമായി ധനകാര്യമേഖലയിലേക്ക് വലിയ തോതിലുള്ള സമ്പത്ത് ഒഴുകിവരുമെന്നും സജി ചെറിയാന്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യം പോളിസിയില്‍ ഉള്‍പ്പെടുത്തണമെന്ന് തന്നെയാണ് സര്‍ക്കാരിന്റെ നിലപാടെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.

കൂടാതെ സ്‌ക്രീനിങ് കമ്മിറ്റി ചേര്‍ന്നാണ് അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നതെന്നും സര്‍ക്കാരിന്റെ സഹായം സ്ത്രീകളെയും ദളിത് വിഭാഗത്തെയും മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് വേണ്ടിയാണെന്നും മന്ത്രി പറഞ്ഞു.

‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് എവിടെ പോയെന്ന’ ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പിയുടെ പരാമര്‍ശത്തിനും സജി ചെറിയാന്‍ മറുപടി നല്‍കി.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് എവിടെയും പോയിട്ടില്ലെന്നും അത് പോകാത്തതുകൊണ്ടാണ് ഫിലിം കോണ്‍ക്ലേവ് നടക്കുന്നതെന്നുമാണ് സജി ചെറിയാന്‍ പ്രതികരിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിരിക്കുന്ന വിവരങ്ങളെ കുറിച്ച് തനിക്കും ശ്രീകുമാരന്‍ തമ്പിക്കും അറിയില്ല. എന്നാല്‍ റിപ്പോര്‍ട്ടിലെ നയങ്ങളാണ് ഇപ്പോള്‍ പ്രാബല്യത്തിലാകുന്നതെന്നും സജി ചെറിയാന്‍ പറഞ്ഞു.

മലയാള ചലച്ചിത്ര മേഖലയിലെ 80ല്‍ അധികം സംഘടനകളുടെ പങ്കാളിത്തത്തോടെയാണ് സിനിമാ കോണ്‍ക്ലേവ് നടന്നത്. തുറന്ന ചര്‍ച്ചകളാണ് കോണ്‍ക്ലേവില്‍ നടന്നത്. രണ്ടു ദിവസങ്ങളിലായി നടന്ന കോണ്‍ക്ലേവില്‍ പ്രധാനമായും നാല് വിഷയങ്ങളാണ് ചര്‍ച്ച ചെയ്യപ്പെട്ടത്.

ചലച്ചിത്ര നിര്‍മാണവും സൗകര്യങ്ങളും, അടിസ്ഥാന സൗകര്യ വികസനവും പൈതൃക സംരക്ഷണവും, ആഗോള വിപണിയും ഫിലിം ടൂറിസവും, ചലച്ചിത്ര വിദ്യാഭ്യാസവും സാമൂഹ്യ പങ്കാളിത്തവും എന്നീ വിഷയങ്ങളിലാണ് ചര്‍ച്ച നടന്നത്.

Content Highlight: Giving Rs 1.5 crore to new faces is not a waste; saji cherian’s reply to Adoor