മത്സരത്തില്‍ നായകന്‍ കിലിയന്‍ എംബാപ്പെയാണ് ഫ്രാന്‍സിന്റെ ഏക ഗോള്‍ അടിച്ചത്. രാഗ്വേ താരം ഡീഗോ ഗോമസ് പകരക്കാരനായി എത്തിയ ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ ഡിസൈര്‍ ഡൗവിനെ ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് താരത്തിന്റെ ഗോള്‍ നേട്ടം. 70ാം മിനിട്ടിലാണ് ഫ്രഞ്ച് നായകന്‍ സ്‌കോര്‍ ചെയ്തത്.
ഇതോടെ തന്റെ തന്നെ ഒരു റെക്കോഡും എംബാപ്പെ തിരുത്തിയെഴുതി. ലോകകപ്പ് നോക്കൗട്ടില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ തന്റെ തന്നെ റെക്കോഡാണ് താരം മാറ്റിയെഴുതിയത്. ഇതുവരെ 11 ഗോളുകളാണ് ഫ്രഞ്ച് നായകന്‍ ലോകകപ്പ് നോക്കൗട്ടില്‍ അടിച്ചിട്ടുള്ളത്.
ഈ ലോകകപ്പിന്റെ റൗണ്ട് ഓഫ് 32ല്‍ സ്വീഡനെതിരെ രണ്ട് ഗോളുകള്‍ നേടിയാണ് എംബാപ്പെ നോക്കൗട്ടില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ അടിച്ച താരമെന്ന നേട്ടം സ്വന്തമാക്കിയത്. ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡോ നസാരിയോയെ മറികടന്നായിരുന്നു എംബാപ്പെയുടെ റെക്കോഡ് വേട്ട.
അതേസമയം, മത്സരത്തില്‍ ഫ്രാന്‍സ് ശക്തമായ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും പരാഗ്വേയുടെ പ്രതിരോധത്തില്‍ അവയെല്ലാം വിഫലമായി. ഒടുവില്‍ പെനാല്‍റ്റി ടീമിന് പുതുജീവന്‍ നല്‍കുകയായിരുന്നു. കളിയുടെ അവസാന നിമിഷങ്ങളില്‍ എംബാപ്പെയ്ക്ക് ഗോള്‍ നേട്ടം ഉയര്‍ത്താന്‍ അവസരം ലഭിച്ചിരുന്നു.
എന്നാല്‍, പരാഗ്വേ ഗോളി ഇരട്ട സേവുമായി കരുത്ത് തെളിയിച്ചു. ഒടുവില്‍ ഫൈനല്‍ വിസിലെത്തിയതോടെ ഫ്രാന്‍സ് ക്വാര്‍ട്ടറിലേക്ക് മാര്‍ച്ച് ചെയ്യുകയായിരുന്നു. ക്വാര്‍ട്ടറില്‍ ഫ്രാന്‍സിന്റെ എതിരാളികള്‍ സഹ ആതിഥേയരായ കാനഡയെ തകര്‍ത്തെത്തുന്ന ആഫ്രിക്കന്‍ കരുത്തരായ മൊറോക്കോയാണ്. ജൂലൈ പത്തിന് ബോസ്റ്റണ്‍ സ്റ്റേഡിയത്തിലാണ് ഈ മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
Content Highlight: FIFA World Cup 2026: Kylian Mbappe break his own record of most goals in FIFA World Cup knock out stages