പെസസ്‌കിയാന്റെ മാപ്പിന് പിന്നാലെ യു.എ.ഇയും കുവൈത്തും വീണ്ടും ആക്രമിച്ച് ഇറാന്‍
Trending
പെസസ്‌കിയാന്റെ മാപ്പിന് പിന്നാലെ യു.എ.ഇയും കുവൈത്തും വീണ്ടും ആക്രമിച്ച് ഇറാന്‍
അനിത സി
Saturday, 7th March 2026, 9:50 pm

അബുദാബി: അയല്‍രാജ്യങ്ങളായ അറബ് രാജ്യങ്ങളെ ആക്രമിച്ചതില്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസസ്‌കിയാന്‍ ക്ഷമാപണം നടത്തിയതിന് തൊട്ടുപിന്നാലെ ഖത്തറിലും കുവൈത്തിലും യു.എ.ഇയിലും വ്യോമാക്രണം നടത്തി ഇറാന്‍.

ഇറാന്റെ ആക്രമണം യു.എ.ഇ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ സ്ഥിരീകരിച്ചു. ഇറാനില്‍ നിന്നുള്ള മിസൈലുകളെയും ഡ്രോണുകളെയും പ്രതിരോധിച്ചെന്ന് യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ദുബായിലും അബുദാബിയിലും പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതായുള്ള റിപ്പോര്‍ട്ടുകളും പുറത്തെത്തി.

കുവൈത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണം കുവൈത്ത് നാഷണല്‍ ഗാര്‍ഡ്‌സ് തടഞ്ഞുവെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ബഹ്‌റൈനിലും ആക്രമണത്തിന്റെ ശബ്ദങ്ങള്‍ കേട്ടതായി പ്രവാസികള്‍ പറയുന്നു. ആകാശത്ത് വെച്ച് തന്നെ ആക്രമണത്തെ തടഞ്ഞിട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

അയല്‍ രാജ്യങ്ങളെ ഇനി ആക്രമിക്കില്ലെന്നും ഇറാനിലേക്ക് അവിടങ്ങളില്‍ നിന്നും ആക്രമണം നേരിട്ടതുകൊണ്ട് തിരിച്ചടിക്കുകയായിരുന്നെന്നുമായിരുന്നു ഇറാന്‍ പ്രസിഡന്റ് ശനിയാഴ്ച ഉച്ചയോടെ പ്രതികരിച്ചത്.

ഇറാന്‍ ആക്രമിച്ച അയല്‍രാജ്യങ്ങളോട് ക്ഷമ ചോദിക്കുന്നു എന്നും ഇറാന്റെ സ്റ്റേറ്റ് ടി.വിയില്‍ പ്രക്ഷേപണ ചെയ്ത് പ്രസംഗത്തില്‍ പെസസ്‌കിയാന്‍ പറഞ്ഞിരുന്നു.

അയല്‍രാജ്യങ്ങളില്‍ നിന്നും ഇറാനെ ആക്രമിച്ചിരുന്നില്ലെങ്കില്‍ അയല്‍ രാജ്യങ്ങളിലേക്കും ഇറാന്‍ ആക്രമണം നടത്തുമായിരുന്നില്ല. അയല്‍ രാജ്യങ്ങള്‍ ആക്രമിക്കില്ലെങ്കില്‍ ഇറാനും പ്രത്യാക്രമണങ്ങള്‍ നടത്തില്ല.

ഇക്കാര്യം ഇടക്കാല നേതൃത്വ കൗണ്‍സില്‍ അംഗീകരിച്ചുവെന്നും അദ്ദേഹം അറിയിച്ചിരുന്നു. കൂടാതെ, ഇറാന്‍ കീഴടങ്ങില്ലെന്നും പെസസ്‌കിയാന്‍ യു.സെ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണികള്‍ക്ക് മറുപടിയായി പറഞ്ഞിരുന്നു.

എന്നാല്‍, അയല്‍ രാജ്യങ്ങള്‍ സഹോദരങ്ങളാണെന്നും ആക്രമിക്കില്ലെന്നും പറഞ്ഞ് മണിക്കൂറുകള്‍ പിന്നിടുന്നതിനിടെ, പശ്ചിമേഷ്യയിലെ അയല്‍ രാഷ്ട്രങ്ങളിലേക്ക് തുടര്‍ ആക്രമണം നടത്തിയിരിക്കുകയാണ് ഇറാന്‍.

Content Highlight: Few Hours Later Pezeshkian’s apology,  Iran attacks UAE and Kuwait again

 

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.