പ്രണയരംഗങ്ങളൊക്കെ ഷൂട്ട് ചെയ്തിരുന്നു, പിന്നീട് ആ ഭാഗങ്ങള്‍ കട്ട് ചെയ്തു; ജെയ്‌സണേയും ബ്രൂസ്‌ലി ബിജിയെ പറ്റിയും ഫെമിന ജോര്‍ജ്
Entertainment news
പ്രണയരംഗങ്ങളൊക്കെ ഷൂട്ട് ചെയ്തിരുന്നു, പിന്നീട് ആ ഭാഗങ്ങള്‍ കട്ട് ചെയ്തു; ജെയ്‌സണേയും ബ്രൂസ്‌ലി ബിജിയെ പറ്റിയും ഫെമിന ജോര്‍ജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 2nd January 2022, 6:38 pm

സൂപ്പര്‍ ഹീറോ സിനിമകളില്‍ നായകന് ഹീറോയിസം കാണിക്കാനുള്ള നായിക എന്ന പതിവ് ശൈലികള്‍ തിരുത്തിയാണ് മിന്നല്‍ മുരളിയിലെ ബ്രൂസ്‌ലി ബിജി രംഗപ്രവേശം ചെയ്തത്. പുരോഗമനം എന്ന് പറയപ്പെടുന്ന ഹോളിവുഡ് സിനിമകളില്‍ പോലും നായകന്‍ വന്ന് രക്ഷിക്കാന്‍ നായിക കാത്തിരിക്കുമ്പോള്‍ മിന്നല്‍ മുരളിയിലെ ബ്രൂസ്‌ലി ബിജി ക്ലൈമാക്‌സില്‍ നായകനെക്കാളും വലിയ ഹീറോയിസം കാണിച്ചു.

സിനിമയുടെ ആദ്യഭാഗങ്ങളില്‍ മറ്റെല്ലാ സിനിമകളിലെന്ന പോലെ ജെയ്‌സണും ബിജിയും പ്രണത്തിലാവുമെന്ന് പ്രേക്ഷകര്‍ വിചാരിക്കുമെങ്കിലും അങ്ങനെയൊന്ന് നടക്കുന്നുമില്ല. ചിലയിടങ്ങളില്‍ അത്തരത്തില്‍ ചില സൂചനകള്‍ തരുന്നുണ്ടെങ്കിലും സിനിമ അവസാനിക്കുന്നത് വരെ അവര്‍ സുഹൃത്തുക്കളായി തന്നെ തുടരുകയാണ്.

ഷൂട്ടിന്റെ സമയത്ത് ചില പ്രണരംഗങ്ങള്‍ ഷൂട്ട് ചെയ്തിരുന്നുവെന്നും എന്നാല്‍ പിന്നീട് ആ ഭാഗങ്ങള്‍ കട്ട് ചെയ്‌തെന്നും പറയുകയാണ് ബ്രൂസ്‌ലി ബിജിയെ അവതരിപ്പിച്ച ഫെമിന ജോര്‍ജ്. ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ഫെമിന ജോര്‍ജ് ബ്രൂസ്‌ലി ബിജിയേയും ജെയ്‌സണേയും പറ്റി പറഞ്ഞത്.

‘ഷൂട്ട് ചെയ്യുന്ന സമയത്ത് റൊമാന്റിക് ലുക്ക്‌സൊക്കെ ഞങ്ങള്‍ ഷൂട്ട് ചെയ്തിരുന്നു. പക്ഷേ പടത്തില്‍ അത് വന്നില്ല. ബ്രൂസ്‌ലിയും ജെയ്‌സണും ഒരു ഫ്രെണ്ട്ഷിപ്പ് മോഡില്‍ പോയാല്‍ മതിയെന്നായിരുന്നു തീരുമാനം.

സ്‌ക്രിപ്റ്റും അതായിരുന്നു ആവശ്യപ്പെട്ടത്. കൂടുതലും എല്ലാവര്‍ക്കും വര്‍ക്കാവുമെന്ന് തോന്നിയതും ഫ്രെണ്ട്ഷിപ്പ് ആയിരുന്നു. അങ്ങനെയൊരു പ്രണയം ഇപ്പോള്‍ വര്‍ക്കൗട്ട് ആവണ്ട എന്ന് തോന്നിക്കാണണം,’ ഫെമിന പറഞ്ഞു.

ഓഡിഷനിലൂടെയായിരുന്നു ഫെമിന ജോര്‍ജ് സിനിമയിലേക്ക് എത്തിയത്. ഭക്ഷണം കുറച്ചും ജിമ്മിലെ പരിശീലനം കൊണ്ടും ആറ് കിലോയാണ് ചിത്രത്തിന് വേണ്ടി ഫെമിന കുറച്ചത്. മുന്‍പ് രണ്ടാഴ്ച കരാട്ടെ പഠിച്ചതിന്റെ ആത്മവിശ്വാസം കൈമുതലാക്കിയായിരുന്നു കരാട്ടെ മാസ്റ്ററായി മിന്നല്‍ മുരളിയിലെത്തിയത്.

കഴിഞ്ഞ 24 നായിരുന്നു മിന്നല്‍ മുരളി നെറ്റ്ഫ്ളിക്സിലൂടെ റീലീസ് ചെയ്തത്. കുറുക്കന്‍ മൂലയുടെ സൂപ്പര്‍ ഹീറോ ആയ മിന്നല്‍ മുരളിയുടെ കഥയാണ് ചിത്രം പറയുന്നത്.

ഇംഗ്ലീഷ് ഉള്‍പ്പടെ ആറ് ഭാഷകളിലാണ് ചിത്രം നെറ്റ്ഫ്ളിക്‌സില്‍ ലഭ്യമാക്കിയത്. നിരവധി ഭാഷകളില്‍ സിനിമ കാണാന്‍ സാധിച്ചത് തന്നെയാണ് ഇന്ത്യ മുഴുവന്‍ മിന്നല്‍ മുരളി ചര്‍ച്ചയാവാന്‍ ഉള്ള കാരണവും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: femina george  about the relationship between jaison and bruce lee biji