ഷിബുവിന്റെയും ഉഷയുടെയും ടോക്സിക് പ്രണയമാണെന്ന് കരുതുന്നില്ല, മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം: ഗുരു സോമസുന്ദരം
Entertainment news
ഷിബുവിന്റെയും ഉഷയുടെയും ടോക്സിക് പ്രണയമാണെന്ന് കരുതുന്നില്ല, മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം: ഗുരു സോമസുന്ദരം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 2nd January 2022, 5:28 pm

റിലീസ് ചെയ്ത് ദിവസങ്ങളായെങ്കിലും ചര്‍ച്ചകളില്‍ നിറഞ്ഞുനില്‍ക്കുകയാണ് മിന്നല്‍ മുരളി. സിനിമയ്ക്ക് ശേഷം ചര്‍ച്ചയായത് ഗുരു സോമസുന്ദരം അവതരിപ്പിച്ച വില്ലനായ ഷിബുവും അയാളുടെ പ്രണയവുമായിരുന്നു. സിനിമയുടെ റിലീസിന് ശേഷം ഷിബുവിന്റെ പ്രണയം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നപ്പോള്‍ അതിനെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി അഭിപ്രായങ്ങളും ഉയര്‍ന്നു വന്നിരുന്നു.

ഷിബുവിന്റ പ്രണയം ടോക്‌സിക് ആണെന്നും അത് ഗ്ലോറിഫൈ ചെയ്യപ്പടേണ്ടതല്ലെന്നും പലരും അഭിപ്രായപ്പെട്ടു. കാമുകിയെ സ്വന്തമാക്കാനായി അവളുടെ സഹോദരനേയും വിവാഹം കഴിക്കാന്‍ പോകുന്നയാളേയും കൊല്ലുന്ന ഷിബുവിന്റെ പ്രണയം ആഘോഷിക്കപ്പെടേണ്ടതല്ലെന്നും പറഞ്ഞവര്‍ നിരവധിയാണ്.

എന്നാല്‍ ഷിബുവിന്റെ പ്രണയം ടോക്‌സിക് പ്രണയമാണെന്ന് കരുതുന്നില്ലെന്ന് പറയുകയാണ് ഗുരു സോമസുന്ദരം. ഷിബുവന്റെ ഭാഗത്ത് നിന്നും നോക്കിയാല്‍ അയാള്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് ന്യായമുണ്ടെന്നും മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കണമെന്നും ഗുരു പറയുന്നു. മാതൃഭൂമിക്ക് കൊടുത്ത അഭിമുഖത്തിലാണ് ഷിബു എന്ന കഥാപാത്രത്തെ കുറിച്ച് ഗുരു പറഞ്ഞത്.

‘ഷിബുവിന്റെയും ഉഷയുടെയും ടോക്സിക് പ്രണയമാണെന്ന് ഞാന്‍ കരുതുന്നില്ല. നമ്മള്‍ കണ്ടുമുട്ടുന്ന ഓരോ മനുഷ്യന്റെയും മനസ്സില്‍ എന്താണെന്ന് നമുക്ക് അറിയില്ല.ശാരീരികാരോഗ്യത്തെക്കുറിച്ചുള്ള അവബോധത്തിലുപരി മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം ഓരോരുത്തരിലും ഉണ്ടാവേണ്ടിയിരിക്കുന്നു.

ശരീരത്തിന് അസുഖം വന്നാല്‍ പെട്ടെന്ന് ആശുപത്രിയില്‍ പോകും എന്നാല്‍ മനസിന് അസുഖം വന്ന് ആശുപത്രിയില്‍ കാണിച്ചാല്‍ അവനൊരു പേര് നല്‍കും ഭ്രാന്തനെന്ന്. അത് ശരിയായ പ്രവണതയല്ല,’ ഗുരു സോമസുന്ദരം പറഞ്ഞു.

‘ഷിബുവിന്റെ ഭാഗത്ത് നിന്ന് നോക്കുമ്പോള്‍ അവന്‍ ചെയ്യുന്ന കാര്യങ്ങളില്‍ ന്യായമുണ്ട്. ഒന്നേ എനിക്ക് പറയാനുള്ളൂ, മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ നമ്മള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും. എന്നിട്ട് ഇത്തരം ചര്‍ച്ചകള്‍ക്ക് ഞാന്‍ മറുപടി നല്‍കാം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നെറ്റ്ഫ്ളിക്സിന്റെ ഡയറക്ടേഴ്സ് റൗണ്ട് ടേബിളില്‍ പങ്കെടുക്കവേ ഷിബുവും ഉഷയും തമ്മിനുള്ള കോമ്പിനേഷന്‍ സീനാണ് തനിക്ക് ഇഷടപ്പെട്ടതെന്ന് സംവിധായകന്‍ ബേസില്‍ ജോസഫ് പറഞ്ഞിരുന്നു.

ഷിബുവിനെ വില്ലന്‍ എന്ന് വിളിക്കില്ലെന്നും അയാള്‍ കൊലപാതകിയാണെങ്കിലും എതിര് നില്‍ക്കാന്‍ നമുക്ക് തോന്നില്ലെന്നും ബേസില്‍ പറഞ്ഞു.
ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ ഷിബുവിനെ അവതരിപ്പിച്ച ഗുരു സോമസുന്ദരത്തിന് അഭിനന്ദന പ്രവാഹമായിരുന്നു. വില്ലന്റെ മാനസിക സംഘര്‍ഷം ആവിഷ്‌കരിച്ച അപൂര്‍വം മലയാളം സിനിമകളിലൊന്നായി മിന്നല്‍ മുരളി മാറി.

സിനിമയുടെ റിലീസിന് മുന്‍പ് വില്ലന്‍ കഥാപാത്രം ചെയ്യാന്‍ താന്‍ ആഗ്രഹിച്ചിരുന്നുവെന്ന് ടൊവിനോയും പല അഭിമുഖങ്ങളിലും തുറന്ന് പറഞ്ഞിരുന്നു.

ഇംഗ്ലീഷ് ഉള്‍പ്പടെ ആറ് ഭാഷകളിലാണ് ചിത്രം നെറ്റ്ഫ്ളിക്‌സില്‍ ലഭ്യമാക്കിയത്. നിരവധി ഭാഷകളില്‍ സിനിമ കാണാന്‍ സാധിച്ചത് തന്നെയാണ് ഇന്ത്യന്‍ മുഴുവന്‍ മിന്നല്‍ മുരളി ചര്‍ച്ചയാവാന്‍ ഉള്ള കാരണവും.

ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ പുറത്ത് വരുന്ന മൂന്നാമത്തെ ചിത്രമാണ് മിന്നല്‍ മുരളി. ടൊവിനോ തോമസ്-ബേസില്‍ കൂട്ട് കെട്ടില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രവും. നേരത്തെ ഇരുവരും ഗോദയില്‍ ഒന്നിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: guru somasundaram opinioned that the love between shibu and usha is not toxic