ഫീല്‍ഗുഡ് ഷാജി കൈലാസ് മടങ്ങി വരുമ്പോള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അടി, ഇടി, നായകന്റെ മാസ് ഇതൊക്കെ പറയുമ്പോള്‍ മലയാള സിനിമാ പ്രേക്ഷകരുടെ മനസിലേക്ക് ആദ്യം വരുന്ന സംവിധായകനാണ് ഷാജി കൈലാസ്. എന്നാല്‍ ഇത്തരം ആക്ഷന്‍ സിനിമകള്‍ മാത്രം ചെയ്ത സംവിധായകനാണോ ഷാജി കൈലാസ?്. ‘എലോണ്‍’ എന്ന മോഹന്‍ലാല്‍ സിനിമ ഇക്കഴിഞ്ഞ ജനുവരി 26ന് തിയേറ്ററുകളിലെത്തിയപ്പോള്‍ എല്ലാവരും ഒറ്റ സ്വരത്തില്‍ പറഞ്ഞു, ഷാജി കൈലാസ് തന്റെ സ്ഥിരം ശൈലി വിട്ട് പുറത്ത് വരുന്ന സിനിമയാണിതെന്ന്.

എന്നാല്‍ ആക്ഷന്‍ സിനിമകള്‍ മാത്രം ചെയ്ത ഒരു സംവിധായകനല്ല ഷാജി കൈലാസ്. നര്‍മവും സ്നേഹവും ഇടകലര്‍ന്ന ചില സിനിമകള്‍കൂടി ഷാജി കൈലാസ് മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആദ്യകാല സിനിമകള്‍ പരിശോധിച്ചാല്‍ ഇത് നമുക്ക് കൃത്യമായി മനസിലാകും. ആ സിനിമകള്‍ ഏതൊക്കെയാണെന്ന് നമുക്കൊന്ന് നോക്കാം.

പല സംവിധായകരും തങ്ങളുടെ സ്ഥിരം ഴോണറില്‍ നിന്നും വ്യതിചലിച്ച് സിനിമകള്‍ ചെയ്യാറുണ്ട്. അത്തരത്തില്‍ തന്റെ സ്ഥിരം ഴോണറില്‍ നിന്നും ഷാജി കൈലാസ് എന്ന മാസ് സംവിധായകന്‍ മാറി ചിന്തിച്ചപ്പോള്‍ പിറന്ന സിനിമകളിലൊന്നാണ് ഡോക്ടര്‍ പശുപതി. മാറി ചിന്തിച്ചു എന്ന വാക്ക് എത്രമാത്രം ശരിയാണെന്ന് അറിയില്ല. കാരണം ആ സമയത്ത് ഷാജി കൈലാസ് ഒരു ആക്ഷന്‍ സിനിമാ സംവിധായകനായി പരിണമിച്ചിട്ടില്ല.

ഡോക്ടര്‍ പശുപതി എന്ന സിനിമ സംവിധാനം ചെയ്തത് ഷാജി കൈലാസ് ആണെന്ന് പറഞ്ഞാല്‍ പലരും വിശ്വസിക്കുക പോലുമില്ല. കാരണം മലയാള പ്രേക്ഷകരുടെ മനസ്സില്‍ തീപാറുന്ന ഡയലോഗും വില്ലനെ ഇടിച്ച് പറത്തി ചങ്ക് വിരിച്ചുവരുന്ന നായകനെയും ഒക്കെ സമ്മാനിച്ച ഷാജി കൈലാസ് മാത്രമേയുള്ളൂ.

ഇന്നസെന്റിനെ നായകനാക്കിരണ്‍ജി പണിക്കര്‍ തിരക്കഥ എഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത് 1990ല്‍ പുറത്തിറങ്ങിയ സിനിമയായിരുന്നു ഡോക്ടര്‍ പശുപതി. ഷാജി കൈലാസ് തന്റെ സ്ഥിരം ശൈലിയില്‍ നിന്നും മാറി സഞ്ചരിച്ചപ്പോള്‍ മികച്ചൊരു സിനിമാ അനുഭവം തന്നെയാണ് മലയാളത്തിന് ലഭിച്ചത്. രസകരമായ മുഹൂര്‍ത്തങ്ങളും സ്വാഭാവികമായ തമാശകളും നിറഞ്ഞുനിന്നിരുന്ന സിനിമയാണ് ഡോക്ടര്‍ പശുപതി. അങ്ങനെ നോക്കുമ്പോള്‍ തന്റെ ആദ്യ പരീക്ഷണ ചിത്രത്തില്‍ തരക്കേടില്ലാത്ത വിജയം കൈവരിക്കാന്‍ ആ സംവിധായകന് കഴിഞ്ഞു.

ഷാജി കൈലാസിന്റെ മറ്റൊരു ഫീല്‍ഗുഡ് സിനിമയാണ് കിലുക്കാംപ്പെട്ടി. ജയറാം നായകനായ സിനിമയും പച്ചക്കറിക്കായ തട്ടില്‍ എന്നുതുടങ്ങുന്ന പാട്ടും എക്കാലവും മലയാളിക്ക് പ്രിയപ്പെട്ടതാണ്. എന്നാല്‍ ആ സിനിമ സംവിധാനം ചെയ്തത് ഷാജി കൈലാസ് ആണെന്ന് പറയുമ്പോള്‍ വിശ്വസിക്കാന്‍ അത്ര എളുപ്പമായിരിക്കില്ല. കാരണം ആ സിനിമയുടെ കഥയും കഥ പറച്ചില്‍ രീതിയുമൊന്നും ഇന്ന് കാണുന്ന ഷാജി കൈലാസിനെ കണ്ട് ശീലിച്ച പ്രേക്ഷകര്‍ക്ക് അത്ര വേഗം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു എന്നുവരില്ല.

തന്റെ തുടക്ക കാലത്തെ സിനിമകളൊക്കെ കുടുംബം, ഗ്രാമം അവിടെ നടക്കുന്ന കഥകള്‍, ചെറിയ പിണക്കങ്ങള്‍ പിന്നീട് വരുന്ന തര്‍ക്കങ്ങള്‍ തുടങ്ങിയ കാര്യങ്ങളൊക്കെ ചേര്‍ത്ത് വെച്ചിട്ടുള്ളവയായിരുന്നു. എന്നാല്‍ പിന്നീട് ഷാജി കൈലാസ് സിനിമകളുടെ സ്വഭാവം അടിമുടി മാറാന്‍ തുടങ്ങി. അത് അദ്ദേഹത്തിന്റെ സിനിമകളില്‍ നമുക്ക് വ്യക്തമായി കാണാന്‍ കഴിയുമായിരുന്നു. അവിടെ നിന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആക്ഷന്‍ സിനിമക്ക് പുറത്തേക്ക് ഷാജി കൈലാസ് എലോണ്‍ എന്ന സിനിമയുമായി വരുന്നത്.

കടുവ, കാപ്പ പോലെയുള്ള രണ്ട് മാസ് സിനിമകള്‍ക്ക് ശേഷം തന്റെ വിജയ ഫോര്‍മുലയായ ഇടിയും, മുണ്ടു മടക്കി കുത്തലും, മീശ പിരിക്കലും ഇല്ലാത്ത പുതിയ സിനിമാ അനുഭവം എന്ന നിലയിലാണ് ഷാജി കൈലാസ് എലോണിനെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് അവതരിപ്പിച്ചത്. എലോണ്‍ ഒരു പരീക്ഷണ ചിത്രമാണെന്ന് തന്നെ പറയാം. എന്നാല്‍ ആ പരീക്ഷണം അത്രകണ്ട് വിജയിച്ചില്ല. പശുപതിയിലും കിലുക്കാംപ്പട്ടിയിലും പ്രേക്ഷക ഹൃദയങ്ങളോട് നന്നായി സംവദിക്കാന്‍ കഴിഞ്ഞ സംവിധായകന് എലോണിലേക്ക് വരുമ്പോള്‍ അതിന് കഴിയാതെ വരുന്നു.

കൊവിഡ് മൂര്‍ച്ഛിച്ച് നിന്ന കാലത്തെ മനുഷ്യന്റെ ഭയവും ആശങ്കയും ഒക്കെ സ്‌ക്രീനില്‍ കൊണ്ടുവരാന്‍ സംവിധായകനും മോഹന്‍ലാലും ഒക്കെ ശ്രമിച്ചിട്ടുണ്ടെങ്കിലും തിരക്കഥയില്‍ വന്ന പാളിച്ചയാണ് സിനിമയില്‍ വില്ലനായി വരുന്നത്.

ഒരു പരീക്ഷണ ചിത്രം എന്ന നിലയില്‍ എലോണിനെയും, മാറ്റങ്ങള്‍ ആഗ്രഹിക്കുന്ന ഷാജി കൈലാസ് എന്ന സംവിധായകനെയും അഭിനന്ദിക്കുക തന്നെ വേണം. ഒരു പക്ഷെ ഷാജി കൈലാസ് എന്ന സംവിധായകനില്‍ നിന്നും ഇത്തരത്തില്‍ വ്യത്യസ്തമായ സിനിമകള്‍ വീണ്ടും പ്രതീക്ഷിക്കാം.

content highlight: feel good movie of shaji kailas