യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ കഴിഞ്ഞ ദിവസം റയല്‍ മാഡ്രിഡ് മാഞ്ചസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തിയിരുന്നു. റൗണ്ട് ഓഫ് സിക്‌സ്റ്റീനിന്റെ ആദ്യ പാദ മത്സരത്തില്‍ സ്വന്തം തട്ടകമായ സാന്‍ഡിയാഗോ ബെര്‍ണാബ്യൂവില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു റയലിന്റെ വിജയം.
ക്യാപ്റ്റന്റെ ആം ബാന്‍ഡണിഞ്ഞ ഫെഡ്രികോ വാല്‍വെര്‍ദെയുടെ ഹാട്രിക് കരുത്തിലാണ് ലോസ് ബ്ലാങ്കോസ് വിജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ 20, 27, 42 മിനിട്ടുകളിലാണ് താരം സിറ്റി ഗോള്‍കീപ്പര്‍ ജിയാന്‍ലൂജി ഡൊണാറൂമ്മയെ മറികടന്ന് പന്ത് വലയിലെത്തിച്ചത്.
ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും വാല്‍വെര്‍ദെ തന്റെ പേരില്‍ കുറിച്ചു. യുവേഫ ചാമ്പ്യന്‍സ് ലീഗ് നോക്ക്ഔട്ടുകളില്‍ ഫസ്റ്റ് ഹാഫ് ഹാട്രിക് നേടിയ താരങ്ങളുടെ എലീറ്റ് ലിസ്റ്റിലാണ് വാല്‍വെര്‍ദെ ഇടം നേടിയത്. ലയണല്‍ മെസി, റോബര്‍ട്ട് ലെവന്‍ഡോസ്‌കി, എര്‍ലിങ് ഹാലണ്ട്, ആന്തണി ഗോര്‍ഡന്‍ എന്നിവരുടെ ലിസ്റ്റിലാണ് അഞ്ചാമനായി തന്റെ പേരും വാല്‍വെര്‍ദെ എഴുതിച്ചേര്‍ത്തത്.
2010ല്‍ ആഴ്‌സണലിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലിലാണ് മെസി ഫസ്റ്റ് ഹാഫ് ഹാട്രിക് നേടിയത്. ലെവന്‍ഡോസ്‌കി 2022ല്‍ ആര്‍.ബി സാല്‍സ്‌ബെര്‍ഗിനെതിരെയും എര്‍ലിങ് ഹാലണ്ട് 2023ല്‍ ആര്‍.ബി ലീപ്‌സീഗിനെതിരെയുമാണ് സ്‌കോര്‍ ചെയ്തത്.
ഈ സീസണിലെ റൗണ്ട് ഓഫ് സിക്‌സറ്റീന്‍ പ്ലേ ഓഫില്‍ ഖരാബാഗ് എഫ്.കെ – ന്യൂകാസില്‍ പോരാട്ടത്തിന്റെ ആദ്യ പാദത്തിലാണ് ആന്തണി ഗോര്‍ഡന്‍ ഇംഗ്ലീഷ് ക്ലബ്ബിനായി ഹാട്രിക് പൂര്‍ത്തിയാക്കിയത്. ന്യൂകാസില്‍ ഒന്നിനെതിരെ ആറ് ഗോളിന് വിജയിച്ച മത്സരത്തില്‍ 3, 32 (P), 33, 45+1 (P) മിനിട്ടുകളിലായിരുന്നു താരം സ്‌കോര്‍ ചെയ്തത്.
ആന്തണി ഗോര്‍ഡന്‍
സിറ്റിക്കെതിരായ ഹാട്രിക്കിന് പിന്നാലെ മറ്റൊരു നേട്ടത്തിലും വാല്‍വെര്‍ദെ ഇടം പിടിച്ചു. 16 വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു താരം പ്രീമിയര്‍ ലീഗ് ക്ലബ്ബിനെതിരെ ഫസ്റ്റ് ഹാഫ് ഹാട്രിക് പൂര്‍ത്തിയാക്കുന്നത്.
2010 ഏപ്രില്‍ ഏഴിന് ബാഴ്സയുടെ തട്ടകമായ ക്യാമ്പ് നൗവില്‍ നടന്ന ബാഴ്‌സലോണ – ആഴ്‌സണല്‍ ക്വാര്‍ട്ടര്‍ ഫൈനലിന്റെ രണ്ടാം പാദ മത്സരത്തില്‍ 4-1നാണ് ബാഴ്സ ഗണ്ണേഴ്സിനെ പരാജയപ്പെടുത്തിയത്. മത്സരത്തിലെ നാല് ഗോളും മെസിയാണ് അടിച്ചെടുത്തത്.
മെസി
മത്സരത്തിന്റെ 18ാം മിനിട്ടില്‍ നിക്ക്ലാസ് ബെന്‍ഡ്നറിലൂടെ പീരങ്കിപ്പടയാണ് ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ ആ ഗോള്‍ ആഘോഷമവസാനിക്കും മുമ്പ് 21ാം മിനിട്ടില്‍ മെസിയിലൂടെ ബാഴ്സ ഒപ്പമെത്തി. 37ാം മിനിട്ടില്‍ രണ്ടാം ഗോള്‍ നേടിയ താരം 42ാം മിനിട്ടില്‍ ഹാട്രിക്കും പൂര്‍ത്തിയാക്കി.
അതേസമയം, ആദ്യ പാദ മത്സരത്തില്‍ മൂന്ന് ഗോളിന്റെ ലീഡ് നേടിയ റയല്‍ എതിരാളികളുടെ തട്ടകത്തില്‍ രണ്ടാം പാദത്തിനിറങ്ങുമ്പോള്‍ തികഞ്ഞ ആത്മവിശ്വാസത്തിലായിരിക്കും. മാര്‍ച്ച് 18ന് എത്തിഹാദ് സ്‌റ്റേഡിയത്തിലാണ് മത്സരം.
Content Highlight: Federico Valverde joins list of players to score first-half hat-tricks in Champions League knockouts