വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധഭീതി വീണ്ടും ശക്തമായതോടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിലുണ്ടായ മാറ്റവും ബോണ്ട് വിപണിയിലെ ആശങ്കകളും യു.എസ് സാമ്പത്തിക വിപണിയെ പ്രതിസന്ധിയിലാക്കി.
പ്രധാന ഓഹരി സൂചികകളായ നാസ്ഡാകും എസ് ആൻഡ് പി 500-ഉം മികച്ച നേട്ടത്തിലായിരുന്നെങ്കിലും, യു.എസ് ട്രഷറി വരുമാനം (യീൽഡ്) കഴിഞ്ഞ 20 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയത് വാൾസ്ട്രീറ്റിലെ പ്രധാന ഓഹരികളിൽ വലിയ ഇടിവുണ്ടാക്കി.
മിഡിൽ ഈസ്റ്റിൽ നിന്നുള്ള എണ്ണ വിതരണം തടസപ്പെടുമെന്ന ആശങ്കകളെ തുടർന്ന് എണ്ണവില ഉയർന്നതും പണപ്പെരുപ്പവും പലിശനിരക്കുകളും വർധിക്കുമെന്ന നിക്ഷേപകരുടെ ഭയവുമാണ് വിപണിയെ താഴേക്ക് നയിച്ചത്. യു.എസ് സർക്കാർ ബോണ്ടുകളുടെ യീൽഡ് 24 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് കുതിച്ചു.
പേർഷ്യൻ ഗൾഫിലും ഹോർമുസ് കടലിടുക്കിലും ചരക്കുകപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണങ്ങൾ തുടങ്ങിയതോടെ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 101.53 ഡോളറിലും യു.എസ് ഡബ്ല്യു.ടി.ഐ ക്രൂഡ് വില 89.39 ഡോളറിലുമെത്തി.
ആവശ്യമെങ്കിൽ തങ്ങളുടെ ശേഖരത്തിൽ നിന്ന് കൂടുതൽ എണ്ണ വിപണിയിലെത്തിക്കാൻ തയ്യാറാണെന്ന് അന്താരാഷ്ട്ര ഊർജ ഏജൻസി വ്യക്തമാക്കി.
ഇന്ധന ദൗർലഭ്യം ഒഴിവാക്കാൻ ഡീസൽ വിതരണത്തിനാണ് ഏജൻസി മുൻഗണന നൽകുന്നത്. യു.എസ്-ഇറാൻ സംഘർഷം മൂലമുണ്ടായ ആഗോള ഊർജ്ജ പ്രതിസന്ധി മറികടക്കാൻ 100 ദശലക്ഷം ബാരൽ ഡീസലും ക്രൂഡ് ഓയിലും വിപണിയിലിറക്കാൻ ജി7 രാജ്യങ്ങളും ഐ.ഇ.എയും ധാരണയിലെത്തിയിരുന്നു.
ഈ മാസം മാത്രം ഹോർമുസ് കടലിടുക്കിൽ ഒമ്പത് എണ്ണ ടാങ്കറുകൾക്ക് നേരെ ആക്രമണമുണ്ടായതായി യു.കെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച പനാമ പതാക ഘടിപ്പിച്ച ടാങ്കറിന് നേരെയുണ്ടായ ആക്രമണത്തിൽ 12 ജീവനക്കാർക്ക് പരിക്കേറ്റതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചിരുന്നു.
എന്നാൽ, ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം യു.എസിനാണെന്നും എണ്ണനീക്കം സാധാരണ നിലയിലാണെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അവകാശപ്പെട്ടു.
ആക്രമണങ്ങൾ വർധിച്ചതോടെ ഷിപ്പിംഗ് കമ്പനികൾക്ക് ഇൻഷുറൻസ്, സുരക്ഷാ ചെലവുകൾ കുതിച്ചുയർന്നെങ്കിലും, സെപ്റ്റംബറിലെ ഗൾഫ് എണ്ണ കയറ്റുമതി യുദ്ധത്തിന് മുമ്പുള്ളതിന്റെ 81 ശതമാനത്തിലധികമായി തിരിച്ചുവന്നതായി മാരിടൈം ഇന്റലിജൻസ് സ്ഥാപനമായ കെപ്ലർ റിപ്പോർട്ട് ചെയ്തു.
Content Highlight:Fears of war with Iran: Oil prices rise; US stock market sees a sharp drop.
