അറിയാവുന്ന കാര്യങ്ങളെല്ലാം ശിവശങ്കര്‍ വെളിപ്പെടുത്തിയാല്‍ പൊള്ളലേല്‍ക്കുന്നത് മുഖ്യമന്ത്രിക്കായിരിക്കും: വി.ഡി. സതീശന്‍
Kerala News
അറിയാവുന്ന കാര്യങ്ങളെല്ലാം ശിവശങ്കര്‍ വെളിപ്പെടുത്തിയാല്‍ പൊള്ളലേല്‍ക്കുന്നത് മുഖ്യമന്ത്രിക്കായിരിക്കും: വി.ഡി. സതീശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th February 2022, 2:30 pm

തിരുവനന്തപുരം: ഭയമുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ പിന്തുണക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ശിവശങ്കറിന്റെ പുസ്തകത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് വി.ഡി. സതീശന്റെ പ്രസ്താവന. തനിക്ക് അറിയാവുന്ന കാര്യങ്ങളെല്ലാം ശിവശങ്കര്‍ വെളിപ്പെടുത്തിയാല്‍ പൊള്ളലേല്‍ക്കുന്നത് മുഖ്യമന്ത്രിക്കായിരിക്കുമെന്നും ഈ ഭയമാണ് ശിവശങ്കറിനെ അന്ധമായി പിന്തുണക്കാന്‍ മുഖ്യമന്ത്രിയെ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്വര്‍ണക്കടത്തിന്റേയും സാമ്പത്തിക അഴിമതിയുടേയും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളുടേയും കേന്ദ്രമായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ്. അതിന് നേതൃത്വം കൊടുത്തയാളെയാണ് മുഖ്യമന്ത്രി വീണ്ടും ന്യായീകരിക്കുന്നത്.

സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായി ജയിലില്‍ കിടന്നയാളാണ് എം. ശിവങ്കര്‍. ഇയാള്‍ക്കെതിരെയാണ് കൂട്ടുപ്രതി വെളിപ്പെടുത്തല്‍ നടത്തിയത്. എന്നിട്ടും ശിവശങ്കറിനെ പിന്തുണക്കുന്നുവെങ്കില്‍ മുഖ്യമന്ത്രിക്ക് ഭയക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ടെന്ന് വ്യക്തമാണെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.

പുസ്തകം എഴുതാന്‍ അനുമതി നല്‍കിയിരുന്നോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. പുസ്തകത്തിലെ വെളിപ്പെടുത്തലുകളില്‍ പൊള്ളലേറ്റവര്‍ക്ക് പ്രത്യേക തരം പകയുണ്ടാകുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്.

അറിയാവുന്ന കാര്യങ്ങളെല്ലാം ശിവശങ്കര്‍ വെളിപ്പെടുത്തിയാല്‍ പൊള്ളലേല്‍ക്കുന്നത് മുഖ്യമന്ത്രിക്കായിരിക്കും. ഈ ഭയമാണ് ശിവശങ്കറിനെ പിന്തുണക്കാന്‍ മുഖ്യമന്ത്രിയെ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ടാം പിണറായി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാറിന്റെ നേട്ടങ്ങളും ഭാവി പരിപാടികളും വ്യക്തമാക്കി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി എം. ശിവശങ്കറിനെ ന്യായീകരിച്ച് രംഗത്തെത്തിയത്.

സര്‍വീസില്‍ തുടരുന്ന എം. ശിവശങ്കറിന് പുസ്തകമെഴുതാന്‍ അനുമതിയുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് അതെല്ലാം സാങ്കേതികം മാത്രമാണെന്നും വിഷയം സര്‍ക്കാര്‍ പരിശോധിക്കുമെന്നുമായിരുന്നു മുഖ്യമന്ത്രി നല്‍കിയ മറുപടി.

ശിവശങ്കറിന്റെ പുസ്തകത്തിലെ പരാമര്‍ശങ്ങളെ കുറിച്ചും അതിനോട് സ്വര്‍ണക്കടത്ത് കേസിലെ കുറ്റാരോപിത സ്വപ്ന സുരേഷ് നടത്തിയ പ്രതികരണങ്ങളെ കുറിച്ചുമുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പുസ്തകത്തിലുള്ളത് മാധ്യമങ്ങള്‍ക്കും അന്വേഷണ ഏജന്‍സികള്‍ക്കും എതിരെയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.


Content Highlights: Fear is the reason why Chief Minister endlessly supporting M Sivasankar says VD Satheeshan