ലാ ലിഗ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായാണ് ബാഴ്‌സലോണ 2025നോട് വിടപറയുന്നത്. ഈ വര്‍ഷം ഡൊമസ്റ്റിക് ട്രബിളടക്കം പല നേട്ടങ്ങളും സ്വന്തമാക്കിയ ബാഴ്‌സ, ഈ സീസണില്‍ സാധ്യമായ അഞ്ച് കിരീടങ്ങളും സ്വന്തമാക്കാന്‍ തന്നെയാണ് കച്ച മുറുക്കുന്നത്.
മികച്ച ഫോമില്‍ തുടരുന്ന താരങ്ങള്‍ക്കൊപ്പം ഹാന്‍സി ഫ്‌ളിക്കെന്ന മാസ്റ്റര്‍ ടാക്ടീഷ്യന്റെ തന്ത്രങ്ങളുമൊത്തുചേരുമ്പോള്‍ ബ്ലൂഗ്രാനയെ സംബന്ധിച്ച് ഇത് ബാലികേറാമലയല്ല.
ബാഴ്‌സലോണ. Photo: Barcelona FC/x.com
ക്ലബ്ബ് ചരിത്രത്തിലെ ഒരു തകര്‍പ്പന്‍ നേട്ടവും സ്വന്തമാക്കിയാണ് കറ്റാലന്‍മാര്‍ 2025നോട് വിട പറയുന്നത്. ഈ വര്‍ഷം കളിച്ച എല്ലാ ലാ ലിഗ മത്സരങ്ങളിലും ഗോള്‍ സ്വന്തമാക്കിയാണ് ബാഴ്‌സ തിളങ്ങുന്നത്.1943ന് ശേഷം ഇതാദ്യമായാണ് സ്പാനിഷ് ലീഗില്‍ ഒരു കലണ്ടര്‍ ഇയറില്‍ കളിച്ച എല്ലാ മത്സരത്തിലും ടീം ഗോള്‍ കണ്ടെത്തുന്നത്.
ഈ വര്‍ഷം 37 ലാ ലിഗ മത്സരങ്ങളിലാണ് ബാഴ്‌സ കളത്തിലിറങ്ങിയത്. ഇതില്‍ 31ലും ടീം വിജയിച്ചു. മൂന്ന് മത്സരം സമനിലയില്‍ പിരിഞ്ഞപ്പോള്‍ മൂന്നെണ്ണത്തില്‍ തോല്‍വിയും രുചിച്ചു. എതിരാളികളുടെ വലയിലേക്ക് 102 തവണ നിറയൊഴിച്ചപ്പോള്‍ ഏറ്റുവാങ്ങിയത് വെറും 37 ഗോളുകളാണ്. ഈ മുന്നേറ്റം തന്നെയാണ് ലാ ലിഗ കിരീടത്തില്‍ മുത്തമിടാന്‍ ബാഴ്‌സയ്ക്ക് തുണയായത്.
ബാഴ്‌സലോണ. Photo: Barcelona FC/x.com
1943ല്‍ കളിച്ച 25 മത്സരത്തില്‍ നിന്നും 84 ഗോളുകളാണ് ജോവാന്‍ ജോസെഫ് നോഗസിന്റെ കുട്ടികള്‍ അടിച്ചെടുത്തത്. വഴങ്ങിയതാകട്ടെ 46 ഗോളുകളും.
അന്ന് 15 മത്സരങ്ങളില്‍ വിജയിച്ചപ്പോള്‍ ഏഴ് മത്സരങ്ങളില്‍ സമനിലയില്‍ പിരിഞ്ഞു. പരാജയപ്പെട്ടത് മൂന്ന് മത്സരത്തില്‍ മാത്രം. എന്നാല്‍ എല്ലാ മത്സരത്തിലും ഗോള്‍ കണ്ടെത്താന്‍ സാധിച്ചെങ്കിലും 1942-43 സീസണിലോ 1943-44 സീസണിലോ കിരീടം നേടാന്‍ കറ്റാലന്‍മാര്‍ക്ക് സാധിച്ചിരുന്നില്ല.
ഈ സീസണിന് ശേഷം 83 വര്‍ഷങ്ങള്‍ക്കിപ്പുറം 2025ല്‍ ബാഴ്‌സ ഇതാദ്യമായി ലാ ലിഗയില്‍ കളിച്ച എല്ലാ മത്സരത്തിലും ഗോള്‍ കണ്ടെത്തിയിരിക്കുകയാണ്. 2024-25 സീസണില്‍ കിരീടം നേടിയ കറ്റാലന്‍മാര്‍ 2025-26 സീസണിലും അതേ കിരീടം തന്നെയാണ് ലക്ഷ്യമിടുന്നത്.
നിലവില്‍ 18 മത്സരത്തില്‍ നിന്നും 46 പോയിന്റുമായാണ് ബാഴ്‌സ ഒന്നാം സ്ഥാനത്തുള്ളത്. 15 വിജയവും രണ്ട് തോല്‍വിയും ഒരു സമനിലയുമാണ് ബാഴ്‌സക്കുള്ളത്. രണ്ടാമതുള്ള റയല്‍ മാഡ്രിഡിന് 42 പോയിന്റാണുള്ളത്.
എല്ലാ മത്സരത്തിലും ഗോളടിച്ച ബാഴ്‌സ തന്നെയാണ് 2025 ലാ ലിഗ ആന്വല്‍ ടേബിളിലും ഒന്നാമത്. 96 പോയിന്റുമായാണ് ബാഴ്‌സ 2025 അവസാനിപ്പിക്കുന്നത്.