നമ്മുടെ മാധ്യമങ്ങള്‍ ആകട്ടെ പൊലീസ് വേര്‍ഷന്‍ അപ്പാടെ ആധികാരികമാക്കി വെണ്ടക്ക നിരത്തി ആഘോഷിച്ചു. മദ്യപിച്ച് ലക്ക് കെട്ട് റോഡിലും പോലീസ് സ്റ്റേഷനിനിലും ജഡ്ജിയുടെ പരാക്രമം എന്ന മട്ടിലായിരുന്നു അത്. അതിന്റെ ഫോളോ അപ്പായി പരാക്രമം / സ്വഭാവദൂഷ്യം കാട്ടിയ ജഡ്ജിക്ക് ഹൈക്കോടതി സസ്‌പെന്‍ഷന്‍ നല്‍കിയ വാര്‍ത്തയും നല്‍കി. ഇതൊരു അര്‍ധസത്യമായിരുന്നു.
മജിസ്‌ട്രേറ്റ് പദവിയിലിരുന്നയാള്‍ ആത്മഹത്യ ചെയ്യുക എന്നത് അത്യപൂര്‍വ്വമാണ്; ചുരുങ്ങിയത് കേരളത്തിലെങ്കിലും. മരിക്കുന്നതിന് മുന്‍പ് അദ്ദേഹം ക്രൂരമായ പൊലീസ് മര്‍ദ്ദനത്തിന് വിധേയമായിട്ടുണ്ടായിരുന്നു. എന്നിട്ടും ഇത് യാതൊരു പ്രകമ്പനവുമുണ്ടാക്കിയില്ല. കാരണം അയാള്‍ ഒരു ദളിതനായിരുന്നു.
ദളിതന്‍ ജഡ്ജി ആയാലും ദളിതന്‍ തന്നെ! നമ്മുടെ ചര്‍ച്ചകളുടെ ഹാന്‍ഡില്‍ കയ്യാളുന്ന മാധ്യമത്തൊഴിലാളികളുടെ കരങ്ങളിലും ഉണ്ണിക്കൃഷ്ണന്റെ ചോര പുരണ്ടിട്ടുണ്ട്. കാരണം അവര്‍ എഴുതിവിട്ട കള്ളങ്ങളും അര്‍ധസത്യങ്ങളും സൃഷ്ടിച്ച അഭിമാനക്ഷതം കൂടിയാണല്ലോ അദ്ദേഹത്തെ ആത്മഹത്യയിലേക്ക് നയിച്ചത്.
കാസര്‍കോഡ് ജുഡിഷ്യല്‍ ഒന്നാം ക്ലാസ് കോടതിയിലെ മജിസ്‌ട്രേറ്റ് വി.കെ ഉണ്ണികൃഷ്ണന്‍ നവംബര്‍ 9നാണ് കോടതി കെട്ടിടസമുച്ചയത്തിനുള്ളിലെ തന്റെ ഔദ്യോഗിക വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.
അതിന് രണ്ടോ മൂന്നോ ദിവസം മുന്‍പ് കര്‍ണ്ണാടകയില്‍ പെട്ട അതിര്‍ത്തിപ്രദേശമായ സുളളിയയില്‍ ക്ഷേത്രദര്‍ശനത്തിന് പോയപ്പോള്‍ ചില അനിഷ്ട സംഭവങ്ങളുണ്ടായി. അവിടെ വെച്ച് ഒരു ഓട്ടോക്കാരനുമായി ചാര്‍ജ് സംബന്ധമായി വാക്കേറ്റം ഉണ്ടാകുകയും സഹ ഓട്ടോക്കാര്‍ ഇടപെട്ട് അതൊരു കയ്യാങ്കളിയിലേക്ക് എത്തുകയും ചെയ്തു. സംഭവസ്ഥലത്ത് എത്തിയ പൊലീസുകാര്‍ വണ്ടിയിലേക്ക് വലിച്ചെറിഞ്ഞാണത്രെ അദ്ദേഹത്തെ കൊണ്ട് പോയത്.
പെരുമാറ്റ ദൂഷ്യം ആരോപിച്ച് സസ്‌പെന്റ് ചെയ്തു; മനംനൊന്ത ജഡ്ജി ജീവനൊടുക്കി
സ്റ്റേഷനില്‍ വെച്ച് അവര്‍ ഉണ്ണികൃഷ്ണനെ അതിക്രൂരമായ മര്‍ദ്ദനത്തിനിരയാക്കി. മേലാസകലം ബുട്ടിട്ട് ചവിട്ടിയതിന്റെയും ബയണറ്റ് കൊണ്ട് അടിച്ചതിന്റെയും പാടുകള്‍. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്ന ഇരുപതോളം മുറിവുകള്‍, ചതവുകള്‍.
ഉണ്ണികൃഷ്ണന്‍ മജിസ്‌ട്രേറ്റ് ആണെന്ന് “ബോധ്യം” വരുന്നതിന്റെ മുന്‍പായിരുന്നത്രേ ഈ ദണ്ഡനമുറകള്‍. അക്കാര്യം ഉറപ്പിച്ചതില്‍ പിന്നെ മുഖം രക്ഷിക്കാനായി നെട്ടോട്ടം. അങ്ങനെയാണ് രണ്ട് കേസുകള്‍ ചാര്‍ജ്ജ് ചെയ്യുന്നത്. ഓട്ടോക്കാരനോട് വഴക്കിട്ടതിന്റെ പേരിലും പൊലീസുകാരുടെ കൃത്യനിര്‍വഹണത്തെ തടസ്സപ്പെടുത്തിയതിന്റെ പേരിലും.
മദ്യലഹരിയില്‍ അഴിഞ്ഞാടിയതിന് ഹൈക്കോടതി സസ്‌പെന്റു ചെയ്ത മജിസ്‌ട്രേറ്റ് തൂങ്ങിമരിച്ച നിലയില്‍
എന്നാല്‍ നമ്മുടെ മാധ്യമങ്ങള്‍ ആകട്ടെ പൊലീസ് വേര്‍ഷന്‍ അപ്പാടെ ആധികാരികമാക്കി വെണ്ടക്ക നിരത്തി ആഘോഷിച്ചു. മദ്യപിച്ച് ലക്ക് കെട്ട് റോഡിലും പോലീസ് സ്റ്റേഷനിനിലും ജഡ്ജിയുടെ പരാക്രമം എന്ന മട്ടിലായിരുന്നു അത്. അതിന്റെ ഫോളോ അപ്പായി പരാക്രമം / സ്വഭാവദൂഷ്യം കാട്ടിയ ജഡ്ജിക്ക് ഹൈക്കോടതി സസ്‌പെന്‍ഷന്‍ നല്‍കിയ വാര്‍ത്തയും നല്‍കി. ഇതൊരു അര്‍ധസത്യമായിരുന്നു.
യഥാര്‍ത്ഥത്തില്‍ ജില്ലാ ജഡ്ജിയുടെ അനുമതിയില്ലാതെ സ്റ്റേഷന്‍ അതിര്‍ത്തി വിട്ടു എന്ന ചട്ടലംഘനത്തിനാണ് ഉണ്ണികൃഷ്ണന്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത്. അത് പോലും കേവല സാങ്കേതികത്വമാണ്. വാസ്തവത്തില്‍ തൃശൂര്‍ക്ക് പോകാനായി അദ്ദേഹം അനുമതി തേടിയിട്ടുണ്ടായിരുന്നു; പിന്നീട് പ്ലാന്‍ മാറ്റുകയാണുണ്ടായത് എന്നാണ് അദ്ദേഹത്തിന്റെ അടുത്ത വൃന്ദത്തില്‍ നിന്നറിയാന്‍ കഴിഞ്ഞത്.
മാധ്യമങ്ങളുടെ പൊലിപ്പിക്കല്‍ ജില്ലാ ജഡ്ജിയെയും സ്വാധീനിച്ചിരിക്കാം, ഉണ്ണിക്കൃഷ്ണനെതിരെ റിപ്പോര്‍ട്ട് എഴുതുമ്പോള്‍. ഹൈക്കോടതി രജിസ്ട്രാര്‍ ആകട്ടെ, ഇന്ത്യാ മഹാരാജ്യത്ത് മറ്റൊരു സന്ദര്‍ഭത്തിലും പ്രതീക്ഷിക്കരുതാത്ത വേഗതയോടെ കാര്യങ്ങള്‍ തീരുമാനമാക്കി, സസ്‌പെന്‍ഷന്‍ അടിച്ച് കൊടുത്തു.
അപ്പോഴും, ഉണ്ണികൃഷ്ണന്‍ പൊലീസുകാരാല്‍ അതിക്രൂരമായ മര്‍ദ്ദനത്തിന്, മനുഷ്യാവകാശ ലംഘനത്തിന് വിധേയമായ സംഭവം ഫലപ്രദമായ അന്വേഷണമോ നടപടികളോ ഇല്ലാതെ തേഞ്ഞുമാഞ്ഞു പോകുകയാണ്, സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍ ഉണ്ടായിട്ട് പോലും.
മജിസ്‌ട്രേറ്റ് പദവിയില്‍ ഇരുന്ന ഒരാള്‍ക്കാണ് ഈ ദുര്‍ഗതി. മറ്റൊന്നുമല്ല, ജാതി തന്നെയാണ് പലപ്പോഴും കാര്യങ്ങള്‍ നിര്‍ണ്ണയിക്കുന്നത്. ഒരു സവര്‍ണ്ണനോ എന്തിന്, ഒ.ബി.സി.യോ ആയ ജഡ്ജി ആണ് മേല്‍പറഞ്ഞ കൃത്യങ്ങള്‍ക്ക് വിധേയനായതെങ്കില്‍ മാധ്യമങ്ങള്‍ ഇങ്ങനെ അപമാനിച്ച് വാര്‍ത്ത കൊടുക്കില്ലായിരുന്നു. മാത്രമല്ല അയാള്‍ നേരിട്ട അവകാശനിഷേധത്തെ ലൈംലൈറ്റില്‍ നിര്‍ത്തി ആ പൊലീസുകാരെ എന്നേ പുറത്താക്കിച്ചേനെ.
മറ്റൊരാളുടെ കാര്യത്തിലായിരുന്നെങ്കില്‍ ഇമ്മട്ടിലൊരു കേവല സാങ്കേതികത്വത്തിന്റെ പേരില്‍ ഹൈക്കോടതി സത്വരം ഇടപെടാനുള്ള സാധ്യതയും കാണുന്നില്ല. ഇനി പുറത്താക്കിയെന്നാലും പൊലീസ് മര്‍ദ്ദനത്തിനിരയായ ജഡ്ജിക്ക് ഹൈക്കോടതിയുടെ തുടര്‍പീഡനം എന്നായേനെ തലക്കെട്ടുകള്‍.
ഓട്ടോക്കാരനുമായി വഴക്കുണ്ടാകുമ്പോള്‍ അദ്ദേഹം മദ്യപിച്ചിട്ടുണ്ട് എന്നിരിക്കട്ടെ. മദ്യപാനം കുറ്റമല്ല. അത് കൊണ്ട് മാത്രം അയാള്‍ വഴക്കിട്ടത് അന്യായമായിട്ടാണെന്ന് വരുന്നുമില്ല. ജഡ്ജി പോയിട്ട് പ്യൂണ്‍ പോലുമല്ലാത്ത സാദാ ശല്യക്കാരന്‍ മദ്യപാനി ആണെങ്കില്‍ പോലും പോലീസുകാര്‍ക്ക് തല്ലിച്ചതക്കാന്‍ ഒരു നിയമവും അധികാരം നല്‍കുന്നുമില്ല.
വിവേചനം പ്രവര്‍ത്തിക്കുന്നത് എത്ര സൂക്ഷ്മ തലത്തിലാണ് എന്ന് കൂടി ഉണ്ണിക്കൃഷ്ണന്റെ മരണം നമ്മോട് പറയുന്നുണ്ട്.
പൊലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ് അദ്ദേഹം കാസര്‍കോഡ് സ്വകാര്യാശുപത്രിയില്‍ അഡ്മിറ്റഡ് ആയിരുന്നപ്പോള്‍ ഒരൊറ്റ ജുഡീഷ്യല്‍ ഓഫീസറും സന്ദര്‍ശിക്കുകയോ തങ്ങളുടെ സഹപ്രവര്‍ത്തകനോട് കാര്യങ്ങള്‍ അന്വേഷിച്ചറിയാനുള്ള സ്വാഭാവിക മര്യാദ പുലര്‍ത്തുകയോ ചെയ്തില്ല. അങ്ങനെ ചെയ്തിരുന്നെങ്കില്‍, ആ സന്ദിഗ്ദ്ധ ഘട്ടത്തില്‍ ചെറിയൊരു കൈത്താങ്ങ് ലഭിച്ചിരുന്നെങ്കില്‍ ചിത്രം മറ്റൊന്നായേനെ.
ആശുപത്രിയില്‍ വെച്ചോ ഡിസ്ചാര്‍ജ്ജ് ചെയ്തുടനേയോ ആകണം അദ്ദേഹം സസ്‌പെന്‍ഷന്‍ വാര്‍ത്ത അറിയുന്നത്. ഇതിനകം തന്നെ മാധ്യമങ്ങള്‍ പരമാവധി താഴ്ത്തിക്കെട്ടിയിട്ടുണ്ട്. അതിനെ സാധൂകരിച്ചെന്നോണം ഒരു സസ്‌പെന്‍ഷന്‍ കൂടി ആയാല്‍ താനെങ്ങനെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയുമൊക്കെ അഭിമുഖീകരിക്കും എന്ന ചിന്ത വല്ലാതെ മഥിച്ചിരിക്കാം. ആ ഒരു നിമിഷം ഉള്ളില്‍ നിറച്ച ശൂന്യതയായിരിക്കാം കേസുകളില്‍ സത്വരം തീര്‍പ്പ് കല്‍പിച്ചിരുന്ന, രാത്രി വൈകുവോളമിരുന്നും ജോലി ചെയ്തിരുന്ന, സാഹചര്യങ്ങള്‍ അനുവദിച്ചിരുന്നെങ്കില്‍ സുപ്രീംകോടതി വരെ എത്തുമായിരുന്ന, കഴിവുറ്റ ഒരു ജഡ്ജിയുടെ ജീവിതത്തിന് നാല്പത്തഞ്ചാം വയസ്സില്‍ ദൗര്‍ഭാഗ്യകരമായി തിരശ്ശീല വീഴ്ത്തിയത്.
ദളിതര്‍ ശാക്തീകരിക്കപ്പെടണമെങ്കില്‍ സ്വന്തമായി പത്രമാധ്യമങ്ങളും ചാനലുകളും വേണം എന്ന യാഥാര്‍ത്ഥ്യത്തിന് കൂടിയാണ് ഇത് അടിവരയിടുന്നത്. സാധാരണ സ്റ്റേറ്റ് ഭീകരതകളുടെ പിന്നാമ്പുറ കഥകള്‍ തേടിപ്പോകാറുള്ള “വഴിത്തിരിവ്” പത്രക്കാരന്‍ പോലും ഇവിടെ കര്‍ണ്ണാടക പോലീസ് വേര്‍ഷന്‍ ഉപ്പ് തൊടാതെ വിഴുങ്ങുകയായിരുന്നു. എന്തിനധികം, സൂപ്പര്‍താര പദവിക്കടുത്ത ഒരു നായകനടന്‍ ഇടിവെട്ടി വീണത് പോല്‍ നമ്മുടെ കണ്മുന്നില്‍ പിടഞ്ഞ് തീര്‍ന്നിട്ടും, കൊലപാതകമെന്ന നിഗമനത്തിലെത്താന്‍ ഏറെ കാരണങ്ങളുണ്ടായിട്ടും അന്വേഷണം തേഞ്ഞുമാഞ്ഞു പോകുന്നത് നാം കണ്ട് കൊണ്ടിരിക്കുന്നുണ്ട്.
ദളിതരായ സൂപ്പര്‍താരത്തിനും ജഡ്ജിക്കും ഇതാണവസ്ഥ എങ്കില്‍ രാഷ്ട്രീയ പ്രവര്‍ത്തകരായ ദളിതര്‍ കാട്ടില്‍ വെടിയേറ്റ് വീഴുന്നതോ, വെറും സാധാരണക്കാരായ ദളിതര്‍ സ്റ്റേഷനില്‍ ചുമ്മാ ഇടി കൊണ്ട് ചാകുന്നതോ ഒട്ടും അത്ഭുതമല്ല!
ഉണ്ണികൃഷ്ണന്‍ വിഷയത്തിലെ പഴയ പോസ്റ്റ് (വിശദാംശങ്ങള്‍ ലഭ്യമാകുന്നതിന് മുന്‍പ്)
