ഫൈറ്റും ഡാൻസുമില്ലാതെ അഭിനയിക്കണമെന്ന് വിജയ്ക്ക് ആഗ്രഹമുണ്ട്; പക്ഷെ ഫാൻസിനെ പേടിയാണ് :ഫാസിൽ
Entertainment news
ഫൈറ്റും ഡാൻസുമില്ലാതെ അഭിനയിക്കണമെന്ന് വിജയ്ക്ക് ആഗ്രഹമുണ്ട്; പക്ഷെ ഫാൻസിനെ പേടിയാണ് :ഫാസിൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 23rd July 2022, 1:36 pm

ഫാസിൽ സംവിധാനം ചെയ്ത അനിയത്തിപ്രാവിന്റെ തമിഴ് റീമേക്ക് ആയ കാതലുക്ക് മരിയാതെ എന്ന ചിത്രത്തിൽ നായകനായെത്തിയത് വിജയ് ആയിരുന്നു. കേരളത്തിൽ അനിയത്തിപ്രാവ് വൻ വിജയമായതിനെ തുടർന്നാണ് ചിത്രം തമിഴിലും ചെയ്യാൻ ഫാസിൽ തീരുമാനിക്കുന്നത്.

കാതലുക്ക് മരിയാതെ എന്ന സിനിമ ഹിറ്റായത് വിജയുടെ കരിയറിൽ തന്നെ വലിയ രീതിയിൽ മാറ്റങ്ങളുണ്ടാകാൻ കാരണമായി. തമിഴ്നാട്ടിൽ വിജയ് അറിയപ്പെടുന്ന സിനിമാ നടനായി മാറിയത് ഈ ചിത്രത്തിന് ശേഷമായിരുന്നു.

ഫൈറ്റും ഡാൻസും ഒന്നുമില്ലാതെ അഭിനയം മാത്രം ചെയ്യണമെന്ന് അദ്ദേഹത്തിനുണ്ടെന്നും പക്ഷെ ഫാൻസിന് ഈ പടങ്ങൾ ഇഷ്ടപ്പെടുമോ എന്ന പേടിയാണ് അദ്ദേഹത്തിനെന്നും പറഞ്ഞിരിക്കുകയാണ് ഫാസിൽ ഇപ്പോൾ. മൂവി മാൻ ബ്രോഡ്കാസ്റ്റിങ്ങിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വിജയ്‌യെ മദ്രാസിൽ ഞാൻ താമസിക്കുന്ന സ്ഥലത്തേക്ക് കൂട്ടികൊണ്ടുവരുന്നത് ആദ്ദേഹത്തിന്റെ അച്ഛനാണ്. ഇതെന്റെ മോനാണെന്നും നല്ല റോളുകളുണ്ടെങ്കിൽ കൊടുക്കണമെന്നും പറഞ്ഞു. ഞാൻ ആ സമയത്ത് അനിയത്തിപ്രാവിന്റെ കഥാരചനയുടെ വർക്കിലാണ്. വിജയ് കയറിവന്നപ്പോൾ തന്നെ അദ്ദേഹത്തിന്റെ നടപ്പിലും ശരീരഭാഷയിലും ഒരു ആക്ടർ ഒളിഞ്ഞിരിപ്പുണ്ടെന്ന് എനിക്ക് മനസ്സിലായി.

സിനിമ ചെയ്യാമെന്ന് ഞാൻ അപ്പോൾ തന്നെ പറഞ്ഞു. ഞാൻ ഇപ്പോൾ ഒരു മലയാള സിനിമയുടെ വർക്കിലാണ് അത് നന്നായി ഓടുകയാണെങ്കിൽ തമിഴിൽ വിജയ്‌യെ വെച്ച് ചെയ്യാമെന്ന് പറഞ്ഞു. കാതലുക്ക് മരിയാതെ വിജയ്ക്ക് കൊടുത്ത മെറിറ്റ് എന്താണെന്ന് വെച്ചാൽ ആ പടം സൂപ്പർ സക്സസ് ആയിരുന്നു. അതുകൊണ്ട് തന്നെ തമിഴ്നാട്ടിലെല്ലായിടത്തും അദ്ദേഹം അറിയപ്പെടാൻ തുടങ്ങി.

സിനിമ ഹിറ്റായാൽ പിന്നെ പിടിച്ചാൽ കിട്ടില്ല, ഒരു പറക്കലാണ്. വിജയ് ഇന്റലിജന്റ് ആയ ആക്ടർ ആണ്. ആക്‌ഷൻ, ഡാൻസ് എന്നിവ മികച്ച രീതിയിൽ അവതരിപ്പിക്കാൻ കഴിയുന്ന നടനാണ് അദ്ദേഹം. ആക്ടിങ്ങിനെക്കാൾ അദ്ദേഹത്തിന് അതാണ് കൂടുതൽ നന്നായി ചെയ്യാൻ പറ്റുന്നത് അത് രണ്ടുമാണ്. അത് വിജയ്ക്കും അറിയാം.

ഒരു നല്ല അഭിനേതാവായി അഭിനയിച്ചാൽ കൊള്ളാമെന്ന് വിജയ്ക്ക് നല്ല ആഗ്രഹമുണ്ടെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഈ ഫൈറ്റും ഡാൻസും ഒന്നുമില്ലാതെ അഭിനയം മാത്രം ചെയ്യണമെന്ന് അദ്ദേഹത്തിനുണ്ട്. പക്ഷെ ഫാൻസിന് ഈ പടങ്ങൾ ഇഷ്ടപ്പെടുമോ എന്ന പേടിയാണ് അദ്ദേഹത്തിന്. അത് വിജയ് എന്നോട് പറഞ്ഞിട്ടുണ്ട്,’ ഫാസിൽ പറഞ്ഞു.

അതെ സമയം ഫാസിൽ നിർമിച്ച മലയൻകുഞ്ഞ് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഫഹദ് ഫാസിൽ നായകനായ ഈ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഫഹദിന്റെ പ്രകടനത്തെ കുറിച്ചും ചിത്രത്തിൽ സൃഷ്ടിച്ച ഭീകര അന്തരീക്ഷത്തെ കുറിച്ചും വലിയ ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.

മലയൻകുഞ്ഞിന് തിരക്കഥ എഴുതിയിരിക്കുന്നത് മഹേഷ് നാരായണനാണ്. സിനിമയുടെ സിനിമാറ്റോഗ്രാഫിയും അദ്ദേഹം തന്നെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. നവാഗതനായ സജി മോന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് മഹേഷ് നാരായണനാണ്. 30 വര്‍ഷത്തിന് ശേഷം എ.ആര്‍. റഹ്മാന്‍ മലയാളത്തില്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് മലയന്‍കുഞ്ഞ്.

Content Highlight: Fazil says that Vijay wants to act without fight and dance, but he were afraid of his fans