മലയന്‍കുഞ്ഞിന്റെ സെറ്റില്‍ വെച്ച് ഫഹദിനുണ്ടായ അപകടം മാധ്യമങ്ങളില്‍ വരാതിരിക്കാന്‍ ഒരുപാട് ശ്രമിച്ചിരുന്നു: ഫാസില്‍
Entertainment news
മലയന്‍കുഞ്ഞിന്റെ സെറ്റില്‍ വെച്ച് ഫഹദിനുണ്ടായ അപകടം മാധ്യമങ്ങളില്‍ വരാതിരിക്കാന്‍ ഒരുപാട് ശ്രമിച്ചിരുന്നു: ഫാസില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 24th July 2022, 1:54 pm

 

ഫാസില്‍ നിര്‍മിച്ച് ഫഹദ് നായകനായെത്തിയ മലയന്‍കുഞ്ഞ് തിയേറ്ററില്‍ വിജയകരമായി മുന്നേറുകയാണ്. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും പ്രമേയമാക്കിയ ചിത്രത്തില്‍ മികച്ച പ്രകടനമാണ് ഫഹദ് കാഴ്ച വെച്ചത്.

മലയന്‍കുഞ്ഞിന്റെ സെറ്റില്‍ വെച്ച് ഫഹദിന് പറ്റിയ അപകടത്തെ കുറിച്ച് അന്ന് തന്നെ ഒരുപാട് വാര്‍ത്തകള്‍ വന്നിരുന്നു. സെറ്റില്‍ വെച്ച് ലിഫ്റ്റില്‍ നിന്നും 30 അടി താഴ്ച്ചയിലേക്ക് ഫഹദ് വീഴുകയായിരുന്നു. വലിയ ആക്‌സിഡന്റ് ആയിരുന്നു അത്.

എന്നാല്‍ ആ വാര്‍ത്ത മാധ്യമങ്ങളില്‍ വരാതിരിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ ഒരുപാട് ശ്രമിച്ചിരുന്നുവെന്ന് പറയുകയാണ് ഫാസില്‍ ഇപ്പോള്‍.

ബിഹൈന്‍ഡ് വുഡ്സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്ന് ഇത് മാധ്യമങ്ങളില്‍ വരാതിരിക്കാന്‍ ഞങ്ങള്‍ ഒരുപാട് ശ്രമിച്ചെന്നും വലിയ ആക്‌സിഡന്റ് ആണെന്ന കാര്യം ഞങ്ങള്‍ മറച്ചുവെച്ചെന്നുമാണ് ഫാസില്‍ പറഞ്ഞത്.

‘മൂന്നു കോടി രൂപയോളം ചെലവഴിച്ചാണ് മലയന്‍കുഞ്ഞിന്റെ സെറ്റ് ഇട്ടത്. ഫസ്റ്റ് ഷോട്ടിലാണ് ഫഹദിന് ഈ അപകടമുണ്ടാകുന്നത്. അന്ന് ഇത് മാധ്യമങ്ങളില്‍ വരാതിരിക്കാന്‍ ഞങ്ങള്‍ ഒരുപാട് ശ്രമിച്ചു. വലിയ ആക്‌സിഡന്റ് ആണെന്ന കാര്യം ഞങ്ങള്‍ മറച്ചുവെച്ചു. പക്ഷെ അതൊരു വലിയ അപകടമായിരുന്നു.

ഒരു മാസം ഫഹദിന് വിശ്രമം ആവശ്യമായി വന്നു. ഇപ്പോഴും ആ പാട് മാറിയിട്ടില്ല. എനിക്ക് അത് ഭയങ്കര സ്ട്രെസ് ആയിരുന്നു. കാരണം ഞാന്‍ പ്രൊഡ്യൂസ് ചെയ്യുന്ന പടത്തില്‍ ഇങ്ങനെ സംഭവിച്ചത് എന്നെ വളരെയധികം ബാധിച്ചു,’ ഫാസില്‍ പറഞ്ഞു.

നവാഗതനായ സജി മോന്‍ സംവിധാനം ചെയ്തിരിക്കുന്ന മലയന്‍കുഞ്ഞിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് മഹേഷ് നാരായണനാണ്. 30 വര്‍ഷത്തിന് ശേഷം എ.ആര്‍. റഹ്മാന്‍ മലയാളത്തില്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് മലയന്‍കുഞ്ഞ്.

Content Highlight:  Fazil says that they tried a lot to hide the news of Fahad’s accident on the set of Malayankunju from media