അർഹിക്കുന്നതിൽ കൂടുതലൊന്നും റഹ്‌മാൻ വാങ്ങിയിട്ടില്ല: ഫാസിൽ
Entertainment news
അർഹിക്കുന്നതിൽ കൂടുതലൊന്നും റഹ്‌മാൻ വാങ്ങിയിട്ടില്ല: ഫാസിൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 22nd July 2022, 12:06 pm

മലയാള സിനിമക്ക് എന്നും ഓർത്തിരിക്കാൻ പാകത്തിലുള്ള കലാമൂല്യമുള്ള സിനിമകൾ നൽകിയ സംവിധായകനാണ് ഫാസിൽ. ഇപ്പോൾ മലയൻകുഞ്ഞിന്റെ നിർമാതാവായി വീണ്ടും സിനിമയിൽ സജീവമാവാൻ ഒരുങ്ങുകയാണ്.

ഉരുൾ പൊട്ടലിന്റെ ഭീകരത വിഷയമായി വരുന്ന മലയൻകുഞ്ഞ് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. എ.ആർ. റഹ്‌മാനാണ് ചിത്രത്തിന് മ്യൂസിക് ചെയ്തിരിക്കുന്നത്. പ്രേക്ഷകർക്ക് വലിയ പ്രതീക്ഷ നൽകുന്ന എലമെന്റ് ആണ് ചിത്രത്തിലെ റഹ്‌മാന്റെ സംഗീതം.

റഹ്‌മാൻ മലയൻകുഞ്ഞിന്റെ ഭാഗമായതിനെ കുറിച്ചും അദ്ദേഹത്തിന്റെ പ്രതിഫലത്തെ കുറിച്ചും സംസാരിക്കുകയാണ് ഫാസിൽ. മൂവി മാൻ ബ്രോഡ്‍കാസ്റ്റിങ്ങിന് നൽകിയ അഭിമുഖത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ആറ് മാസമാണ് റഹ്‌മാനുവേണ്ടി ഞങ്ങൾ കാത്തിരുന്നതെന്നും അദ്ദേഹം അർഹിക്കുന്നതിൽ കൂടുതലൊന്നും പ്രതിഫലം വാങ്ങിയിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

‘മുഴുവൻ വർക്കുകളും കഴിയുന്നതിന് മുൻപ് മലയൻകുഞ്ഞ് ഞാൻ കണ്ടിരുന്നു. ആ സമയത്ത് എനിക്ക് തോന്നിയത് മ്യൂസിക്കിന് വളരെ പ്രാധാന്യമുള്ള സിനിമയാണ് ഇതെന്നാണ്. പ്രത്യേകിച്ച് ഇന്റർവെല്ലിന് ശേഷം. അതിനെ കുറിച്ച് ഞാൻ ആലോചിച്ച സമയത്ത് മഹേഷ് നാരായണനും ഫഹദും ഇതേ കാര്യം ചിന്തിച്ചിരുന്നു.

ഫഹദിന്റെ മനസിൽ പെട്ടെന്ന് വന്നത് എ.ആർ. റഹ്‌മാനാണ്. അരവിന്ദ് സ്വാമി വഴി ഫഹദ് എ.ആർ. റഹ്‌മാനെ കോൺടാക്ട് ചെയ്തു. ഫഹദ് ഒരു നല്ല ആക്ടർ ആണെന്ന നിലയിലും എന്റെ മകനാണെന്ന നിലയിലുമാണ് ഫഹദ് സംസാരിച്ചപ്പോൾ ഓക്കെ പറയുന്നത്. മലയൻകുഞ്ഞ് കണ്ട് ഇഷ്ടപ്പെട്ടതുകൊണ്ടായിരിക്കും അദ്ദേഹം ഈ വർക്ക് കമ്മിറ്റ് ചെയ്യുന്നത്. വലിയ തിരക്കിലാണെന്ന് അപ്പോൾ തന്നെ അദ്ദേഹം പറഞ്ഞിരുന്നു.

റഹ്‌മാന്റെ പ്രതിഫലത്തിന് ഒരു മലയാള സിനിമ തന്നെ എടുക്കാം എന്നാണ് ഫഹദ് പറയുന്നത്. പക്ഷെ അദ്ദേഹം അർഹിക്കുന്നതിൽ കൂടുതലൊന്നും വാങ്ങിയിട്ടില്ല. അദ്ദേഹം ഇന്റർനാഷ്ണൽ വാല്യൂ ഉള്ള ആളാണ്. അദ്ദേഹത്തിന്റെ പാട്ടുകൾക്കും ആ വിലയുണ്ട്. അതുകൊണ്ട് തന്നെ അതിനനുസരിച്ചുള്ള പ്രതിഫലം കൊടുത്തേ പറ്റുള്ളൂ. സമയവും കൊടുക്കണം.

റഹ്‌മാനെ ഫിക്സ് ചെയ്യുമ്പോൾ തന്നെ പറഞ്ഞത് എത്ര ടൈം എടുക്കും എന്ന് എന്നോട് ചോദിക്കരുതെന്നാണ്. ആറ് മാസമാണ് റഹ്‌മാനുവേണ്ടി ഞങ്ങൾ കാത്തിരുന്നത്,’ ഫാസിൽ പറഞ്ഞു.

നവാഗതനായ സജി മോന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് മഹേഷ് നാരായണനാണ്. രജിഷ വിജയനാണ് ചിത്രത്തില്‍ നായിക. എ.ആര്‍. റഹ്മാന്‍ മലയാളത്തില്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് മലയന്‍കുഞ്ഞ്.

Content Highlight: fazil says that Rahman never bought more than he deserved