'എല്ലാത്തിനേയും വെടിവെച്ച് കൊല്ലും'; തെരുവ് നായകളില്‍ നിന്ന് മക്കളെ രക്ഷിക്കാന്‍ തോക്കുമായി രക്ഷിതാവ്
Kerala News
'എല്ലാത്തിനേയും വെടിവെച്ച് കൊല്ലും'; തെരുവ് നായകളില്‍ നിന്ന് മക്കളെ രക്ഷിക്കാന്‍ തോക്കുമായി രക്ഷിതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th September 2022, 4:42 pm

കാസര്‍ഗോഡ്: തെരുവ് നായകള്‍ നാടാകെ നിറഞ്ഞതോടെ ആളുകള്‍ക്ക് വഴി നടക്കാന്‍ തന്നെ കഴിയാത്ത സാഹചര്യമാണുള്ളത്. ഇത് വിദ്യാര്‍ഥികളെയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. തെരുവ് നായകളുടെ ആക്രമത്തില്‍ നിന്ന് മദ്രസയില്‍ പോകുന്ന വിദ്യാര്‍ഥികളെ സംരക്ഷിക്കാനായി തോക്കുമായി അകമ്പടി പോയിരിക്കുകയാണ് രക്ഷിതാവ്.

കാസര്‍ഗോഡ് ബേക്കല്‍ ഹദ്ദാദ് നഗറിലെ സമീറാണ് മദ്രസാ വിദ്യാര്‍ഥികള്‍ക്ക് തോക്കുമായി അകമ്പടി പോയത്. തോക്കേന്തിയ രക്ഷിതാവിനൊപ്പം 13ഓളം വരുന്ന കുട്ടികള്‍ നടന്നു പോകുന്നതിന്റെ വിഡിയോ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. ‘മദ്രസയില്‍ പോകുന്ന കുട്ടികളെ ഏതെങ്കിലും നായകള്‍ ഓടിച്ചാല്‍ എല്ലാത്തിനേയും വെടിവെച്ച് കൊല്ലു’മെന്ന് പറയുന്നതും ദൃശ്യങ്ങളില്‍ കാണാം.

അതേസമയം, വിഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ വിശദീകരണവുമായി സമീര്‍ രംഗത്തെത്തി. എയര്‍ ഗണ്‍ ആണ് കൈവശമുള്ളതെന്നും നായ്ക്കളെ വെടിവെച്ചിട്ടില്ലെന്നും സമീര്‍ പറഞ്ഞു.

അതേസമയം, തെരുവ് നായയുടെ കടിയേല്‍ക്കുന്നവര്‍ക്ക് സൗജന്യ ചികിത്സ നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. കേസില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പുള്ള വാദങ്ങള്‍ കേള്‍ക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിര്‍ദേശം. ഡി.ജി.പി ഇറക്കിയ സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്നും കോടതി വ്യക്തമാക്കി. കേസില്‍ ഇടക്കാല ഉത്തരവിറക്കും.

നായകളെ കൊല്ലുന്നത് സാക്ഷര കേരളത്തിന് ചേര്‍ന്നതല്ലെന്ന് അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ കോടതിയില്‍ വാദിച്ചു. തെരുവ് നായകളെ കൊല്ലുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കണം. തെരുവ് നായ ശല്യം രാജ്യവ്യാപകമായി ഉണ്ടെന്നും അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ കോടതിയില്‍ വാദിച്ചു.

തെരുവുനായകളെ കൂട്ടത്തോടെ കൊല്ലാതിരിക്കാന്‍ ബോധവത്കരണം നടത്തണമെന്ന് ഡി.ജി.പി അനില്‍കാന്ത് പറഞ്ഞു. നായകളെ കൊല്ലുന്നത് തടവു ലഭിക്കുന്ന കുറ്റമാണ്. ജനജീവിതത്തിന് ഭീഷണിയാകുന്നതിനാല്‍ പട്ടികളെ കൂട്ടത്തോടെ നാട്ടുകാര്‍ കൊല്ലുന്നുണ്ട്, ഇത് ഒഴിവാക്കണം. ഓരോ എസ്.എച്ച.ഒമാരും റസിഡന്‍സ് അസോസിയേഷനുമായി ചേര്‍ന്ന് ബോധവത്കരണം നടത്തണമെന്നും ഡി.ജി.പി നിര്‍ദേശം നല്‍കി. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഡി.ജി.പിയുടെ നടപടി. പൊതുജനം നിയമം കയ്യിലെടുക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

അതേസമയം, പേവിഷ പ്രതിരോധത്തിനായി അടിയന്തര കര്‍മ പദ്ധതി പ്രഖ്യാപിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ആരോഗ്യ- തദ്ദേശ- മൃഗസംരക്ഷണ വകുപ്പുകള്‍ സംയുക്തമായാണ് പദ്ധതി നടപ്പാക്കുക.

തെരുവ് നായ ശല്യം രൂക്ഷമായ ഹോട്ട്സ്പോട്ടുകളില്‍ സമ്പൂര്‍ണ വാക്സിനേഷന്‍ നടത്തും. സ്‌കൂള്‍ പരിസരങ്ങളും കുട്ടികള്‍ കൂടുതലുള്ള സ്ഥലങ്ങള്‍ക്കും ആയിരിക്കും വാക്സീനേഷന് മുന്‍ഗണന. രജിസ്ട്രേഷന്‍ ചെയ്യുന്ന പട്ടികള്‍ക്ക് മെറ്റല്‍ ടോക്കണ്‍ അല്ലെങ്കില്‍ കോളര്‍ ഘടിപ്പിക്കും. ഹോട്സ്പോട്ട് ഉള്ള എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും നായകള്‍ക്ക് ഷെല്‍ട്ടര്‍ ഒരുക്കും. സ്ഥിരം സംവിധാനമാകുന്നത് വരെ താല്‍ക്കാലിക ഷെല്‍ട്ടറുകള്‍ കണ്ടെത്തും.

തെരുവ് മാലിന്യം നീക്കാന്‍ അടിയന്തര നടപടി സ്വീകരിക്കും. പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചാല്‍ കടുത്ത നടപടിയുണ്ടാകും. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജനകീയ കമ്മിറ്റികള്‍ നിലവില്‍ വരും. സംസ്ഥാന തലത്തില്‍ രണ്ടാഴ്ചയിലൊരിക്കലും ജില്ലകളില്‍ എല്ലാ ആഴ്ചയും അവലോകനം നടത്തും. തദ്ദേശ സ്ഥാപനങ്ങളില്‍ ദിവസവും അവലോകനം നടത്തും. ജനങ്ങള്‍ക്ക് പുരോഗതി അറിയാന്‍ ഡാഷ് ബോര്‍ഡ് സംവിധാനം നിലവില്‍ വരും.

ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം 514ഉം മൃഗസംരക്ഷണ വകുപ്പിന്റെ കണക്കില്‍ 170 ഹോട്സ്പോട്ടുകളുമാണ് സംസ്ഥാനത്തുള്ളത്. ദിവസേനയുള്ള നായ കടിയുടെ എണ്ണത്തിനനുസരിച്ച് ഇതില്‍ മാറ്റം വരാമെന്നാണ് സ്ഥിരീകരണം.

Content Highlight: Father takes gun to protect madrassa students from stray dogs in Kasargod