മലയാളി കയ്യടിച്ച അച്ഛന്‍ മകന്‍ കോമ്പോ, കിരീടം മുതല്‍ പുഴു വരെ
Entertainment news
മലയാളി കയ്യടിച്ച അച്ഛന്‍ മകന്‍ കോമ്പോ, കിരീടം മുതല്‍ പുഴു വരെ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 18th February 2023, 4:50 pm

അച്ഛനും മകനും തമ്മിലുള്ള സ്‌നേഹ ബന്ധവും അവര്‍ക്കിടയിലെ പ്രശ്‌നങ്ങളുമൊക്കെ എന്നും മലയാള സിനിമക്ക് ഇഷ്ട വിഷയങ്ങളാണ്. മലയാളി ഒരുപാട് ആഘോഷിച്ച ഇന്നും ആഘോഷിക്കുന്ന നിരവധി അച്ഛന്‍ മകന്‍ കോമ്പോസ് മലയാള സിനിമയിലുണ്ട്. കീരീടം, സ്ഫടികം, എങ്കിലും ചില വീട്ടുകാര്യങ്ങള്‍, വേഷം, മകന്റെ അച്ഛന്‍ തുടങ്ങി പ്രേമത്തിലെ ജോര്‍ജിന്റെ അച്ഛനും ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ പുഴുവിലെ അച്ഛനും മകനും വരെ നീളുന്നു ഈ നിര.

കിരീടം

കത്തി താഴയിടടാ നിന്റെ അച്ഛനാടാ പറയുന്നത് കത്തി താഴെയിടടാ. ഈ ഡയലോഗ് കേള്‍ക്കുമ്പോള്‍ മലയാളിയുടെ മനസിലേക്ക് കയറി വരുന്നൊരു മുഖമുണ്ട്. അത് അനശ്വര നടന്‍ തിലകന്റേതാണ്. അച്ചുതന്‍ നായരേയും സേതുമാധവനേയും ഓര്‍ക്കാത്ത മലയാളിയുണ്ടോ. സിബി മലയിലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമയാണ് കിരീടം.

അത്ര ആഴത്തില്‍ മലയാള മനസുകളിലേക്ക് പതിഞ്ഞു പോയവരാണ് അവര്‍. വികാര നിര്‍ഭരമായ നിമിഷങ്ങളിലൂടെ കടന്നു പോകുന്ന കഥാഗതി ഓരോ പ്രേക്ഷകന്റെയും കണ്ണ് നനയിച്ചാണ് അവസാനിക്കുന്നത് തന്നെ. കഥക്കൊടുവില്‍ വിജയങ്ങള്‍ നേടുന്ന നായകനില്‍ നിന്നും തോല്‍വിയില്‍ നിന്നും തോല്‍വിയിലേക്ക് പോകുന്ന നായകനും കിരീടത്തിന്റെ പ്രൊഡക്ടാണ്.

സ്ഫടികം

മോഹന്‍ലാല്‍-തിലകന്‍ എന്നിവരുടെ അച്ഛന്‍ മകന്‍ കഥാപാത്രങ്ങള്‍ക്ക് മലയാള സിനിമാ പ്രേമികളുടെ ഇടയില്‍ പ്രേത്യേക ഫാന്‍ ബേസുണ്ടെന്ന് തന്നെ പറയാന്‍ കഴിയും. അവരുടെ അത്തരം കഥാപാത്രങ്ങളെല്ലാം തന്നെ വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ടിട്ടുമുണ്ട്.

അക്കൂട്ടത്തില്‍ ഒന്നാണ് സ്ഫടികത്തിലെ ചാക്കോ മാഷും തോമസ് ചാക്കോയും. മലയാളി അന്നുവരെ കാണാത്ത തരത്തിലുള്ള അച്ഛന്‍ മകന്‍ ബന്ധമാണ് അവിടെ പറഞ്ഞത്. ടോക്‌സിക് പേരന്റിങ്ങിനെ കുറിച്ച് നമ്മള്‍ പൊതുമധ്യത്തില്‍ സംസാരിച്ച് തുടങ്ങുന്നതിന് മുമ്പ് തന്നെ, ആ വിഷയത്തെ അഡ്രസ് ചെയ്ത സിനിമയെന്ന നിലയിലും നമുക്ക് സ്ഫടികത്തെ പരിഗണിക്കാം.

തോമസ് ചാക്കോയില്‍ നിന്നും ആടുതോമയിലേക്ക് മോഹന്‍ലാല്‍ കഥാപാത്രത്തെ കൊണ്ടെത്തിക്കുന്നത് കണക്ക് മാഷായ ഭൂലോകത്തിന്റെ സ്പന്ദനം തന്നെ മാത്തമാറ്റിക്‌സിലാണെന്ന് വിശ്വസിക്കുന്ന തോമയുടെ അച്ഛന്‍ തന്നെയാണ്. ഒരു അച്ഛന്‍ എങ്ങനെയാകരുത് എന്നതിന്റെ കൃത്യമായ ഉദാഹരണമാണ് ആ സിനിമ. ഇരുവരും അച്ഛനും മകനുമായെത്തിയ സിനിമകള്‍ ഇനിയും ബാക്കിയാണ്.

വീണ്ടു ചില വീട്ടുകാര്യങ്ങള്‍

സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ 1999ല്‍ പുറത്തിറങ്ങിയ സിനിമയാണ് വീണ്ടും ചില വീട്ടുകാര്യങ്ങള്‍. വളരെ രസകരമായ ഒരു അച്ഛന്‍ മകന്‍ കൂട്ടുകെട്ടാണ് അതെന്ന് പറയാന്‍ സാധിക്കും. മകന്റെ എല്ലാ കാര്യങ്ങള്‍ക്കും അടുത്ത സുഹൃത്തിനെ പോലെ കൂടെ നില്‍ക്കുന്ന അച്ഛന്‍ അതാണ് സിനിമ പറഞ്ഞുപോകുന്ന കഥ. ജയറാമും തിലകനുമാണ് അച്ഛനും മകനുമായി എത്തിയത്.

ഇരുവരുടെയും കെമിസ്ട്രി സ്‌ക്രീനില്‍ കാണാന്‍ തന്നെ രസമായിരുന്നു. അവര്‍ക്കിടയിലെ ബന്ധം വളരെ സ്വാഭാവികമായി തന്നെ പ്രേക്ഷകര്‍ക്ക് അനുഭവപ്പെടുന്നു എന്നത് ആ സിനിമയുടെയും കഥാപാത്ര നിര്‍മിതിയുടെയും വിജയം തന്നെയാണ്. അവര്‍ക്കിടയിലുണ്ടാകുന്ന പിണക്കങ്ങളും പിന്നീടുണ്ടാകുന്ന കൂടിച്ചേരലുമൊക്കെ യഥാര്‍ത്ഥ ജീവിതവുമായി വളരെ അടുത്ത് നില്‍ക്കുകയും ചെയ്യുന്നുണ്ട്.

വേഷം

മമ്മൂട്ടിയും ഇന്നസെന്റും അച്ഛനും മകനുമായെത്തിയ സിനിമയാണ് വേഷം. ചന്തയില്‍ ചുമട്ട് തൊഴിലാളിയായിരുന്ന അച്ഛനെ സൗഭാഗ്യങ്ങളിലേക്ക് തിരികെ കൊണ്ടുവന്ന മകനാണ് അപ്പു. അച്ഛന്‍ മകന്‍ ബന്ധവും ഒരാള്‍ ഒറ്റക്ക് കുടുംബം നോക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നവുമാണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഇരുവരും തമ്മിലുള്ള കെമിസ്ട്രി നല്ല രീതിയല്‍ തന്നെ വര്‍ക്കൗട്ടായിട്ടുണ്ട്. അച്ഛനും മകനുമിടയിലുള്ള സൗഹൃദവും പരസ്പര വിശ്വാസവും പിന്നീട് അത് നഷ്ടപ്പെടുമ്പോഴുണ്ടുന്ന പ്രതിസന്ധിയുമൊക്കെ സിനിമയില്‍ കൃത്യമായി അവതരിപ്പിച്ചിട്ടുണ്ട്.

അവിടെ നിന്നുമൊക്കെ കുറച്ചുകൂടി മുമ്പോട്ട് വരുമ്പോള്‍ ഈ തലമുറക്ക് കൂടുതല്‍ കണക്ട് ചെയ്യാന്‍ പറ്റുന്ന ചില അച്ഛന്‍ മകന്‍ കോമ്പോസ് കൂടിയുണ്ട്.

മകന്റെ അച്ഛന്‍

അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ശ്രീനിവാസനും വിനീത് ശ്രീനിവാസ

നും അച്ഛനും മകനുമായെത്തിയ മകന്റെ അച്ഛന്‍ എന്ന സിനിമ. ഈ തലമുറയിലെ കുട്ടികള്‍ക്ക് കൃത്യമായി മനസിലാക്കാന്‍ കഴിയുന്ന ഇമോഷന്‍സാണ് ആ സിനിമയില്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. മകന്റെ സ്വപ്‌നങ്ങളേക്കാല്‍ കൂടുതല്‍ തന്റെ ആഗ്രഹങ്ങള്‍ മകനിലൂടെ നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ സഞ്ചരിക്കുന്ന ഒരു അച്ഛന്‍ കഥാപാത്രത്തെയാണ് ശ്രീനിവാസന്‍ അവിടെ അവതരിപ്പിക്കുന്നത്.

 

അച്ഛന്റെ നിര്‍ബന്ധ ബുദ്ധിയും, മകനെ ഒരു വ്യക്തിയായി അംഗീകരിക്കാത്ത മാനസികാവസ്ഥയുമൊക്കെ അച്ഛന്‍ മകന്‍ ബന്ധത്തിലുണ്ടാകുന്ന വിള്ളലുകളുമൊക്കെ സിനിമയില്‍ കൃത്യമായി അവതരിപ്പിക്കുന്നുണ്ട്. മുമ്പ് പറഞ്ഞതുപോലെ ഇന്നത്തെ കാലത്തെ കുട്ടികളില്‍ പലരും കടന്നുപോയിട്ടുള്ള സാഹചര്യങ്ങള്‍ സിനിമയില്‍ അവതരിപ്പിക്കുന്നത് കൊണ്ട് തന്നെ ഈ അച്ഛന്‍ മകന്‍ കോമ്പോ മലയാളിക്ക് പ്രിയപ്പെട്ടതായി മാറുന്നുണ്ട്.

ഇത് ചെറിയൊരു ലിസ്റ്റ് മാത്രമാണ്. ഇതിലും രസകരമായ കഥാപാത്രങ്ങള്‍ മലയാള സിനിമയിലുണ്ട്. അവയില്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട അച്ഛന്‍ മകന്‍ കോമ്പോ ഏതാണെന്ന് താഴെ കമന്റില്‍ പറയൂ.

content highlight: father son combo in malayalam cinema