ഫാഷന്‍ ഗോള്‍ഡ്; 89 കേസുകളും ക്രൈംബ്രാഞ്ച് ഏറ്റെടുത്തു
Jewellery fraud case
ഫാഷന്‍ ഗോള്‍ഡ്; 89 കേസുകളും ക്രൈംബ്രാഞ്ച് ഏറ്റെടുത്തു
ന്യൂസ് ഡെസ്‌ക്
Friday, 23rd October 2020, 9:47 pm

കാസര്‍കോട്: എം.സി കമറുദ്ദീന്‍ എം.എല്‍.എയുടെ നേതൃത്വത്തിലുള്ള ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പില്‍ രജിസ്റ്റര്‍ചെയ്ത 89 കേസുകളും ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം ഏറ്റെടുത്തു. പുതിയ എഫ്.ഐ.ആര്‍ ഇട്ടതിനാല്‍ നേരത്തെ ചന്തേര പൊലീസ് സ്‌റ്റേഷനിലടക്കമുണ്ടായിരുന്ന എഫ്.ഐ.ആര്‍ റദ്ദാക്കിയതായി പരാതിക്കാര്‍ക്ക് നോട്ടീസ് നല്‍കി.

ജില്ലാ പൊലീസ് ആസ്ഥാനത്തെ പ്രത്യേക അന്വേഷണസംഘമാകും ഇനി എല്ലാ കേസും അന്വേഷിക്കുക.

ലോക്കല്‍ സ്റ്റേഷനുകളില്‍ ലഭിക്കുന്ന പരാതികളില്‍ കേസ് രജിസ്റ്റര്‍ചെയ്ത് എസ്.ഐ.ടിക്ക് കൈമാറും. ചന്തേര, കാസര്‍കോട്, പയ്യന്നൂര്‍ സ്റ്റേഷനുകളിലായാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ഇതിനകം ജ്വല്ലറി മാനേജരടക്കം 13 പേരെ ചോദ്യംചെയ്തു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കമറുദ്ദീന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ ക്രൈംബ്രാഞ്ച് എതിര്‍സത്യവാങ്മൂലവും നല്‍കി. കേസ് 27ന് പരിഗണിക്കും.

ചന്തേര പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടാം പ്രതിയാണ് കമറുദീന്‍. കമറുദീന്‍ പ്രമോട്ടര്‍മാരില്‍ ഒരാളായ കമ്പനി നിക്ഷേപകരില്‍ നിന്ന് കോടികള്‍ സ്വീകരിച്ചുവെന്നാണ് പരാതി.

2017 ന് ശേഷം കമ്പനി കണക്കുകളും നല്‍കിയിട്ടില്ല.

നേരത്തെ കമറുദ്ദീനെതിരെ വഞ്ചനാക്കുറ്റത്തിനു കേസെടുത്തിരുന്നു. കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ടാണ് കമറുദ്ദീനെതിരെ പൊലീസ് കേസെടുത്തത്.

മൂന്ന് പേരില്‍ നിന്നായി മുപ്പത്തിയാറ് ലക്ഷം രൂപ തട്ടിയെടുത്തു എന്ന പരാതിയിലാണ് കേസ്. എണ്ണൂറോളം പേരില്‍നിന്ന് നൂറുകോടിയിലേറെ രൂപ നിക്ഷേപമായി വാങ്ങി എന്നാണ് ആരോപണം.

ചെറുവത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയില്‍ പണം നിക്ഷേപിച്ചവര്‍ നല്‍കിയ പരാതിയിലാണ് എം.എല്‍.എയ്‌ക്കെതിരെ കേസെടുത്തത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Fashion Gold Jewellery Fraud Case