റിപ്പബ്ലിക് ടി.വിയ്‌ക്കെതിരെ വീണ്ടും കേസെടുത്ത് മുംബൈ പൊലീസ്; രജിസ്റ്റര്‍ ചെയ്തത് നാലാമത്തെ എഫ്.ഐ.ആര്‍
national news
റിപ്പബ്ലിക് ടി.വിയ്‌ക്കെതിരെ വീണ്ടും കേസെടുത്ത് മുംബൈ പൊലീസ്; രജിസ്റ്റര്‍ ചെയ്തത് നാലാമത്തെ എഫ്.ഐ.ആര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 23rd October 2020, 8:06 pm

മുംബൈ: റിപ്പബ്ലിക് ടി.വിയ്‌ക്കെതിരെ വീണ്ടും കേസെടുത്ത് മുംബൈ പൊലീസ്. പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ വിദ്വേഷം പ്രചരിപ്പിച്ചു എന്ന കുറ്റമാണ് ചാനലിനെതിരെ ചുമത്തിയിരിക്കുന്നത്.

എക്‌സിക്യൂട്ടീവ് എഡിറ്റര്‍, അവതാരകന്‍, രണ്ട് റിപ്പോര്‍ട്ടര്‍മാര്‍ മറ്റ് എഡിറ്റോറിയല്‍ സ്റ്റാഫുകള്‍ എന്നിവരെ പ്രതിയാക്കിയാണ് എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മുംബൈ സിറ്റി പൊലീസ് റിപ്പബ്ലിക് ടി.വിയ്‌ക്കെതിരെ ചുമത്തുന്ന നാലാമത്തെ ക്രിമിനല്‍ കേസാണിത്.

അര്‍ണബ് ഗോസ്വാമിയ്‌ക്കെതിരെ മാത്രം നേരത്തെ രണ്ട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്നാണ് അര്‍ണബിനെതിരായ കേസ്. ടി.ആര്‍.പി റേറ്റിംഗ് തട്ടിപ്പുമായി ബന്ധപ്പെട്ടും റിപ്പബ്ലിക് ടി.വി കേസ് നേരിടുന്നുണ്ട്.

റിപ്പബ്ലിക്ക് ടി.വിയെ കൂടാതെ ഫക്ത് മറാത്തി, ബോക്‌സ് സിനിമ എന്നീ രണ്ട് മറാത്തി ചാനലുകള്‍ക്കെതിരെയാണ് പൊലീസ് നടപടി എടുത്തത്.

ഇതിന് പിന്നാലെ ബാര്‍ക്ക് റേറ്റിങ്ങ് പുറത്തുവിടില്ലെന്ന് ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസേര്‍ച്ച് കൗണ്‍സില്‍ അറിയിച്ചിരുന്നു. മൂന്ന് മാസത്തേക്കാണ് ടെലിവിഷന്‍ ചാനലുകളുടെ റേറ്റിങ്ങുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത് വിടില്ലെന്ന് ബാര്‍ക്ക് അറിയിച്ചത്.

ന്യൂസ് ചാനലുകളുടെ റേറ്റിങ്ങ് പുറത്തുവിടുന്നതാണ് നിര്‍ത്തിവെച്ചത്.

റിപ്പബ്ലിക് ടിവി ഉള്‍പ്പെടെ മൂന്ന് ചാനലുകള്‍ റേറ്റിങില്‍ കൃത്രിമത്വം കാണിച്ചെന്ന മുംബൈ പൊലീസിന്റെ കണ്ടെത്തല്‍ ഏറെ ചര്‍ച്ചയായിരുന്നു.

ചാനലുകളുടെ റേറ്റിങ് നിശ്ചയിക്കുന്ന ബാര്‍ക്ക് മീറ്റര്‍ സ്ഥാപിച്ചിട്ടുള്ള വീടുകളില്‍ ചെന്ന് റിപ്പബ്ലിക് ടി.വി കാണാന്‍ പണം വാഗ്ദാനം ചെയ്‌തെന്നാണ് മുംബൈ പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായത്. റിപ്പബ്ലിക് ടി.വി കാണാന്‍ വേണ്ടി ആളുകള്‍ക്ക് മാസം 400 രൂപ വീതം വാഗ്ദാനം ചെയ്തതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Fourth FIR against Republic TV