തൃശൂര്‍: വന്ദേഭാരതുമായി ബന്ധപ്പെട്ട വിവാദത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വേട്ടയാടപ്പെടേണ്ട കാര്യമില്ലെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു.
സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് ആര്‍.എസ്.എസ് ഗീതം പാടിപ്പിച്ചതാണല്ലോയെന്നും ആര്‍. ബിന്ദു ചോദിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
വിദ്യാര്‍ത്ഥികളെക്കൊണ്ട് ആര്‍.എസ്.എസ് ഗീതം പാടിപ്പിച്ചതില്‍ ഉത്തരം പറയേണ്ടത് സ്‌കൂള്‍ അധികൃതരാണെന്നും മന്ത്രി വ്യക്തമാക്കി. അതിനേക്കാള്‍ ഉപരി റെയില്‍വേയിലെ വിവാദ ചടങ്ങ് സംഘടിപ്പിച്ചവരാണ് ഉത്തരം നല്‍കേണ്ടതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഔദ്യോഗിക ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആര്‍.എസ്.എസ് ഗീതം പാടിയതെങ്കില്‍ ആ ഔദ്യോഗിക ചടങ്ങ് സംഘടിപ്പിച്ചവര്‍ക്ക് ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുണ്ട്. ഒരു സര്‍ക്കാര്‍ പരിപാടിയില്‍ ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പാട്ടാണോ പാടേണ്ടതെന്നും മന്ത്രി ചോദിച്ചു.
റെയില്‍വേ എന്ന് പറയുന്നത് ആര്‍.എസ്.എസിന്റെ തറവാട്ട് വകയല്ല. കഴിഞ്ഞ ദിവസം ഫേസ്ബുക്കിലും താന്‍ ഇക്കാര്യം എഴുതിയിരുന്നു. അത് തന്നെയാണ് വീണ്ടും ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതെന്നും മന്ത്രി ആര്‍. ബിന്ദു കൂട്ടിച്ചേര്‍ത്തു.
നമ്മുടെ നാട്ടില്‍ ഇതുവരെ കേട്ടുകേള്‍വിയില്ലാത്ത വിധത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളൊക്കെ ബി.ജെ.പിയുടെ സ്ഥാപനങ്ങളാണെന്ന തരത്തിലുള്ള വ്യാഖ്യാനമുയരുന്നത് ശരിയായ രീതിയല്ലെന്നും മന്ത്രി പറഞ്ഞു.
ഈ രീതിയെയാണ് ഫാസിസ്റ്റ് പ്രവണത എന്ന് പറയുന്നത്. ഇക്കാര്യങ്ങളെല്ലാം ഇപ്പോള്‍ എല്ലാവര്‍ക്കും മനസിലാകുന്നുണ്ടാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
‘വന്ദേഭാരത് ഉദ്ഘാടനവേളയില്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് ആര്‍.എസ്. എസിന്റെ ഗണഗീതം പാടിച്ചത് അങ്ങേയറ്റം പ്രതിഷേധാര്‍ഹം. റെയില്‍വേ ഇന്ത്യയുടെ പൊതുസമ്പത്ത്…. അത് ആര്‍.എസ്.എസിന്റെ തറവാട്ട് സ്വത്തല്ല…. സര്‍ക്കാര്‍ പരിപാടിയെ ഇപ്രകാരം സംഘിവത്ക്കരിക്കുന്നത് ആര്‍.എസ്.എസ് അജണ്ട ഒളിച്ചുകടത്തുവാന്‍…. ലജ്ജാവഹം,’ എന്നായിരുന്നു കഴിഞ്ഞ ദിവസം മന്ത്രി പ്രതികരിച്ചത്.
അതേസമയം ആര്‍.എസ്.എസ് ഗീതം ആലപിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദം വിദ്യാര്‍ത്ഥികള്‍ക്ക് മനസികാഘാതം സൃഷ്ടിച്ചുവെന്ന് എളമക്കര സരസ്വതി വിദ്യാനികേതന്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ.പി. ഡിന്റോ പ്രതികരിച്ചിരുന്നു.