തുഞ്ചന്‍ പ്രതിമ പോലൊരു ഏകസിവില്‍ കോഡ്
DISCOURSE
തുഞ്ചന്‍ പ്രതിമ പോലൊരു ഏകസിവില്‍ കോഡ്
ഫാറൂഖ്
Thursday, 3rd November 2022, 10:03 pm
വിവാഹപ്രായം 21 ആക്കുന്ന നിയമം എങ്ങനെ അട്ടത്തുകയറി എന്നാലോചിച്ചിട്ടുണ്ടോ? മുസ്‌ലിങ്ങള്‍ കാര്യമായി പ്രശ്‌നമൊന്നും ഉണ്ടാക്കിയില്ല, ഉത്തരേന്ത്യന്‍ ഹിന്ദുക്കള്‍ ആര്‍.എസ്.എസിനോട് പ്രതിഷേധിക്കുകയും ചെയ്തു. അതോടെ അതിന്റെ കാര്യം തീരുമാനമായി. ഏക സിവില്‍ കോഡ് വന്നാല്‍ പ്രായോഗികമായി സംഭവിക്കുന്നത് ഇത്രയേയുള്ളു, ഇന്ത്യയിലെ മുസ്‌ലിം സ്ത്രീകള്‍ക്ക് ഇപ്പോഴുള്ള പകുതി പിന്തുടര്‍ച്ചാവകാശം എന്നത് മാറി പുരുഷന്റേതിന് തുല്യമാകും. ഹിന്ദുക്കള്‍ക്ക് ലഭിക്കുന്ന ഹിന്ദു- അണ്‍ഡിവൈഡഡ്- ഫാമിലി ടാക്‌സ് ആനുകൂല്യങ്ങള്‍ ഒന്നുകില്‍ ഇല്ലാതാകും അല്ലെങ്കില്‍ മുസ്‌ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും കൂടി ലഭിക്കും. സ്വവര്‍ഗ വിവാഹം അനുവദിക്കേണ്ടി വരും. ഈ പ്രായോഗികത മനസ്സിലാക്കുന്നത് കൊണ്ടാണ് പൗരത്വ ബില്ലിനെതിരെ തെരുവിലിറങ്ങി അത് നിര്‍ത്തിവെപ്പിച്ച മുസ്‌ലിങ്ങള്‍ ഏക സിവില്‍ കോഡിന്റെ ചര്‍ച്ച വരുമ്പോള്‍ ഒരു ഫേസ്ബുക്ക് പോസ്റ്റ് പോലും ഇട്ട് പ്രതിഷേധക്കാത്തത്. ചോദ്യം ഒന്നേയുള്ളൂ, മുസ്‌ലിങ്ങള്‍ സമ്മതിച്ചാലും ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ ആര്‍.എസ്.എസ് സമ്മതിക്കുമോ?

തിരൂരില്‍ തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാന്‍ ആരൊക്കെയോ സമ്മതിക്കുന്നില്ല എന്ന് പറഞ്ഞ് കൊല്ലാകൊല്ലം ഒരു വിവാദമുണ്ടാകും. ബി.ജെ.പിക്കാരും അനുബന്ധ സംഘടനകളും ഓരോ പത്രസമ്മേളനവും ജാഥയുമൊക്കെ നടത്തും. പ്രതിമ സ്ഥാപിക്കാന്‍ മലപ്പുറത്തുകാര്‍ സമ്മതിക്കുന്നില്ല എന്നതിലാണ് ഫോക്കസ്. ആര് സമ്മതിച്ചില്ല, എപ്പോ സമ്മതിച്ചില്ല എന്നൊന്നും ആരും പറയില്ല.

നൂറുകണക്കിന് അമ്പലങ്ങളും ഡസന്‍ കണക്കിന് ചര്‍ച്ചുകളും അതില്‍ നിറയെ പ്രതിഷ്ഠകളും പ്രതിമകളും ബിംബങ്ങളും, അതൊന്നും പോരാഞ്ഞ് ഗാന്ധിയുടെയും ഇ.എം.എസിന്റെയും മേല്‍പത്തൂരിന്റെയും ശ്രീ നാരായണഗുരുവിന്റെയും പ്രതിമകളുള്ള മലപ്പുറത്ത് ഒരു പ്രതിമ കൂടെ വരുന്നതിനെ ആരെതിര്‍ത്തു എപ്പോഴെതിര്‍ത്തു എന്നൊന്നും ആര്‍ക്കുമറിയില്ല. ആര്‍ക്കാണ് പ്രതിമ വേണ്ടതെന്നും അറിയില്ല. 25 കോടി കാറിന്റെ ഡിക്കിയിലിട്ട് യാത്ര ചെയ്യാന്‍ മാത്രം സാമ്പത്തിക ശേഷിയുള്ള ബി.ജെ.പിക്കാര്‍ രണ്ട് സെന്റ് സ്ഥലം വാങ്ങി അവിടെയൊരു പ്രതിമ സ്ഥാപിച്ച് സായൂജ്യമടയാത്തതെന്താണെന്നും ആര്‍ക്കുമറിയില്ല.

ഇതേ പോലെത്തന്നെയാണ് ഏക സിവില്‍ കോഡിന്റെ കാര്യം. ആര്‍ക്കാണ് വേണ്ടതെന്നും ആര്‍ക്കാണ് വേണ്ടാത്തതെന്നും ആര് നടപ്പാക്കുമെന്നും ആര് നടപ്പാക്കില്ല എന്നുമൊന്നും ആര്‍ക്കും അറിയില്ല. കൊല്ലാകൊല്ലം ഒരു വിവാദമുണ്ടാകും എന്നത് മാത്രം ഉറപ്പ്.

ഏക സിവില്‍ കോഡിനെപറ്റി വലിയ പ്രതീക്ഷ പുലര്‍ത്തുന്നവരും വലിയ ഭീതിയുള്ളവരും ഉണ്ട്. വരുന്നെങ്കില്‍ വരട്ടെ എന്ന് വിചാരിക്കുന്ന കുറെ പേര് വേറെയുമുണ്ട്. പ്രതീക്ഷ വെച്ച് പുലര്‍ത്തുന്നവരില്‍ വലിയൊരു വിഭാഗം നിരന്തരമായ പ്രൊപ്പഗാണ്ട വിശ്വസിച്ച് ജീവിക്കുന്നവരാണ്. അവരുടെ വിശ്വാസത്തില്‍ സംവരണം ഇല്ലാതാകും, നമസ്‌കരിക്കാന്‍ പറ്റാതാകും, എല്ലാവരും ഒരേ വസ്ത്രം ധരിക്കേണ്ടി വരും, മതാചാര പ്രകാരം കല്യാണം കഴിക്കാന്‍ പറ്റില്ല, പള്ളി പണിയാന്‍ പറ്റില്ല എന്നൊക്കെയാണ് ഏക സിവില്‍ കോഡിനെ പറ്റിയുള്ള ധാരണ. പേടിയുള്ളവര്‍ക്കും ധാരണ ഇതൊക്കെ തന്നെ.

ഏക സിവില്‍ കോഡിനെ പറ്റി ഇവരോടോക്കെ വിശദീകരിക്കേണ്ട നേതാക്കള്‍ ഭരണഘടനയും നിര്‍മാണ സഭയും മാര്‍ഗ ദര്‍ശകതത്വങ്ങളും വിശദീകരിച്ച് ഉള്ള ധാരണകള്‍ പിന്നെയും കുഴച്ചുമറിക്കും. ലളിതമായി ഇക്കാര്യം ആരും പറയില്ല. വ്യക്തി നിയമങ്ങള്‍ പേജ് കണക്കിനുണ്ടെങ്കിലും എല്ലാ വ്യക്തി നിയമങ്ങളും മാറി പൊതു നിയമമായാല്‍ പ്രായോഗികമായി ഇത്രയേ സംഭവിക്കൂ- മുസ്‌ലിം സ്ത്രീകള്‍ക്ക് ഇപ്പോഴുള്ള പകുതി പിന്തുടര്‍ച്ചാവകാശം എന്നത് മാറി പുരുഷന് തുല്യമാകും. ഹിന്ദുക്കള്‍ക്ക് ലഭിക്കുന്ന ഹിന്ദു- അണ്‍ഡിവൈഡഡ്- ഫാമിലി ടാക്‌സ് ആനുകൂല്യങ്ങള്‍ ഒന്നുകില്‍ ഇല്ലാതാകും അല്ലെങ്കില്‍ മുസ്‌ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും കൂടി ലഭിക്കും. സ്വവര്‍ഗ വിവാഹം അനുവദിക്കേണ്ടി വരും.

നിയമനിര്‍മാണ സഭകളുടെയും അതിലേക്ക് നമ്മള്‍ തെരഞ്ഞെടുക്കുന്ന ജനപ്രതിനിധികളുടെയും പ്രധാന ജോലിയാണ് നിയമനിര്‍മാണം. ഭരണഘടനയും നിയമങ്ങളുമൊക്കെ ആദ്യമേ സമ്പൂര്‍ണമാണെന്ന് കരുതിയാല്‍ പോലും നിയമങ്ങള്‍ ഇടക്കൊക്കെ മാറ്റം വരുത്തുകയോ കൂട്ടിചേര്‍ക്കുകയോ വേണ്ടി വരും. പ്രധാനമായും രണ്ട് തരത്തില്‍.  ടെക്നോളജിയും ജീവിത സൗകര്യങ്ങളും മാറുമ്പോള്‍ മാറേണ്ട നിയമങ്ങളാണ് ഒന്നാമത്തേത്. മോട്ടോര്‍ വെഹിക്കിള്‍ വരുമ്പോള്‍ ട്രാഫിക് നിയമങ്ങള്‍ വേണം. ആക്‌സിഡന്റുണ്ടായി ആള്‍ക്കാര്‍ മരിക്കാന്‍ തുടങ്ങുമ്പോള്‍ ഇന്‍ഷുറന്‍സ് വേണം, ഇന്റര്‍നെറ്റ് ഉണ്ടാകുമ്പോള്‍ ഐ.ടി നിയമങ്ങള്‍ വേണം തുടങ്ങിയവ ആദ്യത്തേത്.

രണ്ടാമത്തേത് സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ മാറ്റങ്ങള്‍ വരുമ്പോള്‍ വരുത്തേണ്ട നിയമനിര്‍മാണങ്ങള്‍. പ്രധാനമായും മനുഷ്യസമത്വത്തെ കുറിച്ചുള്ള സമൂഹത്തിന്റെ ധാരണകളില്‍ മാറ്റം വരുമ്പോള്‍.

ഉദാഹരണത്തിന് അമേരിക്കന്‍ ഭരണഘടന നിലവില്‍ വന്ന് കാലങ്ങള്‍ കഴിഞ്ഞാണ് അടിമത്തം നിര്‍ത്തലാക്കുന്നത്. അതും കഴിഞ്ഞാണ് സ്ത്രീകള്‍ക്ക് സ്വത്തവകാശം വരുന്നത്, അതും കഴിഞ്ഞാണ് സ്ത്രീകള്‍ക്ക് വോട്ടവകാശം വരുന്നത്, അതും കഴിഞ്ഞാണ് കറുത്തവര്‍ക്ക് വോട്ടവകാശം വരുന്നത്. സ്ത്രീകള്‍ക്ക് ഒരുവിധം അവകാശങ്ങളൊക്കെ നല്‍കിയതിന് ശേഷമാണ് എല്‍.ജി.ബി.ടിക്കാര്‍ക്ക് അവകാശങ്ങളൊക്കെ കിട്ടി തുടങ്ങുന്നത്. ഈയടുത്താണ് അവര്‍ക്ക് വിവാഹം കഴിക്കാനുള്ള അനുവാദം കിട്ടുന്നത്. ഇതിനിടയിലൊക്കെ മാറുന്ന ഒന്നേയുള്ളൂ- സമത്വസങ്കല്‍പം. ആദ്യം വെള്ളക്കാരായ ആണുങ്ങള്‍ സമന്മാരായിരുന്നു എന്നതായിരുന്നു കാഴ്ചപ്പാട്. പിന്നെ അതില്‍ കറുത്ത പുരുഷന്മാര്‍ വന്നു, പിന്നെ സ്ത്രീകള്‍ വന്നു, അവസാനം എല്‍.ജി.ബി.ടിക്കാര്‍ വന്നു. സമത്വം അവസാനിക്കാത്ത ആശയമായത് കൊണ്ട് അതിനിയും മാറും.

ഇന്ത്യയും മറ്റ് രാജ്യങ്ങളുമൊക്കെ ഇതേ പാതയില്‍ തന്നെ, സ്പീഡ് കുറവാണെന്ന് മാത്രം. ഭീകരമായിരുന്നു ഇന്ത്യയിലെ അസമത്വം. സ്ത്രീകളെ ജീവനോടെ ചുട്ടുകൊല്ലുന്ന സതി, അത് മാറിയപ്പോള്‍ വിധവകള്‍ക്ക് പുറത്തിറങ്ങാനോ പുനര്‍വിവാഹം ചെയ്യാനോ ആകാത്ത നിയമങ്ങള്‍, അത് മാറിയപ്പോള്‍ സ്വത്തവകാശവും പിന്തുടര്‍ച്ചാവകാശവും ഇല്ലാത്ത അവസ്ഥ. അടിമത്തത്തേക്കാളും ക്രൂരമായ, താണ ജാതിക്കാരെന്ന് വിളിക്കുന്നവരോടുള്ള അയിത്തം, തൊട്ടുകൂടായ്മ, വിദ്യാഭ്യാസ നിഷേധം, അവര്‍ണനീയമായ ക്രൂരതകള്‍ തുടങ്ങിയവ. ഓരോ സമയത്ത് ഓരോന്ന് മാറി എല്ലാ മനുഷ്യരും തുല്യരാണ് എന്ന ബോധ്യത്തിലേക്ക് നമ്മളും നീങ്ങുന്നു. ഇനിയും ഒരുപാട് ദൂരം ഈ പാതയില്‍ സഞ്ചരിക്കാനിരിക്കുന്നു.

മറ്റ് രാജ്യങ്ങളുടെയും ഭൂഖണ്ഡങ്ങളുടെയും സ്ഥിതിയും ഇതുപോലൊക്കെത്തന്നെ. ഏഴാം നൂറ്റാണ്ടില്‍ തന്നെ സ്ത്രീകള്‍ക്ക് സ്വത്തവകാശവും പകുതിയാണെങ്കിലും പിന്തുടര്‍ച്ചാവകാശവും വിവാഹമോചനവകാശവും നല്‍കിയ അറബികള്‍ അക്കാലത്തെ മാതൃകയാണെന്ന് പറയാം. ഇരുപതാം നൂറ്റാണ്ടില്‍ കാര്യമായ പരിഷ്‌കരണങ്ങള്‍ വരുത്തുന്നതില്‍ വിമുഖത കാണിച്ച അവര്‍ ഇപ്പോള്‍ വൈകിയാണെങ്കിലും മാറ്റങ്ങള്‍ കൊണ്ടുവരുന്നുണ്ട്.

സ്ത്രീകള്‍ക്ക് കാറോടിക്കാനുള്ള അനുവാദവും പുരുഷന്റെ കൂടെയല്ലാതെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യവുമൊക്ക ഈയടുത്താണ് പല അറബി രാജ്യങ്ങളിലും വന്നത്. എല്‍.ജി.ബി.ടി അവകാശങ്ങളുടെ കാര്യത്തിലും മിക്ക രാഷ്ട്രങ്ങളിലും കാര്യമായ പുനര്‍ വിചിന്തനങ്ങള്‍ നടക്കുന്നുണ്ട്. എല്ലാവരും മുന്നോട്ട് നടക്കുന്നു. വേഗത എത്രയുണ്ട് എന്ന ചോദ്യം മാത്രമേയുള്ളൂ.

ഏക സിവില്‍ കോഡിനെ പറ്റിയുള്ള ചര്‍ച്ചയില്‍ ഇതൊക്കെ പറയുന്നത്തിനും ഇതേ കാരണം തന്നെയേയുള്ളൂ- സമത്വം എന്ന ആശയം.

നമ്മുടെ മുന്‍തലമുറ നമ്മുടെ തലമുറക്ക് പരിഹരിക്കാനായി ഒരുപാട് അസമത്വങ്ങള്‍ ബാക്കി വെച്ചിട്ടാണ് പോയത്. അതില്‍ കുറ്റം പറയാനൊന്നുമില്ല, എല്ലാ തലമുറയും അങ്ങനെയാണ്. നമ്മളും ഒരുപാട് പ്രശ്‌നങ്ങള്‍ വരുന്ന തലമുറക്ക് പരിഹരിക്കാന്‍ ബാക്കി വെച്ചിട്ടാണ് പോകുക. ഇന്ത്യ റിപ്പബ്ലിക്കായി ഭരണഘടന പ്രാബല്യത്തില്‍ വന്നതിന് ശേഷവും ഹിന്ദു സ്ത്രീകള്‍ക്കോ ക്രിസ്ത്യന്‍ സ്ത്രീകള്‍ക്കോ പിന്തുടര്‍ച്ചാവകാശമോ വിവാഹമോചനം നേടാനുള്ള അവകാശമോ ഉണ്ടായിരുന്നില്ല. മുസ്‌ലിം സ്ത്രീകള്‍ക്ക് അന്നും പുരുഷന്റെ പാതി അവകാശം ഉണ്ടായിരുന്നു.

പിന്നീട് നെഹ്‌റുവും അംബേദ്കറും മുന്‍കയ്യെടുത്ത് ഹിന്ദു കോഡ് കൊണ്ടുവന്നു, ഹിന്ദു സ്ത്രീകള്‍ക്ക് പിന്തുടര്‍ച്ചാവകാശം നല്‍കി. ക്രിസ്ത്യന്‍ സ്ത്രീകള്‍ പിന്നെയും പതിറ്റാണ്ടുകളോളം പിന്തുടര്‍ച്ചാവകാശമില്ലാതെ ജീവിച്ചു. മേരി റോയ് 1986ല്‍ സുപ്രീംകോടതിയില്‍ നിന്ന് ആ അവകാശം നേടിയെടുക്കുന്നത് വരെ. അപ്പോഴേക്ക് മൂന്നര പതിറ്റാണ്ടോളം കഴിഞ്ഞുപോയിരുന്നു. മുസ്‌ലിം സ്ത്രീകള്‍ അപ്പോഴും പാതി സ്വത്തവകാശവുമായി തുടര്‍ന്നു, ഇന്നും തുടരുന്നു. ഇതില്‍ മാറ്റം വരണമെങ്കില്‍ പക്ഷെ ഏക സിവില്‍ കോഡിന്റെ ആവശ്യമില്ല, ആരെങ്കിലും നല്ലൊരു വക്കീലിനെ വെച്ച് സുപ്രീംകോടതിയില്‍ വാദിച്ചാല്‍ മതി.

മേരി റോയ്

വിവാഹത്തിന് മതരഹിത സംവിധാനം ഇപ്പോള്‍തന്നെ നിലവിലുണ്ട്. കൂടാതെ, പതിനെട്ട് കഴിഞ്ഞ രണ്ടുപേര്‍ക്ക് നിയമപരമായി തന്നെ ഒന്നിച്ചുതാമസിക്കാം എന്ന നിയമം വന്നതോടെ വിവാഹംനിയമ പ്രശ്‌നം എന്നിടത്തുനിന്ന് മാറി ഒരു ധാര്‍മിക പ്രശ്‌നമോ ആചാരമോ ഒക്കെയായി മാറുകയും ചെയ്തു. പണ്ടത്തെ സിനിമകളില്‍ വില്ലന്മാര്‍ പൊലീസിനെ വിട്ട് നായകനെയും നായികയെയും ‘ഇമ്മോറല്‍ ട്രാഫിക്കിന്’ അറസ്റ്റ് ചെയ്യിക്കുന്ന പരിപാടി ഇപ്പോഴില്ല. സ്വത്തവകാശത്തിനും ഇപ്പോള്‍ വിവാഹം നിര്‍ബന്ധമല്ല. വിവാഹേതര ബന്ധത്തിലുണ്ടായ കുട്ടികള്‍ കോടതിയില്‍ പോയാല്‍ ഡി.എന്‍.എ ടെസ്റ്റ് നടത്തി വരാനാണ് ഇപ്പോള്‍ ജഡ്ജിമാര്‍ പറയുന്നത്.

കേരളത്തില്‍ അടുത്തിടെ പ്രമാദമായ കേസില്‍ ഒരു ബിഹാറി സ്ത്രീയുമായി ദുബായില്‍ വെച്ച് വിവാഹേതര ബന്ധത്തിലുണ്ടായ കുട്ടിയുടെ പിതൃത്വം പോലും തെളിയിക്കപ്പെട്ടു. ഡി.എന്‍.എ ഏറ്റവും വിശ്വസിക്കാവുന്ന പിതൃ പരിശോധനയും, വിവാഹം കഴിക്കാതെ ഒന്നിച്ചു ജീവിക്കുന്നവര്‍ക്കുള്ള നിയമ പരിരക്ഷയും ചേര്‍ന്നതോടെ വിവാഹത്തെ സംബന്ധിച്ച നിയമങ്ങള്‍ക്ക് ധാര്‍മികമായ പ്രസക്തിയേ ഉള്ളൂ. ധാര്‍മികത ഓരോരുത്തര്‍ക്കും വ്യത്യസ്തമായിരിക്കും, സ്റ്റേറ്റിന് അതില്‍ കാര്യമൊന്നുമില്ല.

ഇതൊക്കെയാണെങ്കിലും ബഹുഭാര്യാത്വവും ബഹുഭര്‍തൃത്വവും ലോകം ഇപ്പോള്‍ ആശ്വാസ്യമായി കരുതുന്നില്ല. ഭാവിയില്‍ കണ്‍സെന്റോടു കൂടി മൂന്നോ നാലോ പേര് ദമ്പതികളായി ജീവിക്കുന്നത് ആശ്വാസ്യമാണെന്നും വന്നേക്കാം. നിലവില്‍ ബഹുഭാര്യാത്വവും ബഹുഭര്‍തൃത്വവും നിയമവിധേയമല്ലാതാക്കുന്നതില്‍ മുസ്‌ലിങ്ങള്‍ക്കോ മറ്റുള്ളവര്‍ക്കോ (പ്രധാനമായും ആദിവാസി സമൂഹങ്ങള്‍ക്ക്) എന്തെങ്കിലും പ്രശ്‌നമുണ്ടെന്നും തോന്നുന്നില്ല.

ഏതെങ്കിലും കോടതി വലിയ താമസമില്ലാതെ തന്നെ പിന്തുടര്‍ച്ചാവകാശം തുല്യമാക്കുകയും ബഹുഭാര്യാത്വം നിയമവിരുദ്ധമാക്കുകയും ചെയ്യും. മുസ്‌ലിങ്ങള്‍ അതില്‍ പ്രത്യേകിച്ച് ഒരു പ്രതിഷേധവും കാണിക്കുകയില്ല എന്ന് മാത്രമല്ല ചുരുങ്ങിയത് 50 ശതമാനം ഇന്ത്യന്‍ മുസ്‌ലിങ്ങള്‍, അതായത് സ്ത്രീകള്‍, അതില്‍ കാര്യമായി സന്തോഷിക്കുകയും ചെയ്യും. (ഭ്രൂണഹത്യ നടക്കാത്ത സമുദായമായത് കൊണ്ട് ഇപ്പോഴും 50 ശതമാനമാണ് മുസ്‌ലിങ്ങള്‍ക്കിടയില്‍ സ്ത്രീകളുടെ അനുപാതം, അവരേതായാലും സന്തോഷിക്കും, ഇരട്ടി സ്വത്ത് കിട്ടിയാല്‍ സന്തോഷം വരാതിരിക്കാന്‍ മുസ്‌ലിം സ്ത്രീകള്‍ സന്യാസിനികളൊന്നുമല്ലല്ലോ).

ഈ രണ്ട് കോടതിവിധികള്‍ വരുന്നതോടെ മുസ്‌ലിങ്ങള്‍ ഏക സിവില്‍ കോഡിനെ പറ്റി സംസാരിക്കുന്നത് നിര്‍ത്തും, പിന്നെ വന്നാലെന്ത് വന്നില്ലെങ്കിലെന്ത്. അത് കഴിഞ്ഞാണ് ഈ പന്ത് ആര്‍.എസ്.എസിന്റെ കോര്‍ട്ടിലെത്തുന്നത്. അവിടെയാണ് പ്രശ്‌നം തുടങ്ങുന്നതും.

ഏക സിവില്‍ കോഡ് ഉണ്ടാക്കുന്നത് ഭരണഘടന ഉണ്ടാക്കുന്നതിന്റെ ഒരു ചെറിയ പതിപ്പ് തന്നെയാണ്. അംബേദ്കറിനെയും നെഹ്‌റുവിനെയും പോലുള്ള ധൈഷണികര്‍ ലോകത്തിലെ ഏറ്റവും പുരോഗമനമെന്ന് അക്കാലത്ത് കരുതപ്പെട്ട ബ്രിട്ടീഷ്, അമേരിക്കന്‍ ഭരണഘടനകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കൊണ്ടാണ് ഇന്ത്യന്‍ ഭരണഘടന ഉണ്ടാക്കിയത്. ആ ഭരണഘടനകള്‍ ഇപ്പോള്‍ ഒരുപാട് മുന്നോട്ട് പോയിക്കഴിഞ്ഞു. അവരുടെ സിവില്‍ നിയമങ്ങളില്‍ ഇപ്പോള്‍ സ്വവര്‍ഗ വിവാഹം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ നിയമവിധേയമാണ്.

ആര്‍.എസ്.എസ് ആവശ്യപ്പെട്ടിരുന്ന ഹിന്ദു കോഡില്‍ സ്ത്രീകള്‍ക്ക് സ്വത്തവകാശമോ വിവാഹമോചന അവകാശമോ ഉണ്ടായിരുന്നില്ല. ഇക്കാലത്ത് അത്തരം സിവില്‍ നിയമങ്ങള്‍ നടക്കില്ല. മനുസ്മൃതി അനുസരിച്ചുള്ള ജാതി- ലിംഗ വിവേചനങ്ങളൊന്നും ആധുനികകാലത്ത് സാധ്യമല്ല. ഈയടുത്ത് മതപരിവര്‍ത്തനം തടയാനെന്ന പേരില്‍ വിവിധ സംസ്ഥാനങ്ങളില്‍ ചുട്ടെടുത്ത മതേതര വിവാഹങ്ങള്‍ തടയാനുള്ള ബില്ലുകള്‍ മുഴുവന്‍ പുതിയ സിവില്‍ കോഡ് വരുമ്പോള്‍ അസാധുവാകും.

ഏറ്റവും പ്രധാനമായി ഹിന്ദു കൂട്ടുകുടുംബം എന്ന പേരില്‍ ഹിന്ദു ബിസിനസുകാര്‍, പ്രത്യേകിച്ച് ഗുജറാത്തി ബിസിനസുകാര്‍, അനുഭവിക്കുന്ന ടാക്‌സ് ആനുകൂല്യങ്ങള്‍ ഒന്നുകില്‍ നിര്‍ത്തലാവും അല്ലെങ്കില്‍ എല്ലാവര്‍ക്കും ലഭിക്കും. ഖാപ് പഞ്ചായത്തുകള്‍ക്കും ആദിവാസി ഗോത്രങ്ങള്‍ക്കും സംസ്‌കാരങ്ങളും പാരമ്പര്യങ്ങളും സംരക്ഷിക്കണമെന്ന പേരില്‍ ഇപ്പോള്‍ ലഭിക്കുന്ന എല്ലാ പരിരക്ഷകളും ഇല്ലാതാകും.

വിവാഹപ്രായം 21 ആക്കുന്ന നിയമം എങ്ങനെ അട്ടത്തുകയറി എന്നാലോചിച്ചിട്ടുണ്ടോ. മുസ്‌ലിങ്ങള്‍ കാര്യമായി പ്രശ്‌നമൊന്നും ഉണ്ടാക്കിയില്ല, ഉത്തരേന്ത്യന്‍ ഹിന്ദുക്കള്‍ ആര്‍.എസ്.എസിനോട് പ്രതിഷേധിക്കുകയും ചെയ്തു. അതോടെ അതിന്റെ കാര്യം തീരുമാനമായി.

പ്രായോഗികമായി ഏക സിവില്‍ കോഡ് മുസ്‌ലിങ്ങള്‍ക്ക് ഗുണമേ ഉണ്ടാക്കൂ എന്ന് നല്ലൊരു ശതമാനം മുസ്‌ലിങ്ങളും കരുതുന്നുണ്ട്, അതിന്റെ പേരില്‍ ആരും പ്രതിഷേധിക്കാനും പോകുന്നില്ല. ആര്‍.എസ്.എസിനാണെങ്കില്‍ അത്രയും സങ്കീര്‍ണമായ ഒരു നിയമനിര്‍മാണം നടത്താനുള്ള ധൈഷണികതയോ ഭാവനയോ ഇല്ല. അതുകൊണ്ട് തന്നെ ഏക സിവില്‍ കോഡ് തുഞ്ചന്‍ പ്രതിമപോലെ ഒരു വാര്‍ഷിക വിവാദമായി കുറേ പതിറ്റാണ്ടുകള്‍ കൂടി തുടരും. ആര്‍ക്കാണ് വേണ്ടതെന്നോ ആര്‍ക്കാണ് വേണ്ടാത്തതെന്നോ അറിയാതെ.

Content Highlight: Farooq write up on uniform civil code

ഫാറൂഖ്
ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ