സേഫ്റ്റി വാല്‍വുകള്‍ പ്രവര്‍ത്തിക്കാത്ത ഇന്ത്യ
DISCOURSE
സേഫ്റ്റി വാല്‍വുകള്‍ പ്രവര്‍ത്തിക്കാത്ത ഇന്ത്യ
ഫാറൂഖ്
Sunday, 13th February 2022, 7:35 pm

ദൂരെ നിന്ന് കഴുകന്‍ വരുന്നത് ആദ്യം പിടക്കോഴി അറിയുന്നത് പോലെ അപകടങ്ങള്‍ വരുന്നത് പുരുഷന്മാരെക്കാളും മുമ്പേ സ്ത്രീകളറിയും. ജീവശാസ്ത്രപരവും സാമൂഹികവുമായ കാരണങ്ങളുണ്ടതിന്. ഓരോ വളവിലും ഓരോ പുരുഷനിലും ഒരക്രമകാരി ഒളിഞ്ഞിരിക്കുന്നുണ്ടെന്ന പാഠവും പഠിച്ചാണ് ഓരോ പെണ്‍കുട്ടിയും വളരുന്നത്. പ്രത്യേകിച്ച് ഇന്ത്യ പോലെ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളില്‍ ഏറ്റവും മുമ്പില്‍ നില്‍ക്കുന്ന ഒരു രാജ്യത്ത്. പൗരത്വ സമരകാലത്തും ഹിജാബ് സമരകാലത്തും സമരങ്ങളുടെ മുമ്പില്‍ സ്ത്രീകളെ കാണുന്നതിന് കാരണമുണ്ട്. അവര്‍ക്ക് അപകടം മണക്കുന്നുണ്ട്.

കാവി ഷാളും പുതച്ച് തങ്ങള്‍ക്ക് നേരെ പാഞ്ഞടുക്കുന്ന സൈക്കോപാത്തുകളെ കണ്ടാല്‍ സ്ത്രീകള്‍ക്കറിയാം അവര്‍ വരുന്നത് തങ്ങളുടെ ശിരോവസ്ത്രം അഴിപ്പിക്കാനല്ല, ഉടുതുണി അഴിപ്പിക്കാനാണെന്ന്. ഇന്ത്യയില്‍ ഇന്ന് വരെ നടന്നിട്ടുള്ള എല്ലാ കലാപങ്ങളിലും അക്രമികള്‍ ആദ്യം തിരഞ്ഞത് സ്ത്രീ ശരീരങ്ങളെയാണ്.

സൈക്കോപാത്തുകളുടെയും സോഷ്യോപാത്തുകളുടെയും ഫാന്റസികളില്‍ കൊലപാതങ്ങളെക്കാള്‍ കടന്നു വരിക ബലാത്സംഗങ്ങളാണ്. ഇത് വരെ തല്ലിക്കൊല്ലലുകളിലും തല്ലിത്തകര്‍ക്കലുകളിലും മാത്രം അഭിരമിച്ചിരുന്നവര്‍ ഇന്ന് സ്ത്രീ ശരീരങ്ങളെ ലക്ഷ്യമാക്കി കുതിക്കുന്നെങ്കില്‍ അതിനൊരര്‍ത്ഥമേയുള്ളൂ, തങ്ങളുടെ സമയം വന്നു എന്ന് സൈക്കോപാത്തുകള്‍ കരുതുന്നു. സര്‍വശക്തിയുമെടുത്ത് സ്ത്രീകള്‍ പൊരുതുന്നതിന് ഒരര്‍ത്ഥമേ ഉള്ളൂ, തങ്ങള്‍ക്കിനി സമയമില്ല എന്ന് അവരും കരുതുന്നു.

രാജ്യം വലിയൊരു പ്രഷര്‍ കുക്കറാണെന്ന് സങ്കല്പിച്ചാല്‍, കുക്കറിനത്ത് പ്രഷര്‍ കൂടിക്കൂടി വരികയാണ്. ഈ സമയത്താണ് സേഫ്റ്റി വാല്‍വുകള്‍ തുറക്കേണ്ടത്. ഇല്ലെങ്കില്‍ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിക്കും.

എല്ലാ സമൂഹങ്ങളിലും രാജ്യങ്ങളിലും സംഘര്‍ഷങ്ങളുണ്ടാകും. മനുഷ്യരല്ലേ, തട്ടീം മുട്ടീം അങ്ങനെ മുമ്പോട്ട് പോവും. പണ്ടൊക്കെ പല്ലിന് പല്ല് കണ്ണിനു കണ്ണ് എന്ന പോളിസിയൊക്കെ വെച്ച് അക്രമവും യുദ്ധങ്ങളും കലാപങ്ങളുമൊക്കെ നടത്തിയാണ് പ്രശ്‌നങ്ങള്‍ തീരുക. അടുത്ത കാലത്താണ് ജനാധിപത്യമൊക്കെ വന്ന് കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന നിലമാറി ഭരണഘടന, നീതിന്യായ വ്യവസ്ഥയൊക്കെ ഉണ്ടായത്.

ജനാധിപത്യത്തില്‍ പൊട്ടിത്തെറി ഒഴിവാക്കാനുള്ള സേഫ്റ്റി വാല്‍വുകള്‍ ആവശ്യത്തിനുണ്ട്. സിവില്‍ സൊസൈറ്റി, ജുഡീഷ്യറി, രാഷ്ട്രീയ പാര്‍ട്ടികള്‍ ഒക്കെ ഇങ്ങനെയോരോ പ്രഷര്‍ വാല്‍വുകളാണ്. ഏതെങ്കിലും വിഭാഗത്തിന് അനീതി തോന്നി തുടങ്ങിയാല്‍ അല്ലെങ്കില്‍ മറ്റൊരു വിഭാഗത്തിന് ഔന്നത്യം തോന്നി തുടങ്ങിയാല്‍ പ്രഷര്‍ കൂടിത്തുടങ്ങും. ആ സമയത്ത് ഏതെങ്കിലും ഒരു സേഫ്റ്റി വാല്‍വ് തുറക്കും. പൊട്ടിത്തെറി ഒഴിവാകും. അതാണ് രീതി.

ഒരു വിധം പ്രശ്‌നങ്ങളൊക്കെ പൊതുവെ സിവില്‍ സൊസൈറ്റി, പൊതു സമൂഹം, ഇടപെട്ടാല്‍ തീരും. കവികള്‍, സാംസ്‌കാരിക നായകര്‍, സിനിമാക്കാര്‍, സാംസ്‌കാരിക സംഘടനകള്‍, മാധ്യമങ്ങള്‍ ഒക്കെ ബഹളം വച്ചാണ് പൊതുവെ പ്രശ്‌നങ്ങള്‍ തീര്‍ത്തിരുന്നത്. കേരളത്തിന്റെ അടുത്ത കാലം വരെയുള്ള ഉദാഹരണം എടുത്താല്‍ ഒ.എന്‍.വി കുറുപ്പ് ഒരു കവിത ചൊല്ലും, എം.ടി. ഒരു പ്രസ്താവന ഇറക്കും, സുകുമാര്‍ അഴിക്കോട് എല്ലാരും വീട്ടി പോടാ എന്ന രീതിയില്‍ ഒരു പ്രസംഗം നടത്തും. സമൂഹത്തില്‍ കുറെ പേര്‍ക്ക് ഉയര്‍ന്ന നീതിബോധവും സ്വഭാവഗുണവും ഉണ്ടെന്ന് പൊതുവെ എല്ലാവരും വിശ്വസിക്കുകയും അവര്‍ക്കുള്ള സ്വീകാര്യത മൂലം ആളുകള്‍ അവര്‍ പറയുന്നത് അംഗീകരിക്കുകയും ചെയ്യുന്നതിലൂടെ വരുന്നതാണത്.

വിഭജനത്തിന്റെ നാളുകളില്‍ മൌണ്ട് ബാറ്റണ്‍ അതിര്‍ത്തിയില്‍ രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ പട്ടാളത്തെ മുഴുവന്‍ ഒരു ഭാഗത്തേക്കും ഗാന്ധിജിയെ ഒറ്റക്ക് മറ്റൊരു ഭാഗത്തേക്കും അയക്കാന്‍ തീരുമാനിച്ച കഥ സ്വാതന്ത്ര്യം അര്‍ദ്ധ രാത്രിയില്‍ എന്ന പുസ്തകത്തില്‍ വിവരിക്കപ്പെടുന്നുണ്ട്. ഗാന്ധിജിയുടെ സ്വീകാര്യത മൂലം അദ്ദേഹം പറയുന്നത് ആളുകള്‍ കേള്‍ക്കും എന്ന മൌണ്ട് ബാറ്റന്റെ വിശ്വാസമായിരുന്നു അതിന് പിന്നില്‍, അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍ ശരിയായിരുന്നു എന്ന് കാലം തെളിയിക്കുന്നുണ്ട്.

രണ്ടോ മൂന്നോ ആഴ്ചകള്‍ കഴിഞ്ഞു, അഞ്ചാറു പെണ്‍കുട്ടികള്‍ തങ്ങള്‍ക്കു മുമ്പില്‍ കൊട്ടിയടക്കപ്പെട്ട ഗേറ്റിനു മുമ്പില്‍ ഇരിക്കുന്ന പരിതാപകരമായ ചിത്രം പുറത്തുവന്നിട്ട്. ഏതൊരു പരിഷ്‌കൃത രാജ്യത്തും ജനങ്ങള്‍ ആ കുട്ടികള്‍ക്ക് വേണ്ടി തെരുവിലിറങ്ങാന്‍ രണ്ടു ദിവസമേ വേണ്ടതുള്ളൂ. പരിഷ്‌കാരികളായ ഇന്ത്യക്കാര്‍, പൊതുസമൂഹം എന്ന നിലയില്‍ എന്താണ് ചെയ്തത്, നമ്മള്‍ തര്‍ക്കിച്ചു, ചര്‍ച്ച ചെയ്തു, ഡിബേറ്റ് നടത്തി.

എന്താണിവിടെ തര്‍ക്കിക്കാണുള്ളത്, ആദ്യം കുട്ടികളെ വെയിലത്തു നിര്‍ത്താതെ ക്ലാസ്സില്‍ കയറ്റൂ, അതിന് ശേഷം തര്‍ക്കിക്കാം എന്നാരും പറഞ്ഞില്ല. ഇന്നസെന്റ് അഭിനയിച്ച ഒരു സിനിമാ രംഗം ഓര്‍മ വരുന്നു. മരിക്കാന്‍ പോകുന്ന ഇന്നസെന്റിന് ഒരു പഴം തിന്നണം. പഴം തിന്നാല്‍ ഷുഗര്‍ കൂടില്ലേ എന്ന് കെ.പി.എ.സി ലളിത. പിന്നെ കുറെ നേരം തര്‍ക്കമാണ്. ഈ തര്‍ക്കം പോലെയാണ് ആ തര്‍ക്കം.

നമ്മള്‍ സ്‌കൂളില്‍ പഠിച്ച പോലെ ഇന്ത്യയുടെ വൈവിധ്യം ഭാഷയിലും വേഷത്തിലും മാത്രമല്ല. അന്ധവിശ്വാസത്തിലും അനാചാരത്തിലും പ്രാകൃതത്വത്തിലുമൊക്കെയുണ്ട്. പശു മൂത്രമൊഴിക്കുന്നത് കാത്തു നില്‍ക്കുന്ന സ്ത്രീകളെയും പുരുഷന്മാരെയും ബാംഗ്ലൂരിലും ബോംബെയിലുമൊക്കെ കാണാം, വേറൊന്നിനുമല്ല, ഫ്രഷ് ആയിട്ട് മൂത്രം കുടിക്കാനാണ്. പശു മൂത്രം പോകട്ടെ, സ്വന്തം മൂത്രം കുടിക്കുന്നവര്‍ പോലും ആവശ്യത്തിനുണ്ട് ഇന്ത്യയില്‍.

ഉടുതുണിയില്ലാതെ നൂറുകണക്കിനാളുകള്‍ കൂട്ടമായി പോകുന്നത് ഗംഗാ സമതലത്തിലെ സ്ഥിരം കാഴ്ചയാണ്, അവര്‍ നടന്നു പോകുമ്പോള്‍ അവരുടെ നഗ്‌നതയെ തൊഴുന്ന നാട്ടുകാരെയും കാണാം. ഇതിന്റെയൊക്കെ ചിത്രങ്ങള്‍ ലോകം മുഴുവന്‍ വീണ്ടും പ്രചരിക്കാന്‍ തുടങ്ങിയിട്ടുണ്ട്, മനപൂര്‍വം നാറ്റിക്കാന്‍ ദേശദ്രോഹികള്‍ ചെയ്യുന്നതാണ്.

നഗ്നനായി നിയസഭയിലിരുന്നവരുണ്ട്, ദേവദാസികളുണ്ട്. കല്യാണം കഴിക്കുന്നവരുണ്ട്, കഴിക്കാത്തവരുണ്ട്. മീശ വച്ച് താടി വടിക്കുന്നവരുണ്ട്, താടിവച്ചു മീശ വടിക്കുന്നവരുണ്ട്, ജീവിതം മുഴുവന്‍ സ്വകാര്യ ഭാഗങ്ങളിലെ രോമങ്ങള്‍ വരെ വടിച്ചു കളയാത്തവരുണ്ട്. തൊപ്പിക്കാരുണ്ട്, തലേക്കെട്ടുകാരുണ്ട്, തല മറക്കുന്നവരുണ്ട്, മറക്കാത്തവരുണ്ട്. ഇതൊക്കെ നല്ലതാണെന്ന് കരുതുന്നവരുണ്ട്, അല്ലാത്തവരുമുണ്ട്.

നമ്മള്‍ ചെയ്യുന്നതൊക്കെ പരിഷ്‌കാരവും ബാക്കിയുള്ളവര്‍ ചെയ്യുന്നത് പ്രാകൃതവും എന്ന് കരുതുന്ന കുഞ്ചനെ പോലുള്ള പരിഷ്‌കാരികളുമുണ്ട്. നമ്മള്‍ പരിഷ്‌കാരികളാണെന്ന് നമ്മള്‍ പറയുമെങ്കിലും ഇന്ത്യക്കാര്‍ വളരെ പ്രകൃതരാണ് എന്നാണ് പാശ്ചാത്യ ലോകത്തിന്റെ പൊതു ധാരണ. വളരെ സാധാരണമെന്ന് നമ്മള്‍ കരുതുന്ന അര്‍റേന്‍ജ്ഡ് മാര്യേജ് പോലും അപരിഷ്‌കൃതവും പാട്രിയാര്‍ക്കിയും സ്ത്രീവിരുദ്ധവുമാണ് എന്ന് വിശ്വസിക്കുന്നവരാണ് ലോകം മുഴുവന്‍, വസ്തുവിന്റെയും ജ്യോതിഷത്തിന്റെയുമൊക്കെ കാര്യം പറയാനുമില്ല.

ഇതൊക്കെ അങ്ങനെ നടന്നോട്ടെ എന്നും ചര്‍ച്ച ചെയ്യേണ്ടതില്ല എന്നൊന്നുമല്ല. ഈ കോളത്തില്‍ പല തവണ എഴുതിയ വിഷയങ്ങളിലൊന്നാണ് വ്യക്തികളും സമൂഹങ്ങളും മതങ്ങളുമൊക്കെ നിരന്തരം പരിഷ്‌കരിക്കേണ്ടതിന്റെ ആവശ്യകത. എന്നാലും, കുട്ടികളെ ഗേറ്റിനു പുറത്ത് വെയിലത്തു നിര്‍ത്തിയാണോ ഇതൊക്കെ ചര്‍ച്ച ചെയ്യുന്നത്, എല്ലാത്തിനും ഒരു സമയമില്ലേ, ഒരു മര്യാദ വേണ്ടേ.

രാഹുല്‍ ഈശ്വറിനെയും പണിക്കരെയും പോലുള്ള പ്രൊഫഷണല്‍ ഡിബേറ്റര്‍മാരെ വച്ചു ഈ സമയത്ത് മുസ്ലിം പെണ്‍കുട്ടികളെ പരിഷ്‌കരിക്കാന്‍ ഡിബേറ്റ് നടത്തുന്ന നമ്മുടെ ടെലിവിഷന്‍കാരെ താരതമ്യം ചെയ്യാന്‍ ഗീബല്‌സിന്റെ റേഡിയോ സ്റ്റേഷനുകളേയുള്ളു. ഓര്‍ത്തഡോക്‌സ് ജൂതന്മാര്‍ തൊപ്പി വെക്കുന്നതും തല മറക്കുന്നതും ഹിറ്റ്‌ലര്‍ നിരോധിച്ചപ്പോള്‍ തല മറക്കുന്നത് എത്രത്തോളം അപരിഷ്‌കൃതമാണ് എന്ന് ചര്‍ച്ച ചെയ്യുകയായിരുന്നു ഗീബല്‌സിന്റെ കീഴിലുള്ള റേഡിയോ സ്റ്റേഷനുകള്‍.

 

ഇതൊന്നും പുതിയതല്ല. ഈ സമയത്തും വര്‍ഗീയത വിളമ്പി കാശുണ്ടാക്കുന്ന യൂട്യൂബ്കാരെ പറ്റി പറയുന്നില്ല. മനുഷ്യരില്‍ അധഃപതിച്ചവരില്‍ അധഃപതിച്ചവര്‍ ശവത്തിന്റെ വസ്ത്രം മോഷ്ടിക്കുന്നവര്‍ (കഫന്‍ ചോര്‍) ആണെന്ന് മഹാനായ എഴുത്തുകാരന്‍ മന്റോ പറയുന്നുണ്ട്. അതിലും അധഃപതിച്ചവരാണ് ഈ യൂട്യൂബുകാര്‍.

സിവില്‍ സൊസൈറ്റി – സാംസ്‌കാരിക നായകന്മാര്‍, എഴുത്തുകാര്‍, എഡിറ്റര്‍മാര്‍, ചാനലുകള്‍, പത്രങ്ങള്‍ ഒക്കെ – ഇങ്ങനെ തര്‍ക്കിച്ചു തര്‍ക്കിച്ചു രസിക്കുമ്പോള്‍ പിന്നെയുള്ള സേഫ്റ്റി വാല്‍വ് എന്ന് പറഞ്ഞാല്‍ കോടതികളും രാഷ്ടീയ പാര്‍ടികളുമൊക്കെയാണ്. കോടതികളുടെ കാര്യം എല്ലാവര്‍ക്കും അറിയാവുന്നത് കൊണ്ട് വിശദീകരിക്കുന്നില്ല. പക്ഷെ രാഷ്ട്രീയ പാര്‍ട്ടികളെ പറ്റി പറയാതെ വയ്യ.

ട്വിറ്ററാണ് രാഷ്ട്രീയ നേതാക്കളുടെ കളിസ്ഥലം. ഒരു ട്വീറ്റ് ഇട്ടാല്‍ എല്ലാമായി. നിങ്ങളുടെ പാര്‍ട്ടി ഒന്നും ചെയ്തില്ലല്ലോ എന്ന് ചോദിച്ചാല്‍ അനുയായികള്‍ ഒരു ട്വീറ്റ് കാണിച്ചു തരും. രാഹുല്‍ ഗാന്ധിയും പ്രിയങ്കയും എവിടെയും തൊടാതെ എങ്ങനെ വേണമെങ്കിലും വായിച്ചോട്ടെ എന്ന മട്ടില്‍ ഓരോ ട്വീറ്റ് ഇട്ടിട്ടുണ്ട്. അവരുടെ ഉത്തരവാദിത്വം കഴിഞ്ഞു. യെച്ചൂരിയുടെ കുറച്ചൂടെ നേരെ ചൊവ്വേയുള്ള ഒരു ട്വീറ്റ് ഉണ്ട്. മുസ്ലിങ്ങള്‍ ജയിപ്പിക്കാന്‍ പ്രാര്‍ത്ഥിക്കുന്ന അഖിലേഷ് അത് പോലും ചെയ്തിട്ടില്ല. പി.ആര്‍. ഏജന്‍സികളെ കൊണ്ട് ചെയ്യിക്കുന്ന ട്വീറ്റുകള്‍ രാഷ്ട്രീയ പ്രചാരണമാണെന്നും, രാഷ്ട്രീയ പ്രവര്‍ത്തനവും രാഷ്ട്രീയ പ്രചാരണവും തമ്മില്‍ വ്യത്യാസം ഉണ്ടെന്നും അറിയാത്തവരായിരിക്കുമോ നമ്മുടെ നേതാക്കള്‍.

ഒബാമ പാട്ടു പാടുന്നത് കണ്ടിട്ടുണ്ടോ നിങ്ങള്‍. യൂട്യൂബില്‍ പരതിയാല്‍ കാണാം. 2015 ല്‍ ഒരു വെള്ള വംശീയ വാദിയുടെ വെടിയേറ്റ് കറുത്ത വര്‍ഗക്കാര്‍ കൊല്ലപ്പെട്ട ഒരു സംഭവമുണ്ടായി ചാര്‍ലെസ്റ്റന്‍ എന്ന അമേരിക്കന്‍ നഗരത്തില്‍. ഒബാമ അവിടെ പോയി. അവരുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. കറുത്തവരുടെ ചര്‍ച്ചില്‍ വച്ച് ‘അമേസിംഗ് ഗ്രേസ്’ പാടി. അങ്ങനെ ചെയ്താല്‍ ഭൂരിപക്ഷം വരുന്ന വെള്ളക്കാര്‍ വോട്ട് ചെയ്യുമോ എന്ന് ഒബാമ ചിന്തിച്ചില്ല.

ഒബാമയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും തിളക്കമേറിയ ദിവസങ്ങളിലൊന്നായിരുന്നു അത്. ഒബാമ മാത്രമല്ല, ന്യൂനപക്ഷങ്ങള്‍ക്ക് ആത്മവിശ്വാസം കൊടുക്കാന്‍ പരിഷ്‌ക്കൃത രാജ്യങ്ങളിലെ നേതാക്കന്മാര്‍ മുഴുവന്‍ ഇങ്ങനെ ചെയ്യാറുണ്ട്. ന്യൂസിലന്‍ണ്ട് പ്രധാനമന്ത്രിയും ജര്‍മന്‍ ചാന്‌സലറുമൊക്കെ ചെയ്തിട്ടുണ്ട്. പ്രതിപക്ഷത്തെ നേതാക്കള്‍ പ്രത്യേകിച്ച് ഇതുപോലത്തെ സന്ദര്‍ഭങ്ങളില്‍ ഓടിയെത്തും. അല്ലെങ്കില്‍ അവര്‍ നേതാക്കളല്ല.

ഇന്ത്യയില്‍ നിരവധി പശു-തല്ലിക്കൊല്ലലുകളുണ്ടായി. ഇന്ന് വരെ രാഹുലോ, യെച്ചൂരിയോ, അഖിലേഷോ മറ്റാരെങ്കിലുമോ ഒരു സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തതായി നമുക്കറിയില്ല. ലോക്‌സഭയില്‍ രണ്ടു സീറ്റുകള്‍ക്ക് അകലെ മാത്രം ഇരിക്കുന്ന ഒവൈസിക്ക് നേരെ വെടിവെപ്പുണ്ടായിട്ട് ഒരാള്‍ പോലും അദ്ദേഹത്തെ സന്ദര്‍ശിച്ചു ഞങ്ങള്‍ കൂടെയുണ്ട് എന്ന് പറഞ്ഞില്ല. ആറു പെണ്‍കുട്ടികളെ മൂന്നാഴ്ചയോളം കൊട്ടിയടക്കപ്പെട്ട ഗേറ്റിനു വെളിയില്‍ വെയിലത്തിരുത്തിയിട്ടും അവരെ സന്ദര്‍ശിക്കാന്‍ ഒരു നേതാവുമുണ്ടായില്ല. അവരെത്രത്തോളം അപരിഷ്‌കൃതര്‍ വേണമെങ്കിലും ആയിക്കോട്ടെ, സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളല്ലേ എന്നവര്‍ക്ക് ചിന്തിക്കാമായിരുന്നു. രാഹുല്‍ ഗാന്ധിയോ യെച്ചൂരിയോ ഒരു മണിക്കൂര്‍ ആ കുട്ടികളുടെ കൂടെ ഇരുന്നിരുന്നെങ്കില്‍ ഈ പ്രശ്‌നം അന്നേ തീര്‍ന്നേനെ.

എന്തൊക്കെ ചെയ്താല്‍ ആരൊക്കെ വോട്ട് ചെയ്യും ചെയ്യില്ല എന്ന് കണക്കുകൂട്ടിയിരിക്കുന്ന പ്രൊഫഷണല്‍ പ്രതിപക്ഷ നേതാക്കള്‍ ഏതൊരു ഫാസിസ്‌റ് ഭരണകൂടത്തിനും വലിയ മുതല്‍കൂട്ടാണ്. തങ്ങളും ജനാധിപത്യക്കാരാണ് എന്ന് വിദേശികള്‍ക്ക് കാണിച്ചു കൊടുക്കാന്‍ നല്ലൊരു ഷോപീസ് ആയി ഇവരെ ഉപയോഗിക്കാം. ലോക്‌സഭയില്‍ ഇവരെ കൊണ്ട് ഒരു വാര്‍ഷിക പ്രഭാഷണം നടത്തിച്ചു അത് വൈറലാക്കാം. സമദാനി നോമ്പ് കാലത്തു നടത്തുന്ന പാതിരാ പ്രഭാഷണവും ഇവര്‍ ലോക്‌സഭയില്‍ നടത്തുന്ന വാര്‍ഷിക പ്രഭാഷണവും തമ്മില്‍ കാര്യമായ വ്യത്യാസമൊന്നുമില്ല. കേള്‍ക്കുമ്പോള്‍ കാതിനൊരിമ്പം, പിറ്റേന്ന് നേരം വെളുക്കുമ്പോള്‍ പറഞ്ഞയാള്‍ക്കും കേട്ടയാള്‍ക്കും ഓര്‍മയുണ്ടാകില്ല പറഞ്ഞതെന്താണെന്നും കേട്ടതെന്താണെന്നും.

രാഷ്ടീയ പാര്‍ട്ടികളും സിവില്‍ സൊസൈറ്റിയും ഇടപെട്ടില്ലെങ്കില്‍ മുസ്‌ലിങ്ങള്‍ സ്വയം ഉള്‍വലിയും, സ്വന്തം കാര്യം നോക്കണം എന്ന തോന്നല്‍ വരും. ഒരു രാജ്യത്തിന് ഒട്ടും അഭികാമ്യമല്ല അത്തരം ഒരു സാഹചര്യം. ജര്‍മനിയിലെ ജൂതന്മാരെ പോലെ ചെറിയ ഒരു സമൂഹമല്ല ഇന്ത്യന്‍ മുസ്‌ലിങ്ങള്‍. ഇരുപത് കോടിയോളം വരുന്ന, ലോകത്തിലെ മിക്ക രാജ്യങ്ങളിലെ ജനസംഖ്യയെക്കാളും വലിയൊരു ജനസമൂഹമാണവര്‍. അവരുടെ ഒറ്റപ്പെടല്‍ രാജ്യത്തെ മൊത്തത്തില്‍ തകര്‍ക്കും. ഇപ്പോള്‍ തന്നെ ആവശ്യത്തിന് പ്രശ്നങ്ങളുണ്ട് ഇന്ത്യയില്‍, സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും വലിയ തൊഴിലില്ലായ്മയാണിപ്പോള്‍ രാജ്യത്ത്.

തുടക്കത്തില്‍ പറഞ്ഞപോലെ, എല്ലാവര്‍ക്കും മനസ്സിലാകുന്നുണ്ട് ഈ ചാട്ടം എങ്ങോട്ടാണെന്ന്. ആദ്യം വലിയ വളയത്തിലൂടെ ചാടാന്‍ പറയും. ബീഫ് ജിഹാദ്. വളയം ചെറുതാകും. ലവ് ജിഹാദ്. പിന്നെയും ചെറുതാകും. ഹലാല്‍ ജിഹാദ്. വളയം വീണ്ടും ചെറുതാകും. യൂണിഫോം ജിഹാദ്. പിന്നെ വളയം വേണ്ട. മുസ്ലിമായാല്‍ മതി, തല്ലിക്കൊല്ലാനുള്ള കാരണമായി. യൂണിഫോമൊന്നും ഒരു കാരണമല്ല എന്ന് എല്ലാവര്‍ക്കും അറിയാം. കന്യാസ്ത്രീകള്‍ തിരുവസ്ത്രവും സിക്കുകാര്‍ തലപ്പാവും ഹിന്ദു ആണ്‍കുട്ടികള്‍ കറുത്ത മുണ്ടും ധരിച്ച് നമ്മുടെ സ്‌കൂളുകളിലും കോളേജുകളിലും കാലങ്ങളായി വരുന്നുണ്ട്.

തുടക്കത്തില്‍ പറഞ്ഞ പോലെ, ഇതാണ് സമയമെന്ന് അക്രമികള്‍ക്കും ഇനി സമയമില്ല എന്ന് അക്രമിക്കപെടുന്നവര്‍ക്കും തോന്നുന്ന സമയമായി. പ്രെഷര്‍ കൂടി കൂടി വരികയാണ്. സേഫ്റ്റി വാല്‍വുകള്‍ മുഴുവന്‍ തുറക്കപ്പെടേണ്ട സമയമാണ്. സിവില്‍ സൊസൈറ്റി, രാഷ്ട്രീയ പാര്‍ട്ടികള്‍, മാധ്യമങ്ങള്‍, ജുഡീഷ്യറി ഒക്കെ ഇനിയും ഉണര്‍ന്നില്ലെങ്കില്‍ അടുത്ത ഇരുപത്തഞ്ചു വര്‍ഷത്തേക്ക് നമ്മുടെ എല്ലാവരുടെയും കാര്യം ഒരു തീരുമാനമാകും.

Content Highlights: Farook’s article about hijab ban controversy

ഫാറൂഖ്
ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ